മണ്ണാറത്തൊടി ജയകൃഷ്ണാ... നീയിനിയും വരുമോ?
വിനോദ് മങ്കര
![]() |
|
മൊബൈല്‍ ഫോണിന്റെ ദുരുപയോഗവും പരസ്ത്രീ(പുരുഷ)ഗമനത്തിന്റെ സാധാരണതയും ഒറ്റവരിയില്‍നിന്ന് വലിച്ചുനീട്ടി രണ്ടുമണിക്കൂര്‍ പടമാക്കിയതിന്റെ പിന്നണിക്കാര്‍ ഓര്‍ക്കുന്നുണ്ടോ ക്ളാരയെ? ‘തൂവാനത്തുമ്പികളി'ലെ മണ്ണാറത്തൊടി ജയകൃഷ്ണനെ കാണാന്‍ മഴക്കുപിമ്പേ എത്തിയ ക്ളാരയെ? അടിമുടി കഥാകാരനായ പത്മരാജന്‍ ആ ചിത്രം നമ്മുടെ കൊട്ടകകളില്‍ ഓടിച്ചത് 1987ലായിരുന്നു. 2012ല്‍ ചര്‍ച്ച ചെയ്യേണ്ട ക്ളാരയെ 1987ല്‍ കുറെ നേരത്തേ കൊണ്ടുനിര്‍ത്തി പത്മരാജന്‍ സോ കാള്‍ഡ് ന്യൂ ജനറേഷന്‍ സിനിമയെ അന്നേ തുരങ്കംവെച്ചോ? |
നല്ല കഥ കേള്‍ക്കാനുള്ള കൌതുകം ഇനിയും കളഞ്ഞുകുളിച്ചിട്ടില്ല എന്ന അവസ്ഥ നിലനില്‍ക്കേ നല്ല കഥപറയാനുള്ള നാവുകളെന്തേ നിശ്ചലമായി എന്നതാണ് പ്രസക്തചോദ്യം. ഉറൂബും ബഷീറും എം.ടിയും തകഴിയും പശമണ്ണിട്ട മലയാള സിനിമയുടെ കഥാകാലം പത്മരാജനിലൂടെയും സി.വി. ബാലകൃഷ്ണനിലൂടെയുമാണ് തളിര്‍ത്തത്. അത്ര പഴയതല്ലാത്ത കാലത്ത് ലളിതാംബിക അന്തര്‍ജനത്തിന്റെ ‘അഗ്നിസാക്ഷി' കണ്ട് നാം കരഞ്ഞിട്ടുണ്ട്. കാലത്തിന്റെ പല അടരുകളിലായി നന്ത്യാര്‍വട്ടത്തിന്റെ ശോഭപോലെ, മഞ്ഞായും നഖക്ഷതങ്ങളായും പരിണയമായും ആരണ്യകമായും എം.ടി, കഥയുടെ അടക്കിപ്പിടിച്ച വിങ്ങലുകള്‍ കാണിച്ചുതന്നു. അവസാനം ‘ഒരു വടക്കന്‍ വീരഗാഥ'യില്‍ ചന്തുവായി ഉദിച്ചുനിന്ന എം.ടിയും തളര്‍ന്നു. എം.ടിക്ക് വയസ്സായി. ഒന്നും രണ്ടുമല്ല, അമ്പത്തിനാല് ചിത്രങ്ങള്‍ക്കാണ് എം.ടി തന്റെ തൂലിക ചലിപ്പിച്ചത്. അതില്‍ രചനക്ക് നാലുതവണ ദേശീയ അവാര്‍ഡ് എന്ന ബഹുമതി. ആ ചിത്രങ്ങളൊന്നുംതന്നെ നാം മറക്കരുത്. 1989ലെ ‘ഒരു വടക്കന്‍ വീരഗാഥ', 1991ലെ ‘കടവ്', 1992ലെ ‘സദയം', 1994ലെ ‘പരിണയം'. എം.ടിയുടെ കഥകളും നോവലുകളും നെടുവീര്‍പ്പുമായി വായിച്ചുതീര്‍ത്തതുപോലെ, മലയാളി അദ്ദേഹത്തിന്റെ സിനിമകളും വായിച്ചുകൊണ്ടിരുന്നു. എഴുത്തുകാരന്റെയും പ്രേക്ഷകന്റെയും സാര്‍ഥകകാലമെന്ന് പറയുന്നതതിനാണ്.
