ദുഷ്ടനായ ഒരു കുട്ടി
ആന്റണ്‍ ചെക്കോവ്
നല്ലവേഷം ധരിച്ച യുവാവായ ഇവാന്‍ ഇവാനിച്ച് ലാപ്കിനും അല്‍പം വളഞ്ഞ മൂക്കുള്ള അന്ന സെമിയൊനൊവ്ന സാംബ്ളിസ്കയ എന്ന പെണ്‍കുട്ടിയും തീരത്തേക്കിറങ്ങി ഒരു ചെറിയ ബഞ്ചിന്‍മേല്‍ ഇരുന്നു. ഇടതൂര്‍ന്ന് വളരുന്ന പൊന്തകള്‍ക്കിടയില്‍ ജലത്തോട് ചേര്‍ന്നാണ് ബഞ്ച് ഉണ്ടായിരുന്നത്. എന്തൊരു മനോഹരമായ സ്ഥലം! ഒരു തവണ നിങ്ങള്‍ അവിടെ ഇരുന്നു കഴിഞ്ഞാല്‍, നിങ്ങള്‍ ഈ ലോകത്തില്‍ നിന്നുതന്നെ ഒളിപ്പിക്കപ്പെട്ടവനായിരിക്കും. മത്സ്യങ്ങളും, വെള്ളത്തിനുമുകളില്‍ ഒരു മിന്നല്‍പോലെ പായുന്ന ജലകടുവകളും മാത്രം നിങ്ങളെ കാണും. ആ ഇളം പ്രായക്കാരുടെ കൈയ്യില്‍ ചൂണ്ടക്കോല്‍, വലകള്‍, പുഴുക്കളുള്ള ഡപ്പി എന്നിവ കൂടാതെ മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന മറ്റുപകരണങ്ങളും ഉണ്ടായിരുന്നു; ഇരുന്നുകൊണ്ട് അവര്‍ മീന്‍പിടിക്കാന്‍ തുടങ്ങി.
"അവസാനം നമ്മള്‍ ഒറ്റയ്ക്കായതില്‍ എനിക്ക് സന്തോഷമുണ്ട്.'' ചുറ്റും നോക്കിക്കൊണ്ട് ലാപ്കിന്‍ തുടങ്ങി. “അന്നാ സെമിയൊനൊവ്നാ, എനിക്ക് നിന്നോട് ധാരാളം കാര്യങ്ങള്‍ പറയാനുണ്ട്. ഗംഭീരമായ ധാരാളം കാര്യങ്ങള്‍. ഞാന്‍ നിന്നെ ആദ്യമായി കണ്ടപ്പോള്‍... നിനക്ക് ഒരു മീന്‍കൊത്ത് കിട്ടിയിട്ടുണ്ട്. അപ്പോള്‍ ഞാന്‍ എന്തിനുവേണ്ടിയാണ് ജീവിക്കുന്നതെന്ന് മനസ്സിലായി എന്റെ ഭക്തിയും ഊര്‍ജ്ജസ്വലമായ ജീവിതവും ആര്‍ക്കാണ് സമര്‍പ്പിക്കേണ്ടതെന്ന്... കൊത്തുന്ന ഏറ്റവും വലുത് അതായിരിക്കണം... നിന്നെ കാണുമ്പോള്‍, ആദ്യം എനിക്ക് പ്രണയം തോന്നുന്നു. ഞാന്‍ തീക്ഷ്ണമായ പ്രണയത്തിലാണെന്ന് തോന്നുന്നു! അത് ഇളക്കും മുമ്പായി ഒരല്‍പം കൂടി കാത്തു നോക്കൂ, അത് നന്നായിട്ട് കൊത്തട്ടെ... എന്നോട് പറയൂ. എന്റെ പ്രിയേ, ഞാന്‍ നിന്നോട് കെഞ്ചുകയാണ്, ഞാന്‍ എണ്ണാന്‍ തുടങ്ങട്ടെ. പരസ്പര ധര്‍മ്മത്തിനല്ല, അല്ല! അതിന് ഞാന്‍ അര്‍ഹനല്ല, അതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഞാന്‍ മുതിരുന്നില്ല ഞാന്‍ എണ്ണാന്‍ തുടങ്ങട്ടെ...”
