കനിവുറവ് വറ്റിയ കാലം
ഡോ. സിസ്റര്‍ ജെസ്മി
![]() |
|
കര്‍മലീത്താമഠവും കോളജിലെ പ്രിന്‍സിപ്പല്‍ തസ്തികയും വിട്ടിറങ്ങിയപ്പോള്‍, താമസിക്കാന്‍ മാറിമാറി സ്ഥലമന്വേഷിച്ചു വലഞ്ഞുനടന്ന എന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ത്രീകള്‍ക്ക് ഒരു ഷോര്‍ട്ട് സ്റ്റേഹോം പണിയുക എന്നൊരാശയം മനസ്സില്‍ മൊട്ടിട്ടത്. വീട്ടില്‍നിന്ന് കുറച്ചുനാള്‍ മാറിനിന്ന് സ്വന്തം സാഹചര്യങ്ങളിലേക്ക് ഫ്രഷായി മടങ്ങിവരുന്ന സ്ത്രീയില്‍, നല്ല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന വാദമുഖമാണ് അതിനുള്ള പ്രേരണ. അമ്മായിയമ്മയോ മരുമകളോ മകളോ ഭാര്യയോ പെങ്ങളോ താല്‍ക്കാലികമായി മാറിത്താമസിച്ച് തിരിച്ചുവരുമ്പോള്‍ പുതിയ ജീവിതം ആരംഭിക്കാന്‍ അവള്‍ക്കും അവളെ എതിരേല്‍ക്കുന്ന മറ്റുള്ളവര്‍ക്കും എളുപ്പമാണ് എന്നാണെന്റെ പക്ഷം. |
സ്ത്രീശാക്തീകരണമെന്ന വിഷയത്തില്‍ കേരളത്തിലുടനീളവും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും പ്രഭാഷണങ്ങള്‍ക്കും ക്ളാസുകള്‍ക്കുമായി യാത്രചെയ്യുന്ന ഞാന്‍, ഊന്നിപ്പറയാറുള്ള ഒരു വസ്തുത ഇതാണ്: “ഓരോ സ്ത്രീയും അവളുടെ സ്വന്തം തട്ടകം കണ്ടെത്തി, ആത്മാര്‍ഥമായി സേവനം ചെയ്യണം എന്നാണത്. എന്റെ തട്ടകമായി ഞാന്‍ കണ്ടെത്തിയതാണ് ബൌദ്ധികമായ ക്രിയാമണ്ഡലം. എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും മനുഷ്യരെ പ്രബുദ്ധരാക്കുക എന്നതാണ് എന്റെ ധര്‍മമായി ഞാന്‍ തിരിച്ചറിഞ്ഞത്. എങ്കിലും ഷോര്‍ട്ട് സ്റ്റേഹോം എന്റെ സ്വപ്നമായി തുടര്‍ന്നു.
ചെലവ് ചുരുക്കിയുള്ള ജീവിതമായതിനാല്‍ 2010 ഒക്ടോബറായപ്പോള്‍ സാമാന്യം വലിയ സംഖ്യ ബാങ്ക്ബാലന്‍സ് ഉണ്ടായി. സ്വന്തമായി കാര്‍ വാങ്ങി യാത്രചെയ്യാന്‍, ആത്മാര്‍ഥസ്നേഹിതര്‍ പലതവണ ഉപദേശിച്ചെങ്കിലും സാധാരണക്കാരെപ്പോലെ ജീവിക്കാനാണ് മനസ്സ് പറഞ്ഞത്. ഗ്രാമത്തില്‍ അല്‍പം സ്ഥലം വാങ്ങാനുള്ള അന്വേഷണം ആരംഭിച്ചതറിഞ്ഞ് സ്നേഹിതര്‍ അന്തിക്കാടേക്ക് ഭൂമി കാണാന്‍ ക്ഷണിച്ചു. അമ്പലത്തിന് അല്‍പംമാറി ഹരിജന്‍ കോളനിയുടെ സമീപപ്രദേശത്ത് അമ്പലക്കുളത്തോടുചേര്‍ന്നുള്ള ഭൂമിയും അതിലെ ഓടിട്ട മണ്ണുപുരയും എന്നെ ആകര്‍ഷിച്ചു. മുന്നില്‍ ഇടവഴിയും പഞ്ചായത്ത് പൈപ്പുമുണ്ട്; പറമ്പില്‍ ഒരു നല്ല ശൌച്യാലയം. പുകയില്ലാത്ത അടുപ്പുള്ള കൊച്ച് അടുക്കള, നല്ല അയല്‍പക്കക്കാര്‍. ഞാന്‍ കൊതിച്ച തനി ഗ്രാമീണാന്തരീക്ഷം. ആ സ്ഥലംവാങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.