മലയാള സിനിമയിലെ കഥയില്ലാകാലത്തെക്കുറിച്ച് പരിഭവിക്കുമ്പോള്‍ ഇടക്കിടക്ക് പുട്ടിനിടയില്‍ തേങ്ങ എന്നപോലെ പുഷ്കലമായ ആ ഭൂതകാലത്തേക്ക് മൂക്കുകുത്തി വീഴുന്നത് ഒരു രസമാണ്. കഥയില്ലാകാലം മലയാള സിനിമയുടെ പരിഭവകാലവും പരിദേവന കാലവുമായി മാറുമ്പോഴാണ് കഥ മാറുന്നത്. കേരളത്തിലെ സിനിമാ കൊട്ടകകളില്‍ കൈയടിവാങ്ങി, വാരങ്ങള്‍ പിന്നിട്ട് അനുമോദനവും ഒപ്പം മോശമല്ലാത്ത കോടികളും സമ്പാദിക്കുന്ന അന്യഭാഷാ ചിത്രങ്ങളുടെ പുതിയ പടയോട്ടത്തെ ഇത്തരുണത്തില്‍ വേണം കാണാന്‍. മലയാള ചിത്രങ്ങളോടൊപ്പം അന്യഭാഷാ ചിത്രങ്ങളും ഓടുന്നു എന്നല്ല സമാധാനിക്കേണ്ടത്. മലയാള ചിത്രങ്ങള്‍ക്കില്ലാത്ത ജനബാഹുല്യം അന്യഭാഷാ ചിത്രങ്ങള്‍ക്ക് പ്രത്യേകിച്ചും തമിഴ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത് മലയാള ചിത്രങ്ങളുടെ തലതൊട്ടപ്പന്മാര്‍ പലതവണ ഗുണിച്ചും ഹരിച്ചും പഠിക്കേണ്ടതാണ്.
പണ്ടൊന്നുമില്ലാത്തതുപോലെ ഇപ്പോള്‍ തമിഴ് സിനിമകള്‍ക്ക് കേരളത്തില്‍ ഇത്രയധികം സ്വീകരണം കിട്ടുന്നതിനുകാരണം താരാരാധന മാത്രമല്ല. തമിഴ് നായകന്മാരായ രജനീകാന്ത്, സൂര്യ, വിക്രം, കമല്‍ഹാസന്‍, വിജയ് എന്നിവരെ മലയാളികളും കട്ടൌട്ടറുകള്‍വെച്ച് പാലഭിഷേകം നടത്താറുണ്ടെങ്കിലും അന്ധമായ ആരാധനക്കുപരിയായി അവയിലെല്ലാം മലയാളി പ്രതീക്ഷിക്കുന്ന പുതിയ ടെക്നോളജിയുടെ കൃത്യമായ ഉപയോഗവും അയല്‍പക്കക്കാരന്റെ ജീവിതത്തിലൂടെ വീശിയ കാറ്റിനെ നേരിട്ടുതൊട്ടറിയുന്നതിനുള്ള സൌകര്യമുള്ളതുകൊണ്ടുകൂടിയാണ്. ആ ജീവിതഗന്ധിയെ കൃത്യമായ കഥയിലൊതുക്കാനും ആ കഥയുടെ കരിമിഴി കലങ്ങിയത് ഏതൊരു ഹൃദയത്തിനടുത്തുവെക്കാനുമുള്ള തമിഴന്റെ എഴുത്തുവീര്യത്തെ ഈ സിനിമകള്‍ കൊണ്ടാടുന്നു എന്നതാണ് സമകാലികതയുടെ പുതിയ പരിപ്രേക്ഷ്യം. തമിഴന്റെ തിരക്കഥയിലായാലും പാട്ടിലായാലും ഇതുതന്നെയാണ് നിഴലിക്കുന്നത്. ടെക്നോളജിയുടെ കാര്യത്തിലെന്നതുപോലെ കാമ്പുള്ള കഥയുടെ കാര്യത്തിലും മലയാളി തമിഴന്റെ പിന്നില്‍തന്നെയാണ്. ഇപ്പോള്‍ പുറത്തിറങ്ങുന്ന മലയാള സിനിമകള്‍ ഉപരിതലസ്പര്‍ശിയായി മാത്രം കടന്നുപോകുന്നതിനു കാരണമതാണ്. ഈ സന്ദര്‍ഭങ്ങളിലൊക്കെ ബജറ്റിന്റെ കുറവിനെക്കുറിച്ചുപറഞ്ഞ് തടിതപ്പാനാണ് നാം ശ്രമിക്കാറുള്ളത്. ‘എന്തിരന്‍', ‘ഏഴാംഅറിവ്', ‘വാരണം ആയിരം', ‘പയ്യ', ‘വേലായുധം' എന്നീ തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ മലയാളിയുടെ പോക്കറ്റില്‍നിന്ന് കോടികള്‍ കൊണ്ടുപോകുമ്പോള്‍ ആ ചിത്രങ്ങള്‍, ഉപയോഗിക്കപ്പെട്ട ടെക്നോളജിയില്‍ മുന്‍നിരയിലായിരുന്നു എന്നത് സമ്മതിച്ചേ തീരൂ. ഇതോടൊപ്പംതന്നെ കഥകൊണ്ട് സമൃദ്ധമായ നെയ്തലാമ്പല്‍ തടാകവും തമിഴിലാണ് ഇപ്പോള്‍ അതിന്റെ ഉറവ കണ്ടെത്തുന്നതെന്നത് തിരസ്കരിക്കാനാവില്ല. വ്യക്തതയുള്ള, അവന്റെ ആത്മപരിസരങ്ങളില്‍നിന്ന് കണ്ടെത്തിയ, കഥയുടെ പുഴയിലാണ് തമിഴന്‍ തോണിയിറക്കുന്നത്.
