ആത്മപ്രകാശനത്തിന്റെ ആകാശം
കെ സാജിത
![]() |
|
എല്ലാ മതങ്ങളും സ്ത്രീയുടെ മുഖ്യധാരയിലേക്കുള്ള കടന്നുവരവിനെ ഭയക്കുന്നു എന്നതാണ് സത്യം. ഇസ്ളാമിനകത്താണെങ്കില്‍ അത് സ്ത്രീ കളങ്കപ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ളതുകൊണ്ടാണെന്ന് പറയുന്നു. നരകത്തില്‍ കൂടുതലായി കാണുന്നത് സ്ത്രീകളെയാണെത്രെ. നമ്മുടെ നാട്ടിലാണെങ്കില്‍ ദുര്‍നടപ്പുകാരിയായ ഒരു സ്ത്രീയെയും ആറ് പുരുഷന്‍മാരെയും പിടിച്ച വാര്‍ത്തകളാണ് ഓര്‍ക്കുവാനുള്ളത്. പിന്നെയെങ്ങിനെയാണ് നരകത്തില്‍ ഈ അനുപാതം തിരിച്ചാവുന്നു? മുഹമ്മദ് നബി തന്റെ ജീവിതം കൊണ്ട് കാണിച്ച ഒരുപാടു മാതൃകകള്‍ സ്ത്രീക്ക് അനുകൂലമാണ്. പക്ഷെ അത് തുടര്‍ന്ന് വരുന്നില്ല എന്നുമാത്രമല്ല, തലതിരിച്ച് പ്രയോഗിക്കുകയും ചെയ്യുന്നു. നബി നാല്‍പതു വയസ്സുള്ള വിധവയായ ഖദീജയെ വിവാഹം ചെയ്തു എങ്കില്‍ ഇന്ന് വിധവാവിവാഹം അന്യമാണ്. ഭാര്യ മരണപ്പെട്ട 55 വയസ്സുകാരന്‍ പോലും അന്വേഷിക്കുന്നത് 18 കാരിയെയാണ്. |
സമൂഹത്തില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ അടിസ്ഥാനപരമായി ഒന്നാണെങ്കിലും സമുദായത്തിന്റെയും മതത്തിന്റെയും സവിശേഷമായ അകത്തളങ്ങളില്‍ അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. സംഘടിത മതങ്ങള്‍ക്കകത്ത് സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഇന്ന് മതത്തിന്റെ അകത്തു നിന്ന് തന്നെ ചര്‍ച്ച ചെയ്തു വരുന്നു. ജനാധിപത്യത്തിന്റെ ചെറിയ അംശങ്ങള്‍ക്കെങ്കിലും ഇടംകൊടുക്കാതെ പുതിയകാലത്തെ അഭിസംബോധന ചെയ്യാന്‍ കഴിയില്ല എന്ന അനിവാര്യമായ തിരിച്ചറിവിന്റെ ഭാഗമായിട്ടാണ് ഇത്തരം ചര്‍ച്ചകളും നിലപാടുകളും വളര്‍ന്നുവരുന്നത്.
സംഘടിതമതങ്ങള്‍ സ്ത്രീകളോട് പുലര്‍ത്തുന്ന സമീപനം എന്താണ് എന്ന അന്വേഷണം തുടങ്ങുമ്പോള്‍, ആദ്യം പരിശോധിക്കേണ്ടത് കുടുംബഘടനയെതന്നെയാണ്. പിതൃമേധാവിത്വപരമായ കുടുംബഘടനയ്ക്കകത്ത് പരിമിതമായ സ്വാതന്ത്യ്രം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവളാണ് സംഘടിതമതത്തിനകത്തെ സ്ത്രീ.