“വലിക്ക്!'' അന്ന സെമിയൊനൊവ്ന ചൂണ്ടക്കോല്‍ പിടിച്ചുവലിച്ച് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി കൊണ്ട് തന്റെ കൈ ഉയര്‍ത്തി. ഒരു ചെറിയ പച്ച നിറത്തിലുള്ള മത്സ്യം വായുവില്‍ മിന്നി.
"എന്റെ ദൈവമേ, ഒരു വരാല്‍! ആഹ്... ആ.. വേഗം! അത് അതാ ചാടിപ്പോകുന്നു!''
വരാല്‍ ചൂണ്ടക്കൊളുത്തില്‍ നിന്ന് സ്വതന്ത്രമായി, തന്റെ സഹജമായ പ്രകൃതിയുടെ നേര്‍ക്ക് പുല്ലിലൂടെ പതുക്കെ ചാടി... വെള്ളത്തിലേക്ക് ഊളിയിട്ടു.
മത്സ്യത്തെ പിന്തുടരാനുള്ള ശ്രമത്തില്‍ ലാപ്കിന്‍ മത്സ്യത്തിനു പകരം എങ്ങനെയോ അശ്രദ്ധമായി അന്ന സെമിയൊനൊവ്നയുടെ കൈ കടന്നുപിടിച്ചു. അശ്രദ്ധമായി അത് അവന്റെ ചുണ്ടുകള്‍ക്ക് മേല്‍ അമര്‍ത്തി. അവള്‍ കൈ പിന്‍വലിച്ചു. പക്ഷെ, അവള്‍ വൈകിപ്പോയി. അവരുടെ ചുണ്ടുകള്‍ അശ്രദ്ധമായി ഒരു ചുംബനത്തില്‍ ലയിച്ചുപോയിരുന്നു. ആദ്യത്തേതിനു പിറകെ മറ്റൊരു ചുംബനം കൂടി നടന്നു. അനന്തരം ഈശ്വരപ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളും. എത്ര സന്തോഷകരമായ നിമിഷങ്ങള്‍! എന്നിരുന്നാലും ഈ ഭൌതികജീവിതത്തില്‍ പരിപൂര്‍ണ്ണമായ സന്തോഷം ഇല്ല. സന്തോഷം അതിന്റെയുള്ളില്‍ ഒരു വിഷം വഹിക്കുന്നുണ്ട്. അല്ലെങ്കില്‍ പുറത്തുനിന്നുള്ള എന്തെങ്കിലുമൊന്ന് അതിനെ വിഷമയമാക്കുന്നുണ്ട്. അത് ഇവിടെയുമുണ്ട്. ആ ഇളംപ്രായക്കാര്‍ ചുംബിച്ചുകൊണ്ടിരുന്നപ്പോള്‍, ഒരു ചിരി പെട്ടെന്ന് മുഴങ്ങി. അവര്‍ നദിയിലേക്ക് നോക്കി, ഞെട്ടിപ്പോയി: ഒരു നഗ്നനായ ബാലന്‍ അവന്റെ അരയോളം വെള്ളത്തിനുമുകളില്‍ ദൃശ്യമാക്കിക്കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. അത് സ്കൂള്‍ വിദ്യാര്‍ത്ഥിയായ കോലിയ ആയിരുന്നു, അന്ന സെമിയൊനൊവ്നയുടെ സഹോദരന്‍. അവന്‍ അവരെ തുറിച്ചുനോക്കി, ക്രൂരമായി ചിരിച്ചുകൊണ്ട് വെള്ളത്തില്‍ നില്‍ക്കുകയായിരുന്നു.
"ആഹാ..ഹാ.. നിങ്ങള്‍ ചുംബിക്കുകയാണല്ലേ?'' അവന്‍ പറഞ്ഞു. "അത് ഒരു വലിയ കാര്യം തന്നെ!ഞാന്‍ അമ്മയോട് പറയും.''
