എമര്‍ജിംഗ് കേരള
ബൈജു ആവള
ജഢാജീര്‍ണവികാരങ്ങള്‍
തപത്താലുറച്ചമണ്ണില്‍
വീണ്ടും പറന്നെത്തി ഒരു കിളി
ഉണരാന്‍ വിളിച്ചേറെ വിറളിപൂണ്ട്
കാടും നാടും പുഴയും പൂങ്കാവനവും
ആ കഴുകന്‍ കിളികണ്ണാല്‍
മുത്തിനീലിച്ചതിന്‍ പൊരുള്‍
റാഞ്ചാന്‍ കടന്നെത്തും
പുലരിയില്‍ ഉണരണേ
നൃത്തമാടി കുഴഞ്ഞൊരു
പട്ടുമെത്ത മുത്തുന്ന
‘വേളി’രാവൊരുക്കുന്ന
നഗ്നനാരീ സത്രം
കിനാവുകണ്ടുണരുന്ന
സദാചാര പുരകളില്‍
ഒരു തൂവല്‍ ചുവരെഴുത്തിങ്ങനെ
ഉണരുന്നു കേരളം
മധുനുണഞ്ഞൊരു
മദിരാക്ഷി പുളയുന്ന
ചൂടിന്റെ - ചൂളതാളത്തിലൊഴുകുന്ന
തോണിയില്‍ യാത്ര പോകാനൊരുങ്ങും
മന്ത്രിപുംഗവന്‍മാര്‍
ഉപ്പും, ഉപ്പുകൊട്ടയും വിറ്റ്
ഉപ്പുവാങ്ങാനുള്ള കരാറുമായി
തിരിച്ചെത്തുമ്പോഴേക്കും
ഉണരുന്ന ഭൂമിയുടെ ആകാശങ്ങളില്‍
പറവ വീശിയ വലക്കാഴ്ചയില്‍
കണ്ണുടക്കി വീഴരുതേ
കൊല്ലം കണ്ടവന് ഇല്ലം
തീറെഴുതി കൊടുക്കേണ്ടി വരും
കൊച്ചി കണ്ടവന് അച്ചിയും അപ്പനും
അന്യമാവുന്ന നാള് വന്നേക്കും
നമ്മുടെ ഭൂമിയും നമ്മുടെ ആകാശവും
വെള്ളാരം കണ്ണുകളാല്‍
അളന്ന് പകുത്തെടുക്കുമ്പോള്‍
നിലവറയിലെ എ ബ്ളോക്കും ബി ബ്ളോക്കും
തുറന്നുകാണാനുള്ള
പൂച്ചകണ്ണന്‍മാരുടെ അക്രാന്തബുദ്ധിയില്‍
വാലുചുരുട്ടി വീണുപോയവര്‍
വിളിച്ചുപറഞ്ഞു
എമര്‍ജിംഗ് കേരള.