ഇസ്ളാംമതം സ്ത്രീയെ മാനിക്കുന്നു, അംഗീകരിക്കുന്നു എന്നെല്ലാം പറയുന്നുണ്ടെങ്കിലും എത്രമാത്രം; ഏതുരീതിയില്‍ തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ മാത്രമാണ് പ്രശ്നങ്ങളുടെ രൂക്ഷത ബോധ്യപ്പെടുന്നുള്ളൂ. പ്രവാചകന്‍മാരെല്ലാം പൂര്‍വ്വസ്ഥിതിയുടെ വിധ്വംസകരും പുതിയ നീതിശാസ്ത്രത്തിന്റെ ശില്‍പ്പികളുമാണ്. ഈ അര്‍ത്ഥത്തില്‍ മുഹമ്മദ് നബിയുടെ പ്രവര്‍ത്തനകാലഘട്ടത്തില്‍ പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയ നടപടികളെ എതിര്‍ക്കുകയും സ്ത്രീകള്‍ക്ക് സ്വത്തവകാശം വകവെച്ചു നല്‍കുകയും ചെയ്തു. പക്ഷെ സ്വതന്ത്രമായ വ്യക്തിത്വവും വികാരവിചാരങ്ങളുമുള്ള ഒരു മനുഷ്യജീവിയായി ഇസ്ളാം സ്ത്രീയെ പരിഗണിക്കുന്നില്ല. കശാപ്പുശാലയിലേക്ക് കൊണ്ടുപോകുന്ന മാടിനെ ജീവിക്കാന്‍ അനുവദിക്കുന്നത് മഹത്തായ കാര്യം തന്നെ. എന്നാല്‍ അത് തന്റെ ഔദാര്യമാണെന്ന ഭാവത്തോടെ അതിനെ ഒരു മരത്തില്‍ കെട്ടിയിട്ട് അതിന്റെ ഇഷ്ടം നോക്കി തിന്നാനിട്ടുകൊടുക്കുന്നരീതിയില്‍ എത്രമാത്രം സ്വാതന്ത്യ്രം പുലരുന്നുണ്ട്. കുടംബത്തിനകത്ത് സാമ്പത്തികം കൈകാര്യം ചെയ്യുന്നത് പുരുഷനാണ്. അതുകൊണ്ട് തന്നെ തീരുമാനം പുരുഷന്റേതാണ്. അറബികള്‍ പൊതുവെ കച്ചവടക്കാരായതുകൊണ്ട് ഇസ്ളാം പ്രത്യേകമായും സാമ്പത്തികശാസ്ത്രത്തിലധിഷ്ഠിതമായാണ് മുന്നോട്ട് പോകുന്നത്. വിവാഹമടക്കം എല്ലാം വ്യവഹാരമാണ്. അവിടങ്ങളിലെല്ലാം വിപണനമൂല്യമുള്ള ഒരു ചരക്ക് മാത്രമായി സ്ത്രീ തരം താഴ്ത്തപ്പെടുകയാണ്.
(സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനസംതൃപ്തിയോടുകൂടി നിങ്ങള്‍ നല്‍ക്കുക. അള്ളാഹു നിങ്ങളുടെ നിലനില്‍പ്പിനുള്ള മാര്‍ഗ്ഗമായി നിശ്ചയിച്ചു തന്നിട്ടുള്ള നിങ്ങളുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് കൈവിട്ടുകൊടുക്കരുത്. നിസാത്ത് (4))ജീവിതത്തിന്റെ ഒരു ഘട്ടത്തിലും സ്ത്രീകളുടെ അഭിപ്രായങ്ങള്‍ മാനിക്കപ്പെടുന്നില്ല എന്നതാണ് സത്യം. മാനിക്കപ്പെടുന്ന അഭിപ്രായങ്ങളാവട്ടെ പുരുഷന് സ്വീകാര്യവും പുരുഷന്റെ ആത്മാഭിമാനത്തെ ഒരു തരത്തിലും ഇകഴ്ത്താത്തതുമായിരിക്കും.
