ഭൂമിക്ക് കുടപിടിക്കാം
സാബു ജോസ്
![]() |
|
കാര്‍ബണ്‍ഡയോക്സൈഡ് പോലെയുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ ട്രോപ്പോസ്ഫിയറിന്റെ ഊഷ്മാവ് വര്‍ധിപ്പിക്കുമ്പോള്‍ അതിന് ആനുപാതികമായി സ്ട്രാറ്റോസ്ഫിയറിന്റെ താപനില താഴും. ഇത് ഓസോണ്‍ വിഘടനത്തിന്റെ തോതു വര്‍ദ്ധിപ്പിക്കുകയും ഓസോണ്‍ തുളകള്‍ക്ക് കാരണമാവുകയും ചെയ്യും. സ്ട്രാറ്റോസ്ഫിയര്‍ തണുക്കുന്നതോടെ സൌരവികിരണങ്ങള്‍ ആഗിരണം ചെയ്യാനുള്ള അതിന്റെ കഴിവും നഷ്ടപ്പെടും. അതോടെ ഭൂമിയിലെ ജീവന്റെ നിലനില്‍പിനു തന്നെ ഭീഷണിയായിത്തീരും. |
ഓസോണ്‍ പാളിയെന്ന രക്ഷാകവചം
ഭൌമാന്തരീക്ഷത്തില്‍ ആപേക്ഷികമായി ഉയര്‍ന്ന സാന്ദ്രതയില്‍ ഓസോണ്‍ (O3) വാതകം കാണപ്പെടുന്ന മേഖലയാണ് ഓസോണ്‍ പാളിയെന്ന ഓസോണോസ്ഫിയര്‍. ആപേക്ഷികമായി ഉയര്‍ന്നതെന്നു പറയുമ്പോള്‍ ഇതത്ര അധികമൊന്നുമുണ്ടെന്ന് അര്‍ത്ഥമാക്കേണ്ടതില്ല. ഭൌമാന്തരീക്ഷത്തിലെ മറ്റു വാതകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കേവലം 0.6 ppm (Parts per million) മാത്രമാണ്. അന്തരീക്ഷ പാളിയായ സ്ട്രോറ്റോസ്ഫിയറിലാണ് ഓസോണിന്റെ 90 ശതമാനവും കാണപ്പെടുന്നത്. ഭൌമോപരിതലത്തില്‍ നിന്നും ഏകദേശം 12 കിലോമീറ്റര്‍ മുകളിലായാണ് സ്ട്രാറ്റോസ്ഫിയര്‍ ആരംഭിക്കുന്നത്. 50 കിലോമീറ്റര്‍ ഉയരംവരെ അന്തരീക്ഷത്തില്‍ ഓസോണ്‍ സാന്നിധ്യമുണ്ടാകും. എന്നാല്‍ ഇതത്ര കൃത്യമായ കണക്കല്ല. ഭൌമചലനങ്ങളും കാലിക വ്യതിയാനങ്ങളും ഓസോണ്‍ പാളിയെന്ന പുതപ്പിന്റെ കട്ടി വ്യത്യാസപ്പെടുത്താറുണ്ട്.