അടുത്തകാലത്തിറങ്ങിയ ‘സുബ്രഹ്മണ്യപുരം', ‘വെയില്‍', ‘നാടോടികള്‍', ‘മൈന', ‘അങ്ങാടിതെരു', ‘എങ്കേയും എപ്പോതും', ‘പോരാളി' എന്നീ ചിത്രങ്ങള്‍ തമിഴ്നാട്ടിലെന്നതുപോലെ കേരളത്തിലും ഓടിയതിനുപിന്നില്‍ നല്ല കഥകേള്‍ക്കാനുള്ള, മലയാളിയുടെ മനസ്സുതന്നെയല്ലേ? ‘എങ്കേയും എപ്പോതും' എന്ന സിനിമയില്‍ അനന്യ എന്ന മലയാളി പെണ്‍കുട്ടി മലയാളത്തിലേതിനെക്കാള്‍ നന്നായി അഭിനയിച്ചതിനുപിന്നിലെ ചരിത്രംകൂടി സൌകര്യം കിട്ടുമ്പോള്‍ ചികയണം. ‘പോരാളി' എന്ന ശശികുമാര്‍ സമുദ്രക്കനി ചിത്രത്തില്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങളുടെ വൈവിധ്യവും ഭംഗിയും മലയാള സിനിമാവേദി കണ്ടെന്ന് നടിക്കേണ്ടതാണ്. മോസ്കോഫില്‍ ഹാര്‍മണിക് ഓര്‍ക്കസ്ട്ര നയിച്ച പോരാളിയിലെ പശ്ചാത്തല സംഗീതത്തിന്റെ രുചിയറിഞ്ഞാല്‍ ഉപരിപ്ളവങ്ങളായ നമ്മുടെ സമകാലിക സിനിമയുടെ കാലുഷ്യം നിറഞ്ഞ ശബ്ദസംഗീതം എങ്ങനെ തിരുത്താമെന്നാലോചിക്കാന്‍ കഴിയുമായിരിക്കാം. ഇതൊക്കെ മലയാളിയെ തിരഞ്ഞുവരുന്ന ‘ടെസ്റ് ഡോസു'കളാണ്. ഈ സാമ്പിള്‍ വെടിക്കെട്ടുതന്നെ ധാരാളമാണ് നമ്മുടെ അഹന്തയില്‍ വെടിമരുന്ന് പുരട്ടാന്‍. കഥാകാമ്പുള്ള, പുതിയ രീതിയില്‍ പറയാന്‍കഴിയുന്ന പ്രതിഭയുടെ അക്ഷൌണികള്‍കൊണ്ടാണ് പ്രതിരോധം തീര്‍ക്കേണ്ടത്. അല്ലാതെ, കഥയില്ലാത്ത കുഞ്ഞിനെ പ്രസവിച്ച് മാറത്തടിച്ച് നിലവിളിക്കുകയല്ല വേണ്ടത്.
കഥയുള്ള കൌമാരകാലത്തിനുശേഷം മലയാളം അതിന്റെ യൌവനത്തില്‍ കണ്ടുമുട്ടിയതാണ് പത്മരാജന്‍ എന്ന പ്രതിഭയെ. കഥവിങ്ങുന്ന മനസ്സുമായി പെരുവഴിയമ്പലത്തിന്റെ ഓരംചേര്‍ന്നൊഴുകിയ പുഴയോരത്തുനിന്നിരുന്ന പത്മരാജന്റെ വിരല്‍ത്തുമ്പില്‍ മലയാള സിനിമ തൊട്ടപ്പോള്‍ അയാള്‍ അടിമുടി പൂവിട്ട മരമായി മാറി. മലയാള സിനിമയുടെ ആ യൌവനകാലം സുഗന്ധിയായത് അങ്ങനെയായിരുന്നു. നല്ല കഥകള്‍കൊണ്ടെന്നപോലെ നല്ല പേരുകൊണ്ടും സിനിമയെ തരളിതമാക്കിയ ആ പത്മരാജന്‍ കാലം ഓര്‍മയില്ലേ? ‘ദേശാടനക്കിളി കരയാറില്ല', ‘കരിയിലക്കാറ്റുപോലെ', ‘ഈ തണുത്ത വെളുപ്പാന്‍കാലത്ത്', ‘തിങ്കളാഴ്ച നല്ല ദിവസം', ‘തൂവാനത്തുമ്പികള്‍', ‘നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍', ‘ഞാന്‍ ഗന്ധര്‍വന്‍'.. ഗുണ്ടാപേരുകളുള്ള സമകാലിക മലയാള സിനിമയുടെ അണിയറക്കാര്‍ ഈ പേരിലൂടെയെങ്കിലും സമയം കിട്ടുമ്പോള്‍ ഒന്നലയണം.