ലോകത്തെ എല്ലാമതങ്ങളും വ്യവസ്ഥകളോട് കലഹിച്ചിരുന്നു എന്നത് ചരിത്രസത്യമാണ്. എന്നിട്ടും എന്തുകൊണ്ട് പിന്നീട് അവ തികച്ചും പ്രതിലോമകരമായ നിലപാടുകള്‍ കൈകൊണ്ടു എന്നുള്ളത് അന്വേഷിച്ചാല്‍ മനസ്സിലാകുന്ന കാര്യം നാളിതുവരെ മതത്തെ വ്യാഖ്യാനിച്ചതും നിയമങ്ങള്‍ നിര്‍മ്മിച്ചതും പുരുഷന്‍മാരാണ് എന്നതാണ്. അതുകൊണ്ട് തന്നെ മതനിയമങ്ങളും ജീവിതരീതികളും സ്ത്രീവിരുദ്ധമായി മാറി എന്നതാണ് ഒരു സത്യം. (പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറുവിഭാഗത്തെക്കാള്‍ അള്ളാഹു കൂടുതല്‍ കഴിവ് നല്‍കിയതുകൊണ്ടും (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്) സ്ത്രീയെ ശിക്ഷിക്കാന്‍ പുരുഷന് അധികാരമുണ്ട്. പുരുഷന്റെ അഭാവത്തില്‍ അവന്റെ ധനവും അവളുടെ ശരീരവും (ധനം തന്നെ) കാത്തു സൂക്ഷിക്കുകയാണ് സ്ത്രീയുടെ ഉത്തരവാദിത്വം തുടങ്ങിയവ ഇതാണ് സൂചിപ്പിക്കുന്നത്. മതഗ്രന്ഥങ്ങളില്‍ നിന്ന് പ്രായോഗിക തലത്തിലേക്ക് വരുമ്പോള്‍ വിവേചനം കൂടുതല്‍ രൂക്ഷമാണ്. ഓരോന്നായി പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാകും.
പര്‍ദ്ദ ഒരു സുരക്ഷിതവസ്ത്രമാണത്രെ, ഈയടുത്തകാലത്ത് വിപണിയുടെ തന്ത്രങ്ങളുമായി കൃത്യമായും ബന്ധമുള്ള തരത്തില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചയാണിത്. ഇസ്ളാംമതത്തില്‍ ഒരിടത്തും പര്‍ദ്ദയാണ് സ്ത്രീയുടെ വസ്ത്രം എന്നു പറയുന്നില്ല എന്നതാണ് സത്യം. ഒരു പ്രത്യേക വിഭാഗത്തിന്റെ ആചാരങ്ങളുടെ ഭാഗമായുള്ള വസ്ത്രം മുസ്ളീം സമുദായത്തിന്റെ മൊത്തം വസ്ത്രമായി വന്നത് ഈയടുത്ത കാലത്താണ്. ഞാറു നടുന്നതുപോലുള്ള ജോലികള്‍ക്ക് പോയിരുന്ന സ്ത്രീകള്‍ മുണ്ടും ജംബറുമാണ് ധരിച്ചിരുന്നത്. ഓരോ വ്യത്യസ്ത ജോലിക്കും സൌകര്യമായ രീതിയില്‍ വസ്ത്രം ധരിച്ചിരുന്നു. അതേസമയം പുരുഷന്‍മാര്‍ക്ക് കാലിന്റെ ഞെരിയാണിക്ക് താഴെ മുണ്ട് ഇറങ്ങാറില്ല. മാപ്പിളമാരെക്കുറിച്ചുള്ള സങ്കല്‍പ്പം തന്നെ മുട്ടില്‍ നിന്ന് അല്‍പ്പം താഴെ മാത്രം ഇറങ്ങിക്കിടക്കുന്ന കൈലി ഉടുക്കുന്നവരായിട്ടാണ്. എന്നാല്‍, ഇന്ന് ജമാഅത്തെ ഇസ്ളാമിയുടെ പ്രവര്‍ത്തകര്‍ ഫുള്‍സ്യൂട്ടില്‍ വരുന്നത് കാണാറുണ്ട്. ഇവിടെ വേണമെങ്കില്‍ പുരുഷന്‍മാര്‍ക്ക് അത് നിര്‍ബന്ധമില്ല എന്ന് പറഞ്ഞൊഴിയാം.