ഫ്രഞ്ച് ഭൌതിക ശാസ്ത്രജ്ഞരായ ചാള്‍സ് ഫാബ്രി, ഹെന്റി ബ്യൂസണ്‍ എന്നിവര്‍ ചേര്‍ന്നാണ് ആദ്യമായി ഓസോണ്‍ പാളി കണ്ടെത്തുന്നത്. 1913ലായിരുന്നു ഇത്. പിന്നീട് ബ്രിട്ടീഷ് കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജി.എം.ബി. ഡോബ്സണ്‍ ആണ് ഈ പുതപ്പിന്റെ സവിശേഷതകള്‍ ഓരോന്നായി അനാവരണം ചെയ്തത്. അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് ഭൂമിയില്‍ നിന്നുകൊണ്ടുതന്നെ കണക്കുകൂട്ടുന്നതിനുള്ള ഒരുപകരണവും അദ്ദേഹം കണ്ടുപിടിച്ചു. ഡോബ്സണ്‍ മീറ്റര്‍ എന്നാണീ ഉപകരണത്തിനു പറയുന്ന പേര്. 1928നും 1958നും ഇടയില്‍ ലോകവ്യാപകമായി ഓസോണ്‍ പഠനത്തിനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ഡോബ്സണ്‍ മുന്‍കൈ എടുത്തു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഓസോണ്‍ സാന്ദ്രതയുടെ ഏകകം ഡോബ്സണ്‍ യൂണിറ്റ് എന്നാണറിയപ്പെടുന്നത്. പോള്‍ ക്രുറ്റ്സണ്‍, മാരിയോ മോളിനോ, ഫ്രാങ്ക്.എസ്.റോളണ്ട് എന്നീ നോബല്‍ സമ്മാനര്‍ഹരായ ശാസ്ത്രജ്ഞരും ഓസോണ്‍ പാളിയേക്കുറിച്ച് പഠനം നടത്തിയ പ്രമുഖരില്‍ പെടുന്നു.
ഓസോണ്‍ ഉണ്ടാകുന്നത്
1930ല്‍ ബ്രിട്ടീഷ് ഭൌതികശാസ്ത്രജ്ഞനായ സിഡ്നി ചാപ്മാനാണ് ഓസോണിന്റെ ഫോട്ടോ കെമിക്കല്‍ മെക്കാനിസം കണ്ടുപിടിച്ചത്. മൂന്ന് ഓക്സിജന്‍ ആറ്റങ്ങള്‍ കൂടിച്ചേര്‍ന്ന തന്മാത്രയാണ് ഓസോണ്‍ (O3). പ്രാണവായുവില്‍ രണ്ട് ഓക്സിജന്‍ ആറ്റങ്ങളാണുള്ളത് (O2). രൂക്ഷ ഗന്ധവും അപകടകരമാംവിധം വിഷവുമുള്ള വാതകമാണ് ഓസോണ്‍. മണക്കാനുള്ളത് എന്നര്‍ത്ഥം വരുന്ന ഓസീന്‍ എന്ന ഗ്രീക്കുപദത്തില്‍ നിന്നാണ് ഓസോണ്‍ എന്ന പേരുണ്ടായത്. വാതകസാന്ദ്രതയുടെയും ഊഷ്മാവിന്റെയും അടിസ്ഥാനത്തില്‍ ഭൌമാന്തരീക്ഷത്തെ അഞ്ചു പാളികളായി കണക്കാക്കാന്‍ കഴിയും. ഭൌമോപരിതലത്തിനു തൊട്ടു മുകളില്‍ ട്രോപ്പോസ്ഫിയര്‍, പിന്നെ സ്ട്രാറ്റോസ്ഫിയര്‍,മെസോസ്ഫിയര്‍,അയണോസ്ഫിയര്‍,എക്സോസ്ഫിയര്‍ എന്നിങ്ങനെ. ഇവയില്‍ സ്ട്രാറ്റോസ്ഫിയറിലുള്ള (ഭൌമോപരിതലത്തില്‍ നിന്നും ഏകദേശം 12 കിലോമീറ്ററിനു മുകളിലാണ് സ്ട്രാറ്റോസ്ഫിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ ഇതിന് കൃത്യമായ അതിര്‍ത്തിയൊന്നുമില്ല) ഓക്സിജന്‍ തന്മാത്ര (O2)കളുമായി സൂര്യനില്‍ നിന്നും പുറപ്പെടുന്ന അള്‍ട്രാവയലറ്റ് (UV) വികിരണങ്ങള്‍ കൂട്ടിമുട്ടുകയും ഓക്സിജന്‍ തന്മാത്രകളെ സ്വതന്ത്ര ഓക്സിജന്‍ ആറ്റങ്ങളായി (Atomic Oxygen) വിഘടിപ്പിക്കുകയും ചെയ്യും. ഇങ്ങനെ സ്വതന്ത്രമായ ഓക്സിജന്‍ ആറ്റങ്ങള്‍ മറ്റ് ഓക്സിജന്‍ തന്മാത്രകളുമായി കൂടിച്ചേര്‍ന്നാണ് ഓസോണ്‍ സൃഷ്ടിക്കപ്പെടുന്നന്നത് (O2+O1->03). അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ഓസോണ്‍ തന്മാത്രയില്‍ പതിക്കുമ്പോള്‍ അവ വീണ്ടും ഒരു ഓക്സിജന്‍ തന്മാത്രയും ഒരു സ്വതന്ത്ര ഓക്സിജന്‍ ആറ്റവുമായി സംഘടിക്കും. ഈ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കും. ഓസോണ്‍-ഓക്സിജന്‍ ചക്രം (Ozone-Oxygen Cycle) എന്നാണിതിനു പറയുന്ന പേര്. ഓസോണ്‍ ഓക്സിജനായും, തിരിച്ചും മാറിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനം നിരന്തരം നടന്നുകൊണ്ടിരിക്കുകയാണെന്നര്‍ത്ഥം. ഭൌമോപരിതലത്തില്‍ നിന്നും 10 മുതല്‍ 50 വരെ കിലോമീറ്ററിനുള്ളിലാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്. അന്തരീക്ഷത്തിലുള്ള ഓസോണിന്റെ 90 ശതമാനവും സ്ട്രാറ്റോസ്ഫിയറിലാണുള്ളത്. ശേഷിക്കുന്ന 10 ശതമാനം ട്രോപ്പോസ്ഫിയറിലും. ഇനി ഈ ഓസോണിനെയൊന്നാകെ സമുദ്രനിരപ്പിലുള്ള വാതക മര്‍ദ്ദത്തിലേക്ക് കൊണ്ടുവന്നുവെന്നിരിക്കട്ടെ. അപ്പോഴതിന്റെ കട്ടി വെറും 3 മില്ലീമീറ്റര്‍ മാത്രമായിരിക്കും! ഭൌമോപരിതലത്തില്‍ ഓസോണ്‍ തന്മാത്രകള്‍ക്ക് അധികം നിലനില്‍പ്പില്ല. എന്നാല്‍ സ്ട്രോറ്റോസ്ഫിയറില്‍ സ്ഥിതി ഇതിനു വിപരീതമാണ്.
ഓസോണ്‍ തുളകള്‍ (Ozone Holes)
