പുന്നപ്ര വയലാര്‍
മറ്റൊരു ഒക്ടോബര്‍ ഇതിഹാസം
ഡോ.പി.മോഹന്‍ദാസ്
![]() |
|
ഭരണകൂടത്തിന്റെ കിരാതമായ മുഖം അതിന്റെ എല്ലാ ഭീകരതയോടെയും പുന്നപ്രവയലാറില്‍ അരങ്ങുതകര്‍ത്തെങ്കിലും അധ്വാനിക്കുന്നവന്റെ ചോരയുടെ ഗന്ധം ഒരു പുതിയ കാലത്തിന്റെ, ജനാധിപത്യത്തിന്റെ സുഗന്ധമായിമാറി. കേരളീയ ജനത ജനാധിപത്യ ജനകീയ കേരളത്തെ വളര്‍ത്തിയെടുത്തത് ഈ ചോരപ്പുഴയിലൂടെ നീന്തിക്കയറിക്കൊണ്ടാണെന്നത് നമുക്ക് മറക്കാതിരിക്കാം |
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ ചരിത്രത്തില്‍ ഒരു നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറില്‍ സംഘടിതരായ തൊഴിലാളികളും കര്‍ഷകരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുതിയൊരു സമരഗാഥ രചിക്കുകയായിരുന്നു. തിരുവിതാംകൂറിന്റെ ഭാവി നിര്‍ണയിക്കുന്നത് പ്രായപൂര്‍ത്തി വോട്ടവകാശത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായിരിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടു. ഇതോടൊപ്പം യുദ്ധം വിതച്ച നാശങ്ങളുടെ ബാക്കിപത്രമായ വിലക്കയറ്റവും ക്ഷാമവും പട്ടിണിയും ജനങ്ങളുടെ സാധാരണ ജീവിതത്തെ പൂര്‍ണ്ണമായും ഉലച്ചുകഴിഞ്ഞിരുന്നു. 1946 ജൂലൈ മാസം ആലപ്പുഴയിലും തിരുവനന്തപുരത്തും വൈക്കത്തും മറ്റും പ്രതിഷേധം രൂക്ഷമായി.
അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ സ്ഥിതി കൂടുതല്‍ രൂക്ഷമായിരുന്നു. കര്‍ഷകരുടെയുതൊഴിലാളികളുടെയും ദുരിത ജീവിതത്തെ ഒന്നുകൂടി ശക്തിപ്പെടുത്തിയ ജന്മി-നാടുവാഴി മേധാവിത്വം ഇവിടെ ശക്തമായിരുന്നു. സര്‍ക്കാരും പോലീസും ഇവിടെ അവരെ സഹായിച്ചു. മുന്നറിയിപ്പില്ലാതെ കുടികിടപ്പുകാരെ ഒഴിപ്പിക്കല്‍, എതിര്‍ക്കുന്നവരെ ഗുണ്ടാപ്പടയെക്കൊണ്ട് തെങ്ങില്‍ പിടിച്ചുകെട്ടി മര്‍ദ്ദിക്കല്‍ തുടങ്ങിയവ അഭംഗുരം നടന്നു. ജന്മിമാരുടെ നേതൃത്വത്തില്‍ സഘടിപ്പിച്ചിരുന്ന റൌഡിസംഘങ്ങള്‍ സ്വതന്ത്ര തിരുവിതാംകൂറിന് വേണ്ടിയും രാജദഭരണത്തിനനുകൂലമായും മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രകടനങ്ങള്‍ നടത്തി.
ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളും കൊടിയ ചൂഷണത്തിന് വിധേയരായി. ഒരു പുതിയ മുതലാളി വര്‍ഗ്ഗമായി ഉയര്‍ന്ന കയര്‍ ഫാക്ടറി ഉടമകള്‍ തൊഴിലാളികളോടു ക്രൂരമായാണ് പെരുമാറിയത്. സംഘടിപ്പിച്ച ശക്തരായ കയര്‍ തൊഴിലാളികള്‍ മറ്റു തൊഴിലാളി വിഭാഗങ്ങളേയും തങ്ങളോടൊന്നിച്ച് നിര്‍ത്തുന്നതില്‍ വിജയിച്ചു. ബീഡിത്തൊഴിലാളികള്‍, തയ്യല്‍ തൊഴിലാളികള്‍, ചെത്തു തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി എല്ലാവിഭാഗം തൊഴിലാളികളും ശക്തമായ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ഭാഗമായിമാറി. കമ്മ്യൂണിസ്റ്റ് പാര്‍ടി ഈ തൊഴിലാളി-കര്‍ഷകവിഭാഗങ്ങളെ ഒരുമിച്ച് ഒരു കൊടിക്കീഴില്‍ അണിനിരത്തി.
യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടപ്പോള്‍ ആലപ്പുഴയിലും ചേര്‍ത്തലയിലും പരിസരപ്രദേശങ്ങളിലും തൊഴിലാളി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ അടിച്ചമര്‍ത്തലുകള്‍ ആരംഭിച്ചു. ജന്മികളും മുതലാളിമാരും അവരുടെ ഗുണ്ടാസംഘങ്ങളെ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ഫാക്ടറി തൊഴിലാളികള്‍ക്കുമെതിരെ ഇളക്കിവിട്ടു.
ഒക്ടോബര്‍ ഒന്നിന് ദിവാന്‍ സര്‍ സി.പി അടിയന്തിരധികാര നിയമമുപയോഗിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും തൊഴിലാളി യൂണിയനുകളെയും നിരോധിച്ചു. മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും കൊടി ഉയര്‍ത്തുന്നതും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതും നിയമവിരുദ്ധമാക്കി.
ദിവാന്‍ പ്രഖ്യാപിച്ച അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്കാരത്തിനെതിരെയും ഒരു ജനാധിപത്യ ഇന്ത്യയെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാനും ഒപ്പം പട്ടിണിക്കും കാമത്തിനും അറുതിവരുത്തി ജന്മി-മുതലാളി-സാമ്രാജ്യത്വ-രാജകീയ തേര്‍വാഴ്ചയ്ക്കെതിരെ സര്‍വശക്തിയുമുപയോഗിച്ച് പ്രഹരമേല്‍പ്പിക്കാനും കമ്മ്യൂണിസ്റ്റ് പാര്‍ടിയും തൊഴിലാളി യൂണിയനുകളും ഉറച്ചു. ഒക്ടോബര്‍ 21-ാം തീയതി തൊഴിലാളികള്ഡ പണിമുടക്ക് ആഹ്വാനം ചെയ്തു. ദിവാന്‍ ഭരണം അവസാനിപ്പിക്കുക, ഉത്തരവാദ ഭരണം അനുവദിക്കുക, പോലീസ് ക്യാമ്പുകള്‍ പിന്‍വലിക്കുക, രഷ്ട്രീയത്തടവുകാരെ വിട്ടയക്കുക തുടങ്ങി 26 ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒക്ടോബര്‍ 22-ാം തീയതി മുതല്‍ തൊഴിലാളികള്‍ പണിമുടക്കാരംഭിച്ചു. നായിക തൊഴിലാളികളടക്കം എല്ലാ വിഭാഗം തൊഴിലാളികളും പണിമുടക്കില്‍ പങ്കുചേര്‍ന്നു. അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ പൊതുജീവിതം സ്തംഭിച്ചു. ദിവാന്‍ സര്‍ സി.പി.ചേര്‍ത്തലയിലും അമ്പലപ്പുഴയിലും പട്ടാളഭരണം ഏര്‍പ്പെടുത്തി സേനാനായകത്വം സ്വയം ഏറ്റെടുത്തു.
ഒക്ടോബര്‍ 24-ാം തീയതി തൊഴിലാളി ജാഥകള്‍ പുന്നപ്ര പോലീസ് ക്യാമ്പ് ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്തു. ജനക്കൂട്ടത്തിന് നേരെ പോലീസ് നിഷ്കരുണം വെടിവെപ്പ് നടത്തി. നിരവധി തൊഴിലാളികള്‍ തല്‍ക്ഷണം മരിച്ചുവീണു. എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതിന് കൃത്യമായ കണക്കുകളില്ല. വെടിയേറ്റു മരിച്ചവരുടെ ശവശരീരങ്ങള്‍ അടുത്തദിവസം ആലപ്പുഴ വലിയ ചുടുകാട്ടില്‍ കൂമ്പരമായി കൂട്ടി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ദഹിപ്പിച്ചു. ഒക്ടോബര്‍ 25ന് മോനാശ്ശേരിയിലും മാരാരിക്കുളത്തും പോലീസ് ക്രൂരമായ നരവേട്ട നടത്തി. പോലീസ് വെടിവെപ്പില്‍ നിരവധിപേര്‍ രക്തസാക്ഷികളായി.