ഒരു സ്ത്രീ സുരക്ഷിതയാകുന്നത് വസ്ത്രധാരണരീതിയിലെ മാറ്റത്തിലൂടെയാണ് എന്ന വാദത്തിന് യാതൊരു കഴമ്പുമില്ല എന്നതാണ് രണ്ടുവയസ്സുകാരിയും 74 വയസ്സുകാരിയും ബലാത്സംഗം ചെയ്യപ്പെട്ടതിലൂടെ തെളിയിക്കുന്നത്. സ്വാതന്ത്യ്രം അര്‍ദ്ധരാത്രിയില്‍ എന്ന പുസ്തകത്തിനകത്ത് 1947 ഒക്ടോബര്‍ മാസം 27ാം തീയതി പത്താന്മാരുടെ ബലാത്സംഗത്തിനിരയായ കന്യാസ്ത്രീകളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഇതില്‍ നിന്നൊക്കെ വസ്ത്രധാരണം എന്നത് സുരക്ഷിതത്വത്തിന്റെ അവസാനവാക്കാവുന്നില്ല. എന്നാല്‍, മാന്യതയൊട്ടുമില്ലാത്ത വസ്ത്രധാരണത്തിന് അനുമതി നല്‍കുന്നതാണ് സ്ത്രീസ്വാതന്ത്യ്രം എന്നും അര്‍ത്ഥമില്ല. സ്ത്രീയെ നഗ്നയാക്കി പ്രദര്‍ശിപ്പിക്കുന്ന കമ്പോള സംസ്കാരവും ശരീരം മുഴുവന്‍ മൂടിവെച്ച് കണ്ണുകള്‍ മാത്രം പുറത്തുകാണിക്കുന്ന മൌലികവാദവും പറയുന്നത് സ്ത്രീ, ശരീരം മാത്രമാണെന്നാണ്. തലമറയ്ക്കാനും മറ്റും നിര്‍ബന്ധിക്കുന്നവര്‍ പറയാറുള്ളത് മരിച്ചുചെന്നാല്‍ നരകത്തിലുണ്ടാവുന്ന പീഡനങ്ങളെകുറിച്ചാണ്. അവരെല്ലാവരും സ്ത്രീകളുടെ മരണശേഷമുള്ള പീഡനത്തെ കുറിച്ച് മാത്രമാണ് വിഷമിക്കുന്നത്. തീകൊണ്ടുള്ള മക്കന ധരിക്കേണ്ടിവരുമെന്ന് പറയുമ്പോള്‍ തന്നെ കാശ്മീര്‍ താഴ്വരയില്‍ ലഷ്കര്‍ ഇ തയ്ബാക്കാര്‍ പര്‍ദ്ദയിടാത്ത ചെറുപ്പക്കാരികളുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവവും കേരളത്തിലടക്കം സദാചാര പോലീസിന്റെ അഴിഞ്ഞാട്ടങ്ങളും കാണിക്കുന്നത് നരകം ഇവിടെതന്നെയാണെന്നാണ്.
എല്ലാ മതങ്ങളും സ്ത്രീയുടെ മുഖ്യധാരയിലേക്കുള്ള കടന്നുവരവിനെ ഭയക്കുന്നു എന്നതാണ് സത്യം. ഇസ്ളാമിനകത്താണെങ്കില്‍ അത് സ്ത്രീ കളങ്കപ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ളതുകൊണ്ടാണെന്ന് പറയുന്നു. നരകത്തില്‍ കൂടുതലായി കാണുന്നത് സ്ത്രീകളെയാണെത്രെ. നമ്മുടെ നാട്ടിലാണെങ്കില്‍ ദുര്‍നടപ്പുകാരിയായ ഒരു സ്ത്രീയെയും ആറ് പുരുഷന്‍മാരെയും പിടിച്ച വാര്‍ത്തകളാണ് ഓര്‍ക്കുവാനുള്ളത്. പിന്നെയെങ്ങിനെയാണ് നരകത്തില്‍ ഈ അനുപാതം തിരിച്ചാവുന്നു?
മുഹമ്മദ് നബി തന്റെ ജീവിതം കൊണ്ട് കാണിച്ച ഒരുപാടു മാതൃകകള്‍ സ്ത്രീക്ക് അനുകൂലമാണ്. പക്ഷെ അത് തുടര്‍ന്ന് വരുന്നില്ല എന്നുമാത്രമല്ല, തലതിരിച്ച് പ്രയോഗിക്കുകയും ചെയ്യുന്നു. നബി നാല്‍പതു വയസ്സുള്ള വിധവയായ ഖദീജയെ വിവാഹം ചെയ്തു എങ്കില്‍ ഇന്ന് വിധവാവിവാഹം അന്യമാണ്. ഭാര്യ മരണപ്പെട്ട 55 വയസ്സുകാരന്‍ പോലും അന്വേഷിക്കുന്നത് 18 കാരിയെയാണ്.