റീഡിങ്റൂമിന് സ്ഥലം കണ്ടത്തിെ. സാവകാശത്തില്‍ ലൈബ്രറി സംവിധാനമുണ്ടാക്കണം. എന്റെ വിദ്യാര്‍ഥിനി അയല്‍പക്കത്ത് മരുമകളായത്തിെയിട്ടുണ്ട്. കാര്യങ്ങള്‍ അവളെ ഏല്‍പിക്കാം. പത്രാധിപര്‍ക്കെഴുതിയാല്‍ ഫ്രീയായി മാസിക അയച്ചുതരുമെന്ന് ഒരു സ്നേഹിതന്‍ പറഞ്ഞു. രാവിലെ റീഡിങ് റൂമില്‍ നിശ്ശബ്ദ വായന; ഉച്ചക്കുശേഷം ചര്‍ച്ച. അങ്ങനെ പദ്ധതികളനവധിയായിരുന്നു. ഹരിജന്‍ കോളനിയിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്പോക്കണ്‍ ഇംഗ്ളീഷ് കോച്ചിങ് സൌജന്യമായി നടത്താന്‍ തീരുമാനിച്ച വിവരം അവരെ അറിയിച്ചു. രാത്രികളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ച് ചര്‍ച്ച സംഘടിപ്പിക്കാനും ഉദ്ദേശിച്ചു. ഒ.ഡബ്ള്യു.ഇ.ആര്‍.ഡി എന്ന ചാരിറ്റബ്ള്‍ സ്ഥാപനം നടത്തുന്ന സുഹൃത്ത് സ്ഥലം സന്ദര്‍ശിച്ച് ഉദ്ഘാടനത്തലേന്നാള്‍ അവിടം ഒരുക്കാന്‍ സഹായിക്കാമെന്നും ഉദ്ഘാടനനാള്‍ 200 പേര്‍ക്കുള്ള സദ്യ സ്പോണ്‍സര്‍ ചെയ്യാമെന്നും വാക്കുതന്നു. മണ്ണുപുരക്ക് മണ്ണിന്റെ കളറുള്ള ചായമടിച്ച് കുട്ടികള്‍ക്ക് കളര്‍പെയിന്റും ബ്രഷും കൊടുത്ത് അവരുടെ ഭാവനക്കനുസൃതം വിവിധ ചിത്രങ്ങള്‍ വരപ്പിക്കാമെന്നുള്ള ആശയം ആ സുഹൃത്ത് പങ്കുവെച്ചു. 2011 ഫെബ്രുവരി ഒന്നാംതീയതി ഉദ്ഘാടന ദിവസമായി തീരുമാനിച്ചു. അയല്‍പക്കക്കാരും നാട്ടുകാരും വിവരങ്ങളറിഞ്ഞ് ത്രില്ലിലായി.