"സത്യസന്ധനായ ഒരു ചെറുപ്പക്കാരനെന്ന നിലയില്‍, നിന്നെക്കുറിച്ച് ഞാന്‍ പ്രതീക്ഷിക്കുന്നത്...'' മുഖം വിവര്‍ണ്ണമായിക്കൊണ്ട് ലാപ്കിന്‍ മന്ത്രിച്ചു. "ഒറ്റിക്കൊടുക്കുന്നത് വിലകുറഞ്ഞ പണിയാണ്, കെട്ടുകഥകള്‍ പറഞ്ഞുനടക്കുന്നത് നിന്ദ്യവും മര്യാദകേടുമാണ്. ഞാന്‍ നിന്നെക്കുറിച്ച് കരുതിയത് സത്യസന്ധനും കൂലീനനുമായ ഒരു യുവാവാണെന്നാണ്...''
"എനിക്ക് ഒരു റൂബില്‍ തരൂ. എന്നാല്‍ ഞാന്‍ പറയില്ല''. കുലീനനായ ആ ചെറുപ്പക്കാരന്‍ പറഞ്ഞു. "അല്ലെങ്കില്‍ ഞാന്‍ പറയും.''
ലാപ്കിന്‍ കീശയില്‍ നിന്ന് ഒരു റൂബിള്‍ പുറത്തേക്കെടുത്ത് കോലിയക്ക് നല്‍കി. കോലിയ ആ റൂബിള്‍ അവന്റെ നനഞ്ഞ കൈക്കള്ളില്‍ ചുരുട്ടിപ്പിടിച്ച്, ചൂളമടിച്ചുകൊണ്ട് നീന്തിപ്പോയി. അതിനുശേഷം അവര്‍ അന്ന് ചുംബിച്ചതേയില്ല.
അടുത്തദിവസം നഗരത്തില്‍ നിന്ന് ലാപ്കിന്‍ ചില ചായങ്ങളും ഒരു പന്തും കോലിയക്ക് കൊണ്ടുവന്നു. അവന്റെ സഹോദരി അവളുടെ എല്ലാശൂന്യമായ മരുന്നുപെട്ടികളും അവനു നല്‍കി. അതിനുശേഷം അവര്‍ക്ക് കുപ്പായക്കൈയിന്‍മേല്‍ ധരിക്കുന്ന നായ്ക്കളുടെ തലകളുള്ള ചിത്രം പതിപ്പിച്ച വളയങ്ങള്‍ അവനു നല്‍കേണ്ടി വന്നു. ദുഷ്ടനായ ആ കുട്ടിക്ക് തീര്‍ച്ചയായും ഈ സാധനങ്ങളെല്ലാം വളരെ ഇഷ്ടപ്പെട്ടു. കൂടുതല്‍ സാധനങ്ങള്‍ കിട്ടാനായി, അവരുടെ മേല്‍ അവന്‍ ഒരു കണ്ണുവെക്കാന്‍ തുടങ്ങി. ലാപ്കിനും അന്ന സെമിയൊനൊവ്നയും പോകുന്നിടത്തെല്ലാം അവനും പേയി. ഒരു നിമിഷം പോലും അവള്‍ അവരെ തനിയെ വിട്ടില്ല.
"തന്തയില്ലാത്തവന്‍''. ലാപ്കിന്‍ പല്ലിറുമ്മി. “വളരെ ചെറുതാണ്, ഇപ്പോല്‍ത്തന്നെ അവന്‍ ശരിക്കും തന്തയില്ലാത്തവനാണല്ലോ! ഇനി എന്തൊക്കെയാണ് അവന്‍ ഇഷ്ടപ്പെടാന്‍ പോകുന്നത്?!''