ജ്വാലാമുഖി
കെ വി സുമിത്ര
ചന്ദന വിതായത്തിലൊരു
അസ്തമയ സൂര്യന്‍
ഹരിതാംഭരച്ചുംബിതമായി
ബാലനേത്രോല്‍പ്പന്നങ്ങള്‍
ദൂരെയെങ്കിലും എത്രയോയരികിലായി
എഴുതാപ്പുറ വാക്ക്മുനയില്‍
ഹേ സൂര്യ ! നീ ജ്വലിക്കുമെന്നില്‍
നിത്യനാം നിരാമയന്‍ !
കാറ്റിലിടറിയൊഴുക്കും മുനിവാക്യം :
‘ഉള്ളിലാശിക്കും പുരുഷതേജസ്
രാജസായുള്ളില്‍ക്കൊരുക്കും
പുത്രജന്മവേഗം’
ഞാനറിയാതല്ലോ
സൂര്യ ഞാന്‍ നിന്‍
പ്രണയിനിയായി
സ്വീകരിക്കു എന്‍
ആദ്യപ്രണയ ജ്വരം !
കഴിഞ്ഞിതല്ലോ?
ആവേശത്തിര കെട്ടടങ്ങിയല്ലോ ?
അറിയാത്തെതെന്തു വഴികള്‍
നിന്‍ വന്യവനാന്തര പൌരുഷങ്ങള്‍ !!
അഹമേ കനിയും നിന്‍ സ്നേഹഫലം
പോലോരുണ്ണി തേജസ്വി
ഉജ്ജ്വല ശാരീരത്തോടെയവന്‍
വിളിച്ചുവല്ലോ എന്നെ
‘അമ്മേ !’ എന്ന ആദ്യപദം
ഞാനമ്മയോ പ്രണയിനിയോ
ആരിതുവെന്നറിയാതെ
അതേ, അറിയാത്തവള്‍
ഒന്നും തിരിയാത്തവള്‍..,
മഹാപ്രപഞ്ച സത്യമതാണ് :
ഇതെന്റെ ഉണ്ണി,
എന്‍ ആദ്യ കൌതൂഹലത്തില്‍
പിറന്നവന്‍
പിറന്നയുടന്‍ എന്‍ ചൂട് വിട്ടവന്‍
എന്‍ ഉണ്മയില്‍
വിസ്മയത്തില്‍ മഹാപാപപിഴയില്‍
ജനിച്ചതിന്‍ പേരില്‍
ഊരറിയാതെ നാടുകടത്തിയവന്‍
പിന്നീടുള്ള ഓരോ ചുവടിലും
ഓരോ ദുഃഖകാണ്ഡത്തിലും
നിന്റെ വിളിയെന്നെ
തളച്ചുവല്ലോ ഉണ്ണി
ഞാനേക നിസ്വനയാം
നിന്നമ്മ !!
കാത്തു കാത്തു നടന്നു
വാനപ്രസ്ഥാന സഞ്ചാരങ്ങള്‍
ശുഷ്ക്കമാം ദാമ്പത്യരുചിഭേദങ്ങള്‍
ഉള്ളിലഗ്നിക്കെടുത്തി,
യൊളിച്ച്, വെച്ച് ഞാന്‍
ധര്‍മ, ശിഷ്ട ജീവിതവ്രതം
സൂര്യനപ്പോഴും അരൂപിയായി
പേര്‍ത്തു ചിരിച്ചുവോ പഴയ
നിഷ്കളങ്ക പ്രണയിനിയെ
അറിയാം, ഒരിക്കലറിഞ്ഞാല്‍
വിട്ടകന്നു പോവാത്ത
നിന്‍ ജ്വാലാമുഖികളെ
ദീപ്ത കാന്തങ്ങളെ
നിന്നില്‍ നിറയുന്ന സര്‍വസാരങ്ങളെ
.

മൃതാലയം
ഷിയാസ്

ഇത്തിരിപ്പോന്ന കുഴിമാടത്തില്‍
എന്നെ കുഴിച്ചിട്ട് വെള്ള പുതപ്പിച്ച്
ചരിച്ചു കിടത്തി
മണ്ണുവാരി മുഖത്തെറിഞ്ഞ്
ചെങ്കല്ല് നാട്ടി
കമ്പൊടിച്ച് കാല്ക്കല്‍ കുത്തി
യാത്ര പറഞ്ഞ്
മടങ്ങിപ്പോയവരെ..,
ഒരു പൂജ വിളക്കിലും
തിരിയായി ഞാനിനി തെളിയില്ല
ഒരു തിരു നെറ്റിയിലും
സിന്ദൂരമായി ഞാനിനി വിളങ്ങില്ല
ഒരാല്‍ തറയിലും
ഭാണ്ടമിറക്കി ഞാനിനി ഉറങ്ങില്ല .
ഒരായുസ്സില്‍
എന്റെ ചങ്കില്‍ തറച്ച മുള്ളുകള്‍
എന്നെ തിന്നു തീര്‍ത്ത
പുഴുക്കളുടെ പുറ്റുകളില്‍
ഞാനൊളിച്ചു വെക്കും
ഒരിക്കലും കരയാതെ
ഞാന്‍ കാത്തു വച്ച കണ്ണുനീര്‍ കടലില്‍
ആ പുഴുപ്പുറ്റുകള്‍ നിങ്ങളെ തേടി
ഒഴുകി നടക്കും .
അന്ന്
പുനര്‍ജന്മ സമസ്യയുടെ
ചുരുളുകള്‍ നിവര്‍ത്താന്‍ കഴിയാതെ
പൌരോഹിത്യം മുങ്ങി മരിക്കുന്നത്
ഞാന്‍ കാണും
അപ്പോഴും
തുടിക്കുന്ന എന്റെ ഹൃദയം
ഭൂമിയിലേക്കുള്ള വഴികള്‍
തേടിക്കൊണ്ടേയിരിക്കും
കാല്‍ക്കല്‍ കുത്തിയ
കൊമ്പില്‍ പൂത്ത പൂക്കളിലൂടെ
ഞാന്‍ നിങ്ങളെ കണ്ടുകൊണ്ടേയിരിക്കും.