ക്രിയാത്മകത എന്ന ഒരു തലത്തില്‍ നില്‍ക്കാതെ ‘അഡ്മിനിസ്ട്രേഷന്‍' എന്ന കീറാമുട്ടിയുമായി സിനിമയെ സമീപിക്കുന്ന രംഗപടക്കാരാണ് ഇന്നത്തെ മലയാളത്തിന്റെ ശാപം. കവിതയും കഥയും തിരിച്ചറിയാത്ത കുറെപേരുടെ കൈയിലെത്തിയപ്പോഴാണ് ഈ മേഖലക്ക് അപചയം വന്നുതുടങ്ങിയത്. കഥയിലെ ലോജിക്കില്ലായ്മ തിരക്കഥയിലേക്ക് വരുകയും അവിടെനിന്നത് സംവിധാനത്തിലേക്ക് പകര്‍ച്ചവ്യാധിയായി പടരുകയും ചെയ്യുന്ന ഒരു നവ ഇക്കോ സിസ്റത്തിനകത്താണ് ഇന്ന് മലയാള സിനിമ. ഇതിനിടയില്‍ ധാര്‍ഷ്ട്യത്തിനൊട്ടും കുറവില്ലതാനും. സിനിമാ സമരങ്ങള്‍, ഭ്രഷ്ട് കല്‍പിക്കല്‍, വിദേശ സിനിമകളുടെ വികലമായ അനുകരണങ്ങള്‍ എന്നിവ തകൃതിയായി നടക്കുകയും ചെയ്യുന്നു. ഒരു അടുക്കളവര്‍ത്തമാനത്തില്‍ കേട്ടത് കൊറിയന്‍, ആഫ്രിക്കന്‍ സിനിമകളുടെ ഡി.വി.ഡിക്കുവേണ്ടി നെട്ടോട്ടമോടുകയാണത്രെ മലയാള സിനിമക്കാര്‍! കോപ്പിയടിയുടെ ഉളുപ്പില്ലായ്മകൊണ്ട് നടുറോഡില്‍ ഇറങ്ങി നടന്നപ്പോഴതാ ടെലിവിഷന്‍ ചാനലിലെ വിരുതന്മാര്‍ കട്ട് ആന്‍ഡ് കോപ്പി കൈയോടെ പിടിക്കുന്നു. ‘അന്‍വര്‍', ‘ബിഗ്ബി', ‘കോക്ടെയ്ല്‍', ‘ത്രീ കിങ്സ്', ‘മുല്ല' തുടങ്ങിയ മലയാളിയുടെ ‘അഭിമാന നവോത്ഥാന' ചിത്രങ്ങളുടെയെല്ലാം ഒറിജിനല്‍ രക്തം ടെലിവിഷന്‍ സ്ക്രീനിന്റെ മറ്റേ പാതിയിലൂടെ ഒഴുകുന്നത് നാം കണ്ടുഞെട്ടുന്നു. ദൈവമേ, ഈ കഥാ ദാരിദ്യ്രത്തിന്റെ യവനിക നീ എന്നു പിച്ചിച്ചീന്തിക്കളയുമെന്ന് നിലവിളിക്കുന്ന പ്രേക്ഷകനെയാണ് ആ ടെലിവിഷന്‍ പരിപാടിക്കുമുന്നില്‍ നാം കണ്ടുമുട്ടിയത്. ആ ടെലിവിഷന്‍ പരിപാടി ഇനിയും കുറെക്കാലം കഴിഞ്ഞേ അവസാനിക്കുള്ളൂ എന്നാണറിഞ്ഞത്. എത്രയോ വിദേശ സിനിമകളെക്കുറിച്ച് നാം അറിയാനിരിക്കുന്നു!
കഥാദാരിദ്യ്രത്തിന്റെ മറ്റൊരു മുഖമാണ് ‘റീമേക്ക്' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന പ്രസ്ഥാനം. പഴയകാലത്തെ മിടുക്കന്മാര്‍ നന്നായി വിയര്‍ത്തുണ്ടാക്കിയ കഴമ്പുള്ള ചിത്രങ്ങള്‍ കൊഡാക്കിന്റെയും ഫ്യൂജിയുടെയും പുതിയ റീലുകളിലേക്ക് കാലത്തിനിപ്പുറം വീണ്ടും പകര്‍ത്തുന്നത് ദാരിദ്യ്രത്തിന്റെ മറ്റൊരു മുഖമെന്നല്ലാതെ എന്തുപറയാനാണ്? മലയാളിയുടെ മനസ്സ് മാറിമാറി താലോലിക്കുന്ന പത്മരാജന്റെ വീട്ടുകാരും മലയാള കഥാസ്തംഭം സാക്ഷാല്‍ എം.ടിയും അതിനു കൂട്ടുനിന്നത് എന്തിനെന്ന് മനസ്സിലാവുന്നേയില്ല. ഇനിയും അണിയറയില്‍ പുതിയ കുപ്പിയില്‍ പഴയ വീഞ്ഞിന്റെ വികല വ്യക്തിത്വങ്ങള്‍ ഒരുങ്ങുന്നുണ്ടത്രെ. ഭരതനൊക്കെ അഭ്രപാളിയില്‍ അവസാനവാക്ക് വരച്ചുവെച്ച ചായത്തളികയില്‍ വീണ്ടും ആരൊക്കെയോ കണക്കില്ലാതെ വെള്ളം കോരിയൊഴിക്കുന്നുണ്ടെന്നാണ് കേട്ടുകേള്‍വി!