വിവാഹമോചനത്തിന് ഒരുപാട് വ്യവസ്ഥകള്‍ നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും ഇന്ന് മൊഴിചൊല്ലല്‍ നിത്യസംഭവമാണ്. അവിവാഹിതരായ പതിനേഴുകാരികളുടേയും വിവാഹമോചനം നടന്ന യുവതികളുടെയും എണ്ണം ഏതാണ് തുല്യമാണ്. ഭര്‍ത്താവ് മരിച്ച വിധവകളെക്കാള്‍ കൂടുതല്‍ ഇത്തരത്തിലുള്ള വിധവകളാണ്. ഇതിനുപുറമെയാണ് മുത്വലാഖ് (മൂന്നുപ്രാവശ്യം മൊഴി ചൊല്ലല്‍) പ്രശ്നവും അതുമായി ബന്ധപ്പെട്ട ഊരുവിലക്കുകളും.
ബഹുഭാര്യാത്വത്തിന് പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കുന്നില്ല. എന്നുമാത്രമല്ല, പലവീരന്‍മാരും മുഹമ്മദ് നബിയേക്കാള്‍ അധികം വിവാഹം ചെയ്തിട്ടുമുണ്ട്. ഇവരാരും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതിപാലിക്കുന്നില്ല. പലര്‍ക്കും ആദ്യഭാര്യയെ ഓര്‍മ്മതന്നെയില്ല. മഹല്ല് കമ്മറ്റി എതിര്‍ത്തിട്ടും ശിഹാബ് തങ്ങള്‍ ഇടപെട്ട് രണ്ടാം വിവാഹം കഴിപ്പിച്ച സംഭവങ്ങള്‍ വരെ ഉദാഹരണമായിട്ടുണ്ട്.
മതചിഹ്നങ്ങളെ ധിക്കരിക്കുന്നു എന്ന പേരില്‍ സ്ത്രീകളെ നടുറോഡില്‍ വെച്ച് ആക്രമിക്കുന്നതോടൊപ്പം നമ്മള്‍ ഓര്‍ക്കേണ്ട മറ്റൊരു കാര്യം അനുസരണപോലെ തന്നെ വ്യതിചലനവും ശിക്ഷാര്‍ഹമല്ലെ എന്നതാണ്. സ്ത്രീധനക്കാര്യത്തില്‍ പോലും ഇതാണ് സംഭവിക്കുന്നത്.
സ്ത്രീധനത്തെ എതിര്‍ക്കുന്നു എന്നുപറയുന്ന പലരും കുടുംബപശ്ചാത്തലം നോക്കി ബന്ധങ്ങള്‍ ഉറപ്പിക്കുകയും, അനുപാതികമായ ആഭരണം ലഭിക്കുന്നതിനുവേണ്ടി മഹര്‍ നല്‍കുകയും വാങ്ങിയ സ്വര്‍ണ്ണത്തിനനുസരിച്ചുള്ള 'സക്കാത്ത്' (ദാനം) നല്‍കാമെന്ന് ന്യായം പറയുകയും ചെയ്യുന്നു. സ്ത്രീധനം പോലെ മതം പറയാത്ത ഒരു ആചാരം അനൌദ്യോഗികമായി അംഗീകരിക്കുന്നവരെ നമുക്ക് നരകത്തില്‍ കാണാമോ?