ഒറ്റക്ക് ഒരു സ്ത്രീ താമസിക്കേണ്ടിവരുന്ന പക്ഷം അടച്ചുറപ്പുള്ള ഒരു മുറി വേണം. അറ്റാച്ച്ഡ് ബാത്ത്റൂം, ടോയ്ലറ്റ് ഉള്ള മുറി. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അവഗാഹമില്ലാത്തതിനാല്‍ വിശ്വസ്തനായ ഒരാളെ കണ്ടത്തിെ, പണമേല്‍പിച്ച്, എത്രയുംവേഗം പണിപൂര്‍ത്തിയാക്കണമെന്ന് ഉള്ളിലുറച്ചു. എന്‍ജിനീയര്‍മാരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും നിരതന്നെ മനസ്സിലൂടെ കടന്നുപോയി. അവരില്‍ വിശ്വസിക്കാവുന്ന ആളായി കണ്ടെത്തിയത് കോളജിലെ എന്റെ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവിനെയായിരുന്നു. അദ്ദേഹത്തെ വിളിച്ച് അന്നുതന്നെ ഞങ്ങളൊന്നിച്ച് സ്ഥലം സന്ദര്‍ശിച്ചു. മണ്ണുവീടിന് പത്തു കൊല്ലത്തെ ആയുസ്സുണ്ടെന്നും അതിനടുത്ത് ഒരു മുറി പണിയാന്‍ മൂന്നരലക്ഷം രൂപ വേണ്ടിവരുമെന്നും പറഞ്ഞപ്പോള്‍ സമ്മതം മൂളി. ബാങ്കില്‍ അവശേഷിക്കുന്ന തുകയും സ്വര്‍ണവുമൊക്കെ ചേര്‍ത്ത് തുകയൊപ്പിക്കാമെന്ന ബലത്തിലാണ് പണി ആരംഭിച്ചത്. പണി തുടങ്ങിയപ്പോള്‍ കോണ്‍ട്രാക്ടര്‍ വാക്കുമാറ്റി നാലേകാല്‍ലക്ഷം രൂപ ആവശ്യപ്പെട്ടു. അതില്‍ കുറഞ്ഞ തുകക്ക് ഒരാള്‍ക്കും പണിയാന്‍ കഴിയില്ലെന്നുപറഞ്ഞായിരുന്നു ആ കെണി. പഴയ വീടിന്റെ വരാന്തയുടെ മുകളില്‍ അദ്ദേഹം നിര്‍മാണത്തിനൊരുങ്ങിയപ്പോള്‍ മണ്ണുവീട് താങ്ങുമോ എന്ന ഭയം എനിക്കുണ്ടായിരുന്നെങ്കിലും, അത് നിഷേധിച്ച് ഒരു രൂപ ലാഭമെടുക്കാതെ പണിയുകയാണെന്നും വരാന്തയുടെ മുകളിലേത് താന്‍ ഫ്രീയായി ചെയ്യുകയാണെന്നും എന്നെ തെറ്റിദ്ധരിപ്പിച്ചു. നിര്‍മാണമാരംഭിച്ചതിനു പിറ്റേന്നുതന്നെ രണ്ടുലക്ഷം രൂപ കാഷായി (ചെക്കോ ഡി.ഡിയോ പറ്റില്ലെന്ന് ശഠിച്ച്) ഗുരുവായൂരില്‍വെച്ച് അദ്ദേഹം കൈപ്പറ്റി. പിന്നീട് പെരിങ്ങോട്ടുകര ആധാരമെഴുത്ത് കേന്ദ്രത്തില്‍വെച്ച് 50,000 രൂപ കാഷ് ആയി ഞാന്‍ നേരിട്ട് കോണ്‍ട്രാക്ടര്‍ക്ക് നല്‍കി. ഇതിനിടയില്‍ നിര്‍മാണച്ചെലവ് മൊത്തം ഏഴേമുക്കാല്‍ ലക്ഷം വരുമെന്ന് അദ്ദേഹം ഫോണിലൂടെ അറിയിച്ചതോടെ ഞാന്‍ അദ്ദേഹത്തിന്റെ ചതി മനസ്സിലാക്കാന്‍ തുടങ്ങി. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കൃത്രിമത്വവും വഞ്ചനയുമുണ്ടെന്ന വിവരം അയല്‍പക്കക്കാരും പണിസ്ഥലം സന്ദര്‍ശിച്ച എന്റെ സ്നേഹിതരും അറിയിച്ചതുപ്രകാരം വിദഗ്ധരെകൂട്ടി സ്ഥലം സന്ദര്‍ശിച്ച് ചതികളും പൊളിവുകളും മനസ്സിലാക്കി. പിറ്റേന്ന് ഒരു ചാനലിലെ സുഹൃത്തിന്റെ മധ്യസ്ഥതയില്‍ കോണ്‍ട്രാക്ടറോട് പണിനിര്‍ത്താനും ചെലവായ തുകയുടെ കണക്കും ബാക്കി തുകയും തരാനും ആവശ്യപ്പെട്ടു. മെയിന്‍വാര്‍പ്പുകഴിഞ്ഞ് ബാലന്‍സ് തുക തരാമെന്ന് അദ്ദേഹം സമ്മതിച്ചു. ചില പരിപാടികളുടെ തിരക്കുകള്‍ കാരണം തിരുവനന്തപുരത്തായിരുന്ന ഞാന്‍ തിരിച്ചുവന്നപ്പോള്‍ വരാന്തയി•ല്‍ സ്വന്തം ഇഷ്ടപ്രകാരം പണിത് അതി•ല്‍ വാര്‍ത്തതായും മെയിന്‍വാര്‍പ്പ് ചെയ്യാതിരിക്കുന്നതായും കണ്ടു. മഴ വന്നപ്പോള്‍ പുതുതായി പണിതയിടത്ത് മെയിന്‍വാര്‍പ്പില്ലാത്തതിനാല്‍ അത് നശിച്ചതിനു പുറമെ, വരാന്തയി•ല്‍ ചെയ്ത വാര്‍പ്പിന്റെ ഭാരം താങ്ങാനാകാതെ, മണ്ണുപുരയുടെ വശത്തെ നീണ്ട ചുവര് ഉടനീളം നിലംപൊത്തി വീട് ഉപയോഗശൂന്യമാവുകയും ചെയ്തു.