നല്ല കഥകളുടെ സ്നേഹംകൊണ്ട് ശ്വാസംമുട്ടിച്ച താടിക്കാരനാണ് ലോഹിതദാസ്. പെരിയാറിന്റെ കരയില്‍നിന്നും പേരാറിന്റെ കരയിലേക്ക് കാലംവരച്ച ഭൈരവനായിരുന്നു ലോഹിതദാസ്. അയാള്‍ വള്ളുവനാടിന്റെ കരിയിലകള്‍ സംസാരിക്കുന്നത് കേട്ടുനിന്നിരുന്നു. മായന്നൂര്‍കാവിലെ പൂരത്തിന്റെ മണംകൊണ്ട് നിന്നിരുന്നു. അകലൂരിലെ വെളിമ്പുറങ്ങളില്‍ വേനല്‍മഴക്ക് പതിവുള്ള ആലിപ്പഴം പെറുക്കാന്‍ മറക്കാതെ നിന്നിരുന്നു... അങ്ങനെയുണ്ടായി നമുക്ക് ‘അരയന്നങ്ങളുടെ വീട്', ‘ഭൂതക്കണ്ണാടി', ‘പാഥേയം', ‘കന്മദം', ‘വെങ്കലം', ‘തനിയാവര്‍ത്തനം', ‘ഭരതം', ‘കിരീടം', ‘ചകോരം'... അങ്ങനെയങ്ങനെ ഒരു നീണ്ടനിര. നിര്‍ഭാഗ്യമെന്നുപറയട്ടെ, ലോഹിതദാസ് മരിച്ചപ്പോള്‍ അയാള്‍ എഴുതാറുണ്ടായിരുന്ന പേനയും ഒപ്പം കൊണ്ടുപോയി!
ഇതൊന്നും വകവെക്കാതെ മലയാള സിനിമയുടെ ബജറ്റ് കുത്തനെ കൂടി. സിനിമ ‘പ്രവചനാതീതം' എന്ന കുത്തുവാക്കില്‍ മയങ്ങി നിര്‍മാതാക്കള്‍, വിരലുണ്ടുറങ്ങുന്ന കുഞ്ഞിനെപ്പോലെ, സ്വപ്നത്തില്‍ വെറുതെ ചിരിച്ചു. പടം എട്ടും ഒമ്പതും നിലയില്‍ പൊട്ടിയാലും ചാനലുകളുടെ ‘സാറ്റലൈറ്റ് റേറ്റ്' തങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്ന ഗര്‍വില്‍ താരരാജാക്കന്മാര്‍ അവരുടെ ശമ്പളം കൂട്ടിക്കൊണ്ടേയിരുന്നു. ‘റാംജിറാവു സ്പീക്കിങ്', ‘ചിന്താവിഷ്ടയായ ശ്യാമള', ‘വടക്കുനോക്കിയന്ത്രം' തുടങ്ങിയ സിനിമകള്‍ ‘സാരമില്ല സാരമില്ല' എന്ന് മലയാളിയെ സമാധാനിപ്പിച്ചുകൊണ്ടിരുന്നെങ്കിലും മലയാളിയിലെ ആര്‍ത്തിപ്പണ്ടാരം വഴിമാറ്റിപ്പിടിച്ചു. അവിടെയൊക്കെ പുതിയ കഥാകൃത്തുക്കള്‍ നിബ്ബൊടിഞ്ഞ പെന്നുകൊണ്ടെഴുതിയ സീനുകള്‍ കാമറയുടെ മുന്നിലേക്ക് നീട്ടി ക്ളാപ്പടിച്ചു. കഥയില്ലാത്ത സീനുകളിലൂടെ മലയാളസിനിമ 24 ഫ്രെയിം അളന്നുമുറിച്ചു മുടന്തി. അനാവശ്യ നാട്യങ്ങളും കൃത്രിമ ചിരിയുമായി ലൊക്കേഷനുകള്‍ എക്സ്ട്രാബാറ്റ ചോദിച്ചുതുടങ്ങി. മലയാള ബിഗ്ബജറ്റ് ചിത്രങ്ങള്‍ പൊട്ടുമ്പോഴും നടീനടന്മാരുടെ കാരവനുകള്‍ പെട്രോളും ഡീസലുമടിക്കാന്‍ വരിവരിയായി കിടന്നിരുന്നതാണ് ഈ ചെറിയ മലയാള സിനിമാ വ്യവസായത്തിന്റെ ശാപം. ഇതിനൊക്കെ പുറമെയാണ് നടീനടന്മാരുടെ നിബന്ധനകള്‍. കഥയില്ലെങ്കിലും ഗ്ളാമര്‍ മതിയെന്ന ധാര്‍ഷ്ട്യത്തില്‍നിന്നും ഹുങ്കില്‍നിന്നും ആരംഭിച്ചതാണ് നായകന്റെയും നായികയുടെയും സംവിധാന ത്വര. സംവിധായകനെ തട്ടിമാറ്റി സൂപ്പര്‍സ്റാറും മെഗാസ്റാറും യൂത്ത് ഐക്കണുമൊക്കെ തിരക്കഥ തിരുത്താനും ഛായാഗ്രാഹകനോട് ഷോട്ടും ലൈറ്റും പറയാനും സംവിധായകനെ അവഗണിച്ച് ഇഷ്ടംപോലെ അഭിനയിക്കാനും തുടങ്ങിയിടത്ത് കഥയില്ലായ്മക്ക് ഒന്നുകൂടി ആണിയടിക്കപ്പെട്ടു. പൊതുവെ ദുര്‍ബല പോരെങ്കില്‍ ഗര്‍ഭിണിയും എന്ന പഴഞ്ചൊല്ലായിരിക്കും മലയാള സിനിമക്ക് ഒട്ടിക്കാന്‍ കഴിയുന്ന പ്രസക്ത പോസ്റര്‍.