പേരു സൂചിപ്പിക്കുന്നതുപോലെ ഓസോണ്‍ വാതകം തീരെ കാണപ്പെടാത്ത ഭാഗമൊന്നുമല്ല ഓസോണ്‍ തുളകള്‍. ചുറ്റുപാടുകളെ അപേക്ഷിച്ച് ഓസോണ്‍ സാന്ദ്രത കുറഞ്ഞ ഭാഗം എന്നുമാത്രമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഓഗസ്റുമുതല്‍ ഒക്ടോബര്‍വരെയുള്ള മാസങ്ങളിലാണ് ഈ പ്രതിഭാസം സാധാരണയുണ്ടാകുന്നത്. അന്റാര്‍ട്ടിക്കയുടെ ഭാഗത്താണ് ഈ പ്രതിഭാസം കൂടുതല്‍ തീവ്രമാകുന്നത്. ഓസോണ്‍ പാളിയുടെ സാന്ദ്രത 220 ഡോബ്സണ്‍ യൂണിറ്റിലും (220 DU) കുറവു വരുന്ന മേഖലയെ ഓസോണ്‍ തുളയായി കണക്കാക്കാവുന്നതാണ്. സൌരജ്വാലകള്‍ തീവ്രമാകുന്നതും അഗ്നിപര്‍വത സ്ഫോടനങ്ങളും ഓസോണ്‍ പാളിയെ ക്ഷയിപ്പിക്കുന്നുണ്ട്. അതിനുപുറമെ മനുഷ്യനിര്‍മിതമായ രാസവസ്തുക്കളുടെ പ്രവര്‍ത്തനം ഓസോണ്‍ പുതപ്പിനെ ഛിന്നഭിന്നമാക്കാന്‍ തക്കവണ്ണം തീവ്രമാണ്. നൈട്രിക് ഓക്സൈഡ് (NO), നൈട്രസ് ഓക്സൈഡ് (N2O), ഹൈഡ്രോക്സിന്‍ (OH), ക്ളോറിന്‍ (CI) ബ്രോമിന്‍ (Br), ക്ളോറോഫ്ളൂറോ കാര്‍ബണുകള്‍ (CFC), ബ്രോമോ ഫ്ളൂറോ കാര്‍ബണുകള്‍ (BrFC), ഹാലോണുകള്‍... എന്നിങ്ങനെ പട്ടിക നീളുകയാണ്. ഇവയില്‍ ശീതീകാരികളില്‍ ഉപയോഗിക്കുന്ന ക്ളോറോഫ്ളൂറോ കാര്‍ബണുകളും, നൈട്രസ് ഓക്സൈഡുമാണ് ഓസോണ്‍ പാളിയുടെ പ്രധാന ശത്രുക്കള്‍, സ്ട്രാറ്റോസ്ഫിയറിലെത്തുന്ന ക്ളോറിന്‍, ബ്രോമിന്‍ തന്മാത്രകളില്‍ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ പതിക്കുമ്പോള്‍ അവയില്‍ നിന്ന് ആറ്റങ്ങള്‍ സ്വതന്ത്രമാക്കപ്പെടുകയും അവ ഓസോണ്‍ തന്മാത്രകളെ ആക്രമിക്കുകയും ചെയ്യും. ശൃംഖലാ പ്രവര്‍ത്തനം (Chain Reaction) വഴി ഒരു ക്ളോറിന്‍ ആറ്റം ഒരുലക്ഷം ഓസോണ്‍ തന്മാത്രകളെ നശിപ്പിച്ചുകളയും. അള്‍ട്രാവയലറ്റ് വികിരണങ്ങളെ ആഗിരണം ചെയ്യുന്നതിനുള്ള കഴിവ് ഓസോണിന് നഷ്ടപ്പെടുന്നതോടെ അപകടകാരികളായ അള്‍ട്രാവയലറ്റ്-ബി വികിരണങ്ങള്‍ ഭൌമോപരിതലത്തിലെത്തും. ഉത്തരാര്‍ദ്ധഗോളത്തില്‍ ഓരോ ദശകത്തിലും ഓസോണ്‍ പാളിയുടെ കട്ടി 4 ശതമാനം വീതം കുറയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
നിങ്ങള്‍ക്കറിയാമോ ?
പരിഹാരങ്ങളെന്തെല്ലാം ?
മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍:
1978ല്‍ അമേരിക്കന്‍ ഐക്യനാടുകളിലെയും കാനഡ, നോര്‍വേ എന്നീ രാജ്യങ്ങളിലേയും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ ക്ളോറോഫ്ളൂറോ കാര്‍ബണുകള്‍ അടങ്ങിയ എയ്റോസോള്‍ സ്പ്രേകള്‍ ഓസോണ്‍ പാളിയെ ക്ഷയിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ യൂറോപ്യന്‍ മുതലാളിത്ത രാജ്യങ്ങളും അമേരിക്ക തന്നെയും ഇത്തരം രാസവസ്തുക്കളുടെ ഉല്പാദനത്തിലും ഉപയോഗത്തിലും നിയന്ത്രണം എര്‍പ്പെടുത്തിയില്ല. റെഫ്രിജറേഷനിംഗിലും മറ്റു വ്യവസായങ്ങളിലും ഇവയുടെ ഉപയോഗം കൂടിവന്നതേയുള്ളൂ. 1985ല്‍ അന്റാര്‍ട്ടിക്കയ്ക്കു മുകളില്‍ ഓസോണ്‍ തുള കണ്ടെത്തിയതോടെയാണ് സംഭവത്തന്റെ ഗൌരവം ഭരണാധികാരികള്‍ക്കു മനസ്സിലാക്കുന്നത്. അതേത്തുടര്‍ന്ന് 1987 സെപ്തംബര്‍ 16ന് കാനഡയിലെ മോണ്‍ട്രിയലില്‍വച്ച് 24 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന് ഒരുടമ്പടി രൂപീകരിച്ചു. മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍ എന്നറിയപ്പെട്ട ഈ ഉടമ്പടിപ്രകാരം സി.എഫ്.സി. ഉല്പാദനം ക്രമേണ കുറച്ചുകൊണ്ടുവന്ന് 1996 ആകുമ്പോഴേയ്ക്കും പൂര്‍ണമായി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. 160 രാജ്യങ്ങള്‍ ഇന്ന് ഈ ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുണ്ട്. 1996ല്‍ സി.എഫ്.സി. ഉല്പാദനം പൂര്‍ണമായി നിര്‍ത്തലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും വികസിത രാഷ്ട്രങ്ങളില്‍ ഇപ്പോള്‍ സി.എഫ്.സി. ഉല്പാദനം നടക്കുന്നില്ല. ഈ നീക്കത്തിന് ഫലമുണ്ടാകുന്നുണ്ട്. ഓസോണ്‍ പാളിക്കുണ്ടാവുന്ന ക്ഷയത്തിന്റെ തോത് ഇപ്പോള്‍ കുറഞ്ഞുവരുന്നുണ്ടെന്നത് ആശ്വാസകരമാണ്. 1987ല്‍ ഉടമ്പടി നിലവില്‍ വന്നെങ്കിലും 1995 സെപ്തംബര്‍ 16 മുതലാണ് ലോകവ്യാപകമായി ഓസോണ്‍ ദിനാചരണം ആരംഭിക്കുന്നത്. 1992 സെപ്തംബറില്‍ ഇന്ത്യയും ഉടമ്പടിയുടെ ഭാഗമായി.
ഓസോണ്‍ പാളിയും കാലാവസ്ഥാ വ്യതിയാനവും
കാര്‍ബണ്‍ഡയോക്സൈഡ് പോലെയുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ ട്രോപ്പോസ്ഫിയറിന്റെ ഊഷ്മാവ് വര്‍ധിപ്പിക്കുമ്പോള്‍ അതിന് ആനുപാതികമായി സ്ട്രാറ്റോസ്ഫിയറിന്റെ താപനില താഴും. ഇത് ഓസോണ്‍ വിഘടനത്തിന്റെ തോതു വര്‍ദ്ധിപ്പിക്കുകയും ഓസോണ്‍ തുളകള്‍ക്ക് കാരണമാവുകയും ചെയ്യും. സ്ട്രാറ്റോസ്ഫിയര്‍ തണുക്കുന്നതോടെ സൌരവികിരണങ്ങള്‍ ആഗിരണം ചെയ്യാനുള്ള അതിന്റെ കഴിവും നഷ്ടപ്പെടും. അതോടെ ഭൂമിയിലെ ജീവന്റെ നിലനില്‍പിനു തന്നെ ഭീഷണിയായിത്തീരും.
തലമുറകളിലൂടെ കൈമാറിവന്ന ഈ ഭൂമിയും ഇതിലെ വിഭവങ്ങളും അടുത്ത തലമുറകള്‍ക്കും എല്ലാ ജീവജാലങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. മനുഷ്യന്റെ ഉപഭോഗാസക്തിയും ആഡംബര ഭ്രമവും ഈ ഗ്രഹത്തിന്റെ നിലനില്‍പിനുതന്നെ ഭീഷണിയാവുന്ന തരത്തിലാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. അതിനനുവദിച്ചുകൂടാ.
This e-mail address is being protected from spambots. You need JavaScript enabled to view it 9656363145