സമരക്കാര്‍ കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ലഘുലേഖ വിമാനത്തിലൂടെ വിതരണം ചെയ്തു. സമര ഭടന്മാരുടെ ഏറ്റവും വലിയ ക്യാമ്പ് വയലാര്‍ ആയിരുന്നു. ഒക്ടോബര്‍ 27-ാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ടര മണിക്ക് വയലാര്‍ ക്യാമ്പിന്റെ മൂന്ന് വശവും പട്ടാളക്കാര്‍ ബോട്ടുകളില്‍വന്ന് വളഞ്ഞു. ഒരുസംഘം കരമാര്‍ഗവും കടന്നുവന്നു. നാലുവശങ്ങളിലൂടെയും പട്ടാളക്കാര്‍ യന്ത്രത്തോക്കുകളുപയോഗിച്ച് വെടിവെക്കാനാരംഭിച്ചു. ക്യാമ്പിലുണ്ടായിരുന്നവര്‍ നിലത്തുകമഴ്ന്നുകിടന്ന് പട്ടാളക്കാര്‍ക്ക് നേരെനീങ്ങി. എന്നാല്‍ യന്ത്രത്തോക്കുകളില്‍ നിന്ന് തുരുതുരെ വര്‍ഷിച്ച വെടിയുണ്ടകള്‍ ധീരരായ സഖാക്കളെ കൊന്നൊടുക്കി. ആ പ്രദേശം മുഴുവന്‍ ശവശരീരങ്ങള്‍ കൊണ്ടുനിറഞ്ഞു. ജലാശയങ്ങള്‍ രക്തംകൊണ്ട് ചുവന്നു.
പുന്നപ്രയും വയലാറും കേരളത്തിലെ രണ്ട് അനശ്വരഗ്രാമങ്ങളായി. ജാലിയന്‍ വാലാബാഗിലെ കൂട്ടക്കൊലയെ അനുസ്മരിപ്പിക്കുന്ന അംഗങ്ങളാണ് പുന്നപ്രയിലും വയലാറിലും അരങ്ങേറിയത്. ഭരണകൂടത്തിന്റെ ഭീകരതയ്ക്കുമുന്നില്‍ ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ അസാമാന്യ ധീരതയുടെ ഇതിഹാസം രചിച്ച പുന്നപ്രയും വയലാറും ഒഴുക്കിയ ചോരച്ചാലുകള്‍ പക്ഷെ, രാജഭരണത്തിന്റെയും ദുഷ്ടനായ ദിവാന്റെയും അധികാര കുത്തകയ്ക്ക് അറുതിവരുത്തി. കൃത്യം ഒരുവര്‍ഷംകൊണ്ട് തിരുവിതാംകൂര്‍ പുതിയ ജനാധിപത്യഭരണത്തിലേക്ക് ഉദിച്ചുയര്‍ന്നു. ജനോപകാര തല്‍പ്പരനെന്ന് പലരും വാഴ്ത്തുന്ന തിരുവിതാംകൂര്‍ രാജാവിന് ആയിരങ്ങള്‍ വെടിയേറ്റ് മരിച്ചിട്ടും കൂസലില്ലായിരുന്നു. ഇത്രയും മനുഷ്യത്വഹീനമായ പെരുമാറ്റമുണ്ടായിട്ടും മനസ്സലിയാത്ത ചിത്തിരത്തിരുന്നാള്‍ ഈ ഭീകരതയ്ക്ക് നേതൃത്വം കൊടുത്ത സര്‍ സി.പിക്ക് തിരുവനന്തപുരത്ത് വെച്ച് വെട്ടേറ്റപ്പോള്‍ മാത്രമാണ് ഞെട്ടിത്തെറിച്ചത്.
ഭരണകൂടത്തിന്റെ കിരാതമായ മുഖം അതിന്റെ എല്ലാ ഭീകരതയോടെയും പുന്നപ്രവയലാറില്‍ അരങ്ങുതകര്‍ത്തെങ്കിലും അധ്വാനിക്കുന്നവന്റെ ചോരയുടെ ഗന്ധം ഒരു പുതിയ കാലത്തിന്റെ, ജനാധിപത്യത്തിന്റെ സുഗന്ധമായിമാറി. കേരളീയ ജനത ജനാധിപത്യ ജനകീയ കേരളത്തെ വളര്‍ത്തിയെടുത്തത് ഈ ചോരപ്പുഴയിലൂടെ നീന്തിക്കയറിക്കൊണ്ടാണെന്നത് നമുക്ക് മറക്കാതിരിക്കാം.