ജൂണ്‍ മാസം മുഴുവനും, പാവം കമിതാക്കളുടെ ജീവിതം കോലിയ അസാധ്യമാക്കിത്തീര്‍ത്തു. അവരെ അവന്‍ ഭീഷണിപ്പെടുത്തി. അവരുടെ മേല്‍ ഒരു കണ്ണുവെച്ചു, സമ്മാനങ്ങള്‍ ആവശ്യപ്പെട്ടു. ഇതൊന്നും അവന് മതിയായിരുന്നില്ല, അവസാനം അവന്‍ ഒരു പോക്കറ്റ് വാച്ചിനെക്കുറിച്ച സംസാരിക്കാന്‍ തുടങ്ങി. അവസാനം അവര്‍ക്ക് വാച്ച് വാഗ്ദാനം ചെയ്യേണ്ടി വന്നു.
ഒരിക്കല്‍ ഭക്ഷണസമയത്ത്, ചെറിയ ബിസ്ക്കറ്റുകള്‍ വിതരണം നടത്തുമ്പോള്‍, പെട്ടെന്ന് വികൃതമായി ചിരിച്ചുകൊണ്ട്, ഒരു കണ്ണ് ചിമ്മിക്കൊണ്ട് അവന്‍ ലാപ്കിനോട് ചോദിച്ചു:
"ഞാന്‍ പറയട്ടെ? ഹൂ?''
ലാപ്കിന്‍ ഭയങ്കരമായി തിന്നാന്‍ തുടങ്ങി. അന്ന സെമിയൊനവ്ന മേശയുടെ മുമ്പില്‍ നിന്ന് ചാടിയെഴുന്നേറ്റ് അടുത്ത മുറിയിലേക്കോടി. ലാപ്കിന്‍ അന്ന സെമിയൊനൊവ്നയുമായി വിവാഹനിശ്ചയം നടത്തുന്ന ആ ദിവസം വരെ ഇതേ സ്ഥിതി തുടര്‍ന്നു. ഹൊ, എന്തൊരു സന്തോഷകരമായ ദിവസമായിരുന്നു അത്! തന്റെ വധുവിന്റെ മാതാപിതാക്കളോട് സാംസാരിച്ച്, അവരുടെ സമ്മതം വാങ്ങിയ ശേഷം ലാപ്കിന്‍ പൂന്തോട്ടത്തിലേക്ക് ഓടിച്ചെന്ന് കോലിയയെ തിരയാന്‍ തുടങ്ങി. അവനെ കണ്ടെത്തിയപ്പോള്‍ ലാപ്കിന്‍ സന്തോഷം കൊണ്ട് തേങ്ങിക്കരയുകയും ആ ദുഷ്ടനായ കുട്ടിയുടെ ചെവിയില്‍ പിടിക്കുകയും ചെയ്തു. അന്ന സെമിയൊനൊവ്നയും കോലിയയെ തിരയുകയായിരുന്നു. അവള്‍ ഓടിവന്ന് അവന്റെ മറ്റേ ചെവിയിലും പിടിച്ചു. ആ കമിതാക്കളുടെ മുഖങ്ങളില്‍ എന്തൊരു സന്തോഷമാണ് എഴുതിവെച്ചിട്ടുള്ളതെന്ന് നിങ്ങള്‍ ശരിക്കും ഒന്ന് കാണണമായിരുന്നു. ആ സമയത്ത് കോലിയ കരഞ്ഞുകൊണ്ട് അവരോട് യാചിക്കുകയായിരുന്നു.
"പ്രിയമുള്ളവരേ, സ്നേഹമുള്ളവരേ, മാലാഖമാരേ ഇനി മേലില്‍ ഞാന്‍ അങ്ങനെ ചെയ്യില്ല! ഓ, ഓ! എന്നോട് ക്ഷമിക്കൂ'' അനന്തരം, ആ ദുഷ്ടനായ കുട്ടിയുടെ ചെവി പിടിച്ചു വലിക്കുന്ന നിമിഷങ്ങളിലുള്ള ശ്വാസം നിലച്ചുപോകുന്ന നിര്‍വൃതിപോലെയുള്ള സന്തോഷം, അവര്‍ പരസ്പരം പ്രണയത്തിലായിരുന്ന സമയത്തുപോലും അനുഭവിച്ചിട്ടില്ലെന്ന് രണ്ടുപേരും സമ്മതിക്കുന്നു.
പരിഭാഷ : ഹാറൂണ്‍ റഷീദ്