കൂടങ്കുളം, നരവേട്ട അരുത്!!
സുഗതകുമാരി
![]() |
|
അധികാരത്തിന്റെ നിലനില്‍പുമാത്രം ലാക്കാക്കി ജനാധിപത്യത്തെ കുരുതികൊടുക്കുന്ന മനോഭാവം ഇനിയും ഇവിടെ ഉണ്ടാവാന്‍ പാടില്ല. അധികാരത്തിന്റെ ഹുങ്കില്‍ ജനവികാരങ്ങള്‍ക്കു മേല്‍ ആധിപത്യം പുലര്‍ത്താമെന്ന വ്യാമോഹങ്ങള്‍ ലോകമാകെ കടപുഴക്കിയെറിയപ്പെടുന്ന കാലത്ത് സ്വന്തം ജനതക്കെതിരായ ഈ പടപ്പുറപ്പാട് സഹതാപാര്‍ഹമാണ്. ലോകം ജനാധിപത്യത്തിലേക്കു കൂടുതല്‍ ഉള്ളുതുറക്കുന്ന ഈ കാലത്തരം തുരുമ്പെടുത്ത നിലപാടുകള്‍ ഉപേക്ഷിക്കുന്നതല്ലേ നല്ലത്. |
ഈ ഊര്‍ജപദ്ധതിയുടെ മേല്‍ പ്രദേശവാസികള്‍ ഉയര്‍ത്തുന്ന ന്യായമായ ആശങ്കകള്‍ ദൂരീകരിക്കാനോ അതിനെ ലഘൂകരിക്കാനുതകുന്ന പരിഹാരമാര്‍ഗങ്ങള്‍ മുന്നോട്ടുവെക്കാനോ ഭരണകൂടം ഇതുവരെ തയാറായിട്ടില്ല. ഏതു വിധേനയും പ്ളാന്റില്‍ ഉല്‍പാദനം തുടങ്ങിയേ അടങ്ങൂ എന്ന വാശിയിലാണവര്‍. അതിനുവേണ്ടി പ്രതിഷേധത്തെ നിര്‍വീര്യമാക്കാനുള്ള കുറുക്കന്റെ കൌശലമാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. സമരരംഗത്തുള്ളവരെ കായികമായും ധാര്‍മികമായും തകര്‍ക്കുന്ന ആസൂത്രിതമായൊരു ജനവിരുദ്ധ യുദ്ധമുഖം തന്നെ കൂടങ്കുളത്ത് തുറന്നിട്ടുണ്ട്. ജപ്പാനിലെ ഫുകുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പ്ളാന്റിനെതിരായ സമരം രൂക്ഷത പ്രാപിച്ചത്. ഭോപാല്‍ വാതകദുരന്തത്തില്‍ കുറ്റവാളികളായ വിദേശകമ്പനിയില്‍നിന്ന് ഇരകളായ സ്വന്തം നാട്ടുകാര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം വാങ്ങാന്‍ ഇന്ത്യക്ക് കഴിയാതെ വരുക കൂടി ചെയ്തതോടെ വിദേശകമ്പനിക്ക് നഷ്ടപരിഹാര ബാധ്യതകളൊന്നുമില്ലാതെ പ്രവര്‍ത്തനസ്വാതന്ത്യ്രം നല്‍കുന്ന കൂടങ്കുളം പദ്ധതിക്കെതിരായ പ്രതിഷേധം കനത്തു. ഇത്തരം ഭീതിദമായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ദുരന്തത്തിന്റെ വായിലേക്ക് തങ്ങളെ വെച്ചുകൊടുക്കാന്‍ സമ്മതിക്കില്ലെന്ന ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ അധികാരത്തിന്റെയും ആയുധത്തിന്റെയും ബലത്തില്‍ അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുകയാണ്.
സര്‍ക്കാറിന്റെതന്നെ വിദഗ്ധ സമിതിയുടെ സുരക്ഷാനിര്‍ദേശങ്ങള്‍ കൂടങ്കുളത്ത് പാലിക്കപ്പെട്ടിട്ടുണ്ടോ? നിലവിലെ സ്ഥിതിയില്‍ പ്ളാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് അതിഗുരുതരമായിരിക്കില്ലേ? ബദല്‍ ശുദ്ധജല സംഭരണം, അടിയന്തര പമ്പിങ് ഉപകരണം തുടങ്ങിയ പ്രഥമപ്രധാനമായ അടിസ്ഥാനോപാധികള്‍ സജ്ജമാക്കിയിട്ടുണ്ടോ? അപകടഘട്ടത്തില്‍ നിര്‍ദിഷ്ട ആണവറിയാക്ടര്‍ വിതരണസ്ഥാപനത്തെ പൂര്‍ണമായും കുറ്റമുക്തമാക്കുന്ന ഉപാധിയും മാറ്റാന്‍ കേന്ദ്ര ഗവണ്‍മെന്റിനു സാധിച്ചിട്ടുണ്ടോ? ഇത്തരത്തിലുള്ള തുടക്കം മുതല്‍ ഉന്നയിക്കപ്പെടുന്ന ആശങ്കകള്‍ ദൂരീകരിക്കാനുള്ള ശ്രമം ഉണ്ടായേ തീരു.
അധികാരത്തിന്റെ നിലനില്‍പുമാത്രം ലാക്കാക്കി ജനാധിപത്യത്തെ കുരുതികൊടുക്കുന്ന മനോഭാവം ഇനിയും ഇവിടെ ഉണ്ടാവാന്‍ പാടില്ല. അധികാരത്തിന്റെ ഹുങ്കില്‍ ജനവികാരങ്ങള്‍ക്കു മേല്‍ ആധിപത്യം പുലര്‍ത്താമെന്ന വ്യാമോഹങ്ങള്‍ ലോകമാകെ കടപുഴക്കിയെറിയപ്പെടുന്ന കാലത്ത് സ്വന്തം ജനതക്കെതിരായ ഈ പടപ്പുറപ്പാട് സഹതാപാര്‍ഹമാണ്. ലോകം ജനാധിപത്യത്തിലേക്കു കൂടുതല്‍ ഉള്ളുതുറക്കുന്ന ഈ കാലത്തരം തുരുമ്പെടുത്ത നിലപാടുകള്‍ ഉപേക്ഷിക്കുന്നതല്ലേ നല്ലത്.