ഒരേസമയം കഥയില്ലായ്മയിലും വയലന്‍സിലും പെട്ട് ദുഷിച്ചുകൊണ്ടിരിക്കുന്ന മലയാള ടെലിവിഷന്‍ സീരിയല്‍പോലെയായി മലയാള സിനിമയും എന്ന് പറയുന്നത് അല്‍പം നാണക്കേടുണ്ടാക്കുന്നതുതന്നെയാണ്. ഒന്നു തിരിഞ്ഞുനോക്കിയാല്‍ മനസ്സിലാവും ഇന്നലെയോ മിനിഞ്ഞാന്നോ മറ്റോ ആണ് ശ്രീനിവാസനും വേണു നാഗവള്ളിയും ചെറിയാന്‍ കല്‍പകവാടിയും ഡെന്നീസ് ജോസഫും ബാലചന്ദ്രമേനോനുമൊക്കെ നമ്മുടെ വേദനയും സന്തോഷവുമൊക്കെ മര്യാദക്ക് അഭ്രപാളിയിലാക്കിയത്. ‘നാടോടിക്കാറ്റും' ‘അക്കരെയക്കരെയക്കരെ'യും ‘കിലുക്ക'വും ‘മണിച്ചിത്രത്താഴും' ‘റാംജിറാവു സ്പീക്കിങ്ങും' ‘ഭരത'വുമൊക്കെ നാം എന്നും താലോലിക്കുന്നവയാണ്. മലയാളത്തിന്റെ ആല്‍ഫ്രഡ് ഹിച്ച്കോക്ക് എസ്.എന്‍. സ്വാമിയെഴുതിയ സി.ബി.ഐ കഥകള്‍ ഒരരികില്‍ ഇരിക്കട്ടെ. സ്വാമി എഴുതിയെഴുതി സ്വാമിയെത്തന്നെ അനുകരിച്ച് അതില്‍ അഭിരമിക്കുന്നിടത്ത് ‘ആഗസ്റ് 15'പോലുള്ള സൃഷ്ടികളുണ്ടാവുകയും മമ്മൂട്ടിയെപ്പോലുള്ള നടന്റെയും ഷാജി കൈലാസ് എന്ന ഹിറ്റ്മേക്കറുടെയും ഇമേജുകള്‍ ഇടിഞ്ഞുവീഴുകയും ചെയ്തത് കണ്ടവരാണ് നമ്മള്‍. എന്നാല്‍, ഇവിടെനിന്ന് മമ്മൂട്ടിയുടെ ഗ്രാഫ് ഉയരങ്ങളിലേക്കെത്തിച്ച സംവിധായകനാണ് രഞ്ജിത്ത്. ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'യെന്ന സിനിമ അതേപേരിലുള്ള ടി.പി. രാജീവന്റെ നല്ല നോവലിന്റെ ചലച്ചിത്രഭാഷയാണ്. മമ്മൂട്ടിയുടെ അഹമ്മദ്ഹാജി രഞ്ജിത്തിന്റെ മൂശയിലാണ് പാകപ്പെട്ടത്. പിന്നീട് രഞ്ജിത്തിന്റെതന്നെ ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റ്' എന്ന മുഴുനീള ആസ്വാദ്യ കാവ്യം! പ്രാഞ്ചിയേട്ടന്റെ ഏഴയലത്തെത്തിയില്ലെങ്കിലും പൃഥ്വിരാജിന്റെ ‘ഇന്ത്യന്‍ റുപ്പി'. കഥപറയാനുള്ള രഞ്ജിത്തിന്റെ കൂടുമാറ്റമാണ് സംവിധാനം. മുമ്പ് ‘മായാമയൂര'ത്തിലും ‘ദേവാസുര'ത്തിലും ‘ഒരു മെയ്മാസ പുലരി'യിലുമൊക്കെ കാമറക്കുപരിയായി രഞ്ജിത്തിന്റെ പേനയെ നാം തഴുകിനിന്നിട്ടുണ്ട്.
‘വടക്കുംനാഥന്‍' എന്ന ഒറ്റപ്പടത്തിലൂടെ കഥയുടെ കാന്തി കാണിച്ചുതന്നയാളാണ് ഗിരീഷ് പുത്തഞ്ചേരി. ഗിരീഷിനെക്കുറിച്ചോര്‍ത്താല്‍ “അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞൂ...'' എന്ന വരികള്‍ യാഥാര്‍ഥ്യമാവും. ആ കഥാകാരനായ കവി എന്നേ അസ്തമിച്ചു.