രണ്ടരലക്ഷം രൂപ കൈപ്പറ്റി, 80,000 രൂപക്കുള്ള നിര്‍മാണംപോലും പൂര്‍ത്തിയാക്കാത്ത കോണ്‍ട്രാക്ടര്‍ ഏതാണ്ട് രണ്ടരലക്ഷം രൂപ ചെലവായ മട്ടിലുള്ള കള്ളക്കണക്കുണ്ടാക്കി തരുകയാണ് ചെയ്തത്. മധ്യസ്ഥതക്കുവന്ന കോണ്‍ഗ്രസ് യുവനേതാവും കെ. വേണുവും മറ്റു സ്നേഹിതരും പരാജിതരായപ്പോള്‍ ഞാന്‍ വനിതാസെല്ലില്‍ പരാതി നല്‍കി. അവര്‍ സൈറ്റില്‍ എന്‍ജിനീയറുമായെത്തിയപ്പോള്‍ കോണ്‍ട്രാക്ടര്‍ മുങ്ങി. തുടര്‍ന്ന്, ഐ.ജി സന്ധ്യ ആവശ്യപ്പെട്ടതനുസരിച്ച് അവിടെയും പരാതി നല്‍കി. അത് പൊലീസ് സ്്റ്റേഷനിലേക്ക് കൈമാറിയെങ്കിലും നീതി ലഭിച്ചില്ല.
ഇതിനിടയില്‍ മുളകളും പലകകളും നശിച്ചതിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോണ്‍ട്രാക്ടര്‍ എനിക്കെതിരെ ഫയല്‍ ചെയ്ത സിവില്‍ കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ അതേക്കുറിച്ച് ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. ഗുരുവായൂരുള്ള ഞാന്‍ അന്തിക്കാട്ടുള്ള വേലികെട്ടാത്ത സ്ഥലത്തെ മുളകളും തകിടും കൊണ്ടുപോകുന്നത് തടഞ്ഞു എന്നാണ് കോണ്‍ട്രാക്ടറുടെ വാദം. ലാഭകരമായ ബിസിനസ് സംരംഭമായിരുന്നില്ല എന്റെ ലക്ഷ്യം. സ്ത്രീകള്‍ക്ക് സമാധാനപൂര്‍വം താമസിക്കാന്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു കൂടുണ്ടാക്കുക എന്ന എന്റെ ചിരകാലസ്വപ്നമാണ് പൊലിഞ്ഞത്. കുറെ പൈസ ചെലവായതു മിച്ചം. പാവം വനിതകളുടെ ഷോര്‍ട്ട് സ്റ്റേഹോം. AMEN FOR WOMEN എന്നാണതിന് പേര് നിശ്ചയിച്ചത്. അനാഥര്‍ക്കും അശരണര്‍ക്കും അഭയമാകേണ്ടിയിരുന്ന ആ തുണ്ടുഭൂമി നശിച്ച് അനാഥപ്രേതമായി, അടുത്ത മഴയിലെ നാശവും കാത്തുകിടക്കുന്നു. മുന്‍ സഹപ്രവര്‍ത്തകക്ക് അപമാനമുണ്ടാകരുതെന്നു കരുതി ഒന്നരവര്‍ഷമായി ഈ അനീതി ഞാനും അവിടെ വന്നത്തൊനിരുന്ന സ്ത്രീജനങ്ങളും സഹിക്കുന്നു. എന്റെ പെന്‍ഷന്‍ പിച്ചച്ചട്ടിയില്‍നിന്ന് വാരിയതാണ് കോണ്‍ട്രാക്ടറുടെ കൈവശമുള്ള രണ്ടരലക്ഷം രൂപ. ഇനിയും എത്രകാലം തിന്മ വിജയിക്കും? അറിഞ്ഞുകൂട.