ഒരു രഞ്ജിത്തിനെയും ശ്രീനിവാസനെയുംകൊണ്ടാണോ മലയാളസിനിമ പിടിച്ചുനില്‍ക്കാന്‍ പോകുന്നത്? സിനിമാ നിരൂപകരും മലയാള സിനിമയുടെ നടുത്തള മുത്തശ്ശന്മാരും മാടമ്പികളും അവഗണിച്ചതുപോലെതന്നെ തിയറ്ററുകാരും കണക്കാക്കാതെപോയ ചില നല്ല ദ്യുതികള്‍ കേരളത്തിലെ തിയറ്ററുകളില്‍ ഇടക്കാലത്ത് വന്നുപോയിരുന്നു. നമ്മള്‍ നല്ലതുപോലെ കടാക്ഷിച്ചിരുന്നെങ്കില്‍ മലയാള സിനിമയുടെ കഥാദാരിദ്യ്രത്തിനുള്ള ശുശ്രൂഷയായിരുന്നു ആ സിനിമകള്‍ എന്ന് മനസ്സിലായേനെ. ‘പകല്‍ നക്ഷത്രങ്ങള്‍', ‘കരയിലേക്ക് ഒരു കടല്‍ദൂരം', ‘ടി.ഡി. ദാസന്‍ സ്റാന്‍ഡേര്‍ഡ് 6ബി', ‘തിരക്കഥ', ‘ആദാമിന്റെ മകന്‍ അബു', ‘കൈയൊപ്പ്', ‘ട്രാഫിക്' എന്നീ ചിത്രങ്ങള്‍ കണ്ടാലറിയാം അതില്‍ കൃത്യമായ ഒരു കഥയുണ്ട്.
കഥയുടെ കാമ്പുറയ്ക്കാത്ത എത്ര ബിഗ്ബജറ്റ് ചിത്രങ്ങള്‍ തിയറ്ററില്‍ തലകുത്തി വീണു എന്ന ചിന്ത 2012ല്‍ തുഴയുമ്പോള്‍ നമ്മള്‍ ചിന്തിക്കുന്നുണ്ടോ? മസാലപ്പടങ്ങളോടൊപ്പംതന്നെ വലിയ തോതില്‍ മുതല്‍മുടക്കിയ ‘പീരീഡ്' പടങ്ങളും ഇക്കാലങ്ങളിലുണ്ടായിട്ടുണ്ട്. ഇറങ്ങിയ ഉടനെ അയ്യേ പാളിപ്പോയേ എന്ന കൊലവിളികൊണ്ട് അവയുടെ സംവിധായകര്‍ സ്നാനംചെയ്യപ്പെട്ടിട്ടുണ്ട്. 'വൈശാലി'യും 'ഒരു വടക്കന്‍ വീരഗാഥ'യും വിജയിച്ചിടങ്ങളിലേക്കാണ് ഈ പടങ്ങളും കോപ്പുകൂട്ടിയത്. ഗവേഷണം നന്നായി നടത്തിയുണ്ടാക്കേണ്ട കഥയുടെയും തിരക്കഥയുടെയും അഭാവം ചൂണ്ടിക്കാട്ടിയാണ് 'പഴശ്ശിരാജ', 'ഉറുമി', 'യുഗപുരുഷന്‍', 'വീരപുത്രന്‍' എന്നീ ചിത്രങ്ങളെ ജനം തിയറ്ററില്‍ പഴിച്ചത്. പീരീഡ് ചിത്രങ്ങളില്‍ വിജയിച്ചത് അടൂരിന്റെ ചിത്രങ്ങളും ഷാജി എന്‍. കരുണിന്റെ 'കുട്ടിസ്രാങ്ക്' എന്ന ചിത്രവും മാത്രമാണ്. ആനുകാലികതക്ക് ഭ്രഷ്ടുകല്‍പിച്ച അടൂര്‍ ചിത്രങ്ങള്‍ കഥയോടൊപ്പം റൌക്കയും ഒറ്റമുണ്ടും ഉടുത്തപ്പോള്‍ രക്ഷപ്പെട്ടതായിരിക്കാം. ഇതിനൊക്കെയിടയില്‍ ചരിത്രത്തില്‍ ഈണംകൊണ്ടും ചായംകൊണ്ടും അടയാളമിട്ട് കടന്നുപോയവരെ പെണ്ണുപിടിയന്മാരാക്കി കഥാതന്തു മാറ്റിയെഴുതിയവരുമുണ്ട്. അതൊക്കെ പോകട്ടെ, എന്റെ കഥാപാത്രത്തിന് കുട്ടികളുണ്ടാവാന്‍ പാടില്ല, ഞാന്‍ കുട്ടികളുടെ അമ്മയാവില്ല എന്നൊക്കെ പറഞ്ഞ് തിരക്കഥാ കൃത്തിനെ ഭ്രാന്തുപിടിപ്പിക്കുന്ന നടീനടന്മാരുടെ നാടും ഈ കേരളംതന്നെ. നമ്മുടെ പെണ്‍കുട്ടികള്‍ ഇവിടെ നില്‍ക്കാതെ തമിഴില്‍ അഭിനയിച്ച് കൈയടി വാങ്ങുകയും സിദ്ദീഖിനെയും പ്രിയദര്‍ശനെയുംപോലുള്ള പ്രതിഭകള്‍ അന്യഭാഷകളിലേക്ക് ചേക്കേറുകയും ചെയ്തതെന്തിനെന്ന് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അന്യഭാഷാ ചിത്രങ്ങള്‍ ഇങ്ങോട്ടുവന്ന് ഇവിടത്തെ തിയറ്ററുകള്‍ കീഴടക്കുന്നതിനൊപ്പം നമ്മുടെയാളുകള്‍ അന്യദേശത്തെ കൈയടിവാങ്ങാന്‍ പറന്നുപോവുകയും ചെയ്യുന്നുണ്ട്. മലയാളി സിനിമാ നിര്‍മാതാക്കള്‍ തമിഴ് സിനിമയുടെ പോസ്ററില്‍ തലവെക്കുന്ന കാലമെത്തിയിരിക്കുകയാണ്.
മുമ്പ് അയ്യപ്പപ്പണിക്കര്‍ പറഞ്ഞതുപോലെ “വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ?'' എന്ന മട്ടിലാവാരുത് നമ്മുടെ സിനിമാകഥാകാരന്മാര്‍. കാരണം, വലിയൊരു സാഹിത്യ തറവാട്ടില്‍നിന്നാണ് നമ്മള്‍ യാത്രതുടങ്ങിയത്. ടെലിവിഷന്‍ചാനലുകളില്‍ ഇപ്പോഴും ഒരു തമാശയുണ്ട്. ശത്രുചാനലില്‍ ഏത് പുതിയ ചിത്രമോടിച്ചാലും അതിന് ബദലായി ‘മണിച്ചിത്രത്താഴ്' ‘കിലുക്കം', ‘റാംജിറാവു സ്പീക്കിങ്', ‘ചിത്രം' തുടങ്ങിയ ചിത്രങ്ങള്‍ കളിപ്പിച്ചാല്‍ ആ പുതിയ പടം റേറ്റിങ്ങില്‍ തലകുത്തി വീഴും. കഥയില്ലായ്മയെ കഥകൊണ്ടു നേരിടുന്ന സൂത്രവാക്യമാണിത്. ഇത് എത്രയോവട്ടം പരീക്ഷിച്ചുകഴിഞ്ഞിരിക്കുന്നു! ഇമ്പമുള്ള, കവിത തുളുമ്പുന്ന ഗാനങ്ങളില്‍നിന്ന് മലയാളസിനിമ അകന്നുനിന്നതുപോലെ മനസ്സില്‍ തൊടുന്ന കഥകളില്‍നിന്ന് അധികനാള്‍ അകന്നുനിന്നാല്‍ അന്യഭാഷാ ചിത്രങ്ങള്‍ക്കിടയില്‍ മലയാള സിനിമയുടെ ‘ഫോസില്‍' അന്വേഷിക്കേണ്ടിവരും. 'ട്രാഫിക്കി'നുശേഷം പുറത്തിറങ്ങിയ ന്യൂ ജനറേഷന്‍ സിനിമയില്‍ തിയറ്ററുകള്‍ക്ക് പുതിയൊരു ഉണര്‍വുണ്ടായി എന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ഗുപ്തമായി കൊണ്ടുനടക്കുന്ന വിചാരവും വികാരവും ഒരു ‘ക്ളീന്‍ സ്ളേറ്റില്‍' എഴുതിക്കാണിക്കുന്നതിനോടൊപ്പം സെക്സിനെക്കുറിച്ചും വയലന്‍സിനെക്കുറിച്ചും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ചര്‍ച്ചചെയ്യാന്‍ തയാറാവുന്ന ആധുനിക മലയാളി സമൂഹത്തെ വരച്ചിടാനും ആ ന്യൂ ജനറേഷന് സാധിക്കുന്നു എന്ന വാദം സിനിമയോടൊപ്പം തന്നെ പ്രബലമായതാണ്. മൊബൈല്‍ ഫോണിന്റെ ദുരുപയോഗവും പരസ്ത്രീ(പുരുഷ)ഗമനത്തിന്റെ സാധാരണതയും ഒറ്റവരിയില്‍നിന്ന് വലിച്ചുനീട്ടി രണ്ടുമണിക്കൂര്‍ പടമാക്കിയതിന്റെ പിന്നണിക്കാര്‍ ഓര്‍ക്കുന്നുണ്ടോ ക്ളാരയെ? ‘തൂവാനത്തുമ്പികളി'ലെ മണ്ണാറത്തൊടി ജയകൃഷ്ണനെ കാണാന്‍ മഴക്കുപിമ്പേ എത്തിയ ക്ളാരയെ? അടിമുടി കഥാകാരനായ പത്മരാജന്‍ ആ ചിത്രം നമ്മുടെ കൊട്ടകകളില്‍ ഓടിച്ചത് 1987ലായിരുന്നു. 2012ല്‍ ചര്‍ച്ച ചെയ്യേണ്ട ക്ളാരയെ 1987ല്‍ കുറെ നേരത്തേ കൊണ്ടുനിര്‍ത്തി പത്മരാജന്‍ സോ കാള്‍ഡ് ന്യൂ ജനറേഷന്‍ സിനിമയെ അന്നേ തുരങ്കംവെച്ചോ?.