ഇതിനുപുറമെയാണ് മതപരിവര്‍ത്തനം നടത്തിയിട്ടുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ കാര്യം. അവരെ വിവാഹം ചെയ്യാന്‍ സാധാരണ മുസല്‍മാന്‍ തയ്യാറാകുന്നില്ല. സൈദ്ധാന്തികതലം വിട്ട് കൂടുതല്‍ അടിത്തട്ടിലേക്ക് ഇറങ്ങുമ്പോഴാണ് പ്രശ്നങ്ങള്‍ കൂടുതല്‍ തിരിച്ചറിയുന്നത്. ആധുനിക വിദ്യാഭ്യാസത്തിന്റെ ലഭ്യത പൊതുസമൂഹത്തിലേയ്ക്ക് ഇറങ്ങിവരാനും തങ്ങളുടെ അഭിപ്രായങ്ങളും വ്യക്തിത്വങ്ങളും ഉയര്‍ത്തിപ്പിടിക്കാനും സ്ത്രീയെ പ്രാപ്തയാക്കുന്നു. പക്ഷെ, മുസ്ളീം സ്ത്രീയെ സംബന്ധിച്ച് ഇത് എത്രത്തോളം സാധ്യമാകുന്നുണ്ട്? മിക്ക പെണ്‍കുട്ടികളും പതിമൂന്ന് വയസ്സില്‍ വിവാഹിതരാകുന്നു. ഇതുകൊണ്ട് രണ്ട് പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നത്. ഒന്ന്, ശാരീരിക വളര്‍ച്ചയായില്ല എന്നതുകൊണ്ട് ഇവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളുടെയും ഇവരുടെയും ആരോഗ്യത്തെ വിവാഹബന്ധം പ്രതികൂലമായി ബാധിക്കുന്നു. ഇത് ഒരു സമൂഹത്തിന്റെ ആരോഗ്യത്തിനും ഹാനികരമാവുന്നു.
അമ്മയും കുഞ്ഞും തമ്മില്‍ വലിയ പ്രായ വ്യത്യാസമില്ലാതിരിക്കുകയും മിക്കവാറും ഭര്‍ത്താക്കന്‍മാര്‍ ഗള്‍ഫിലായിരിക്കുകയും അമ്മയ്ക്ക് സാമൂഹിക വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചിട്ടില്ലാത്തതുകൊണ്ട് മക്കളെ പക്വതയോടെ വളര്‍ത്താന്‍ സാധിക്കില്ല. മലപ്പുറം ജില്ലയിലെ മോഷണങ്ങളടക്കമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അറസ്റിലാവുന്ന മുസ്ളീം ചെറുപ്പക്കാര്‍ പലപ്പോഴും 18 മുതല്‍ 25 വയസ്സുവരെയുള്ളവരാണ്. അതേസമയം മറ്റ് സമുദായക്കാര്‍ 30 വയസ്സിനു മീതെയുള്ളവരായിരിക്കും.
ചെറുപ്രായത്തില്‍ വിവാഹം ചെയ്യുന്ന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവസരം നഷ്ടപ്പെടുന്നു എന്നതാണ്. മുസ്ളീംങ്ങള്‍ കച്ചവടക്കാരായിരുന്നല്ലൊ. കച്ചവടം കണക്കുമായും കണക്ക് യുക്തിയുമായും ബന്ധപ്പെട്ടതുകൊണ്ട് തന്നെ പല കുട്ടികളും പഠനത്തിലും പഠനേതരകാര്യങ്ങളിലും മിടുക്കികളാണ്. പക്ഷെ അവരുടെ കഴിവ് മുളയിലേ നുള്ളിയെടുക്കുന്നു.
പലസംഘടനകളും ഇന്ന് വനിതാകോളേജുകളും മറ്റും നടത്തുന്നുണ്ട്. ഇവ വഴി സമുദായത്തിന്റെ മതില്‍കെട്ടിന് പുറത്ത് കടക്കാന്‍ സമ്മതിക്കാതെ യാഥാസ്ഥിതികത പിന്‍തുടരാന്‍ നിര്‍ബന്ധിക്കുന്നതാണ് കാണുന്നത്. വനിതാഹോസ്റല്‍ തുടങ്ങിയവയെല്ലാം അതിനോടു ചേര്‍ന്നു നില്‍ക്കുന്നു. സാംസ്കാരിക കൊള്ളക്കൊടുക്കലുകള്‍ക്ക് ഇത് സാധ്യത നല്‍കുന്നില്ല. പലരും സ്ത്രീ സ്വാതന്ത്യ്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പള്ളിയില്‍ കയറാനുള്ള സ്വാതന്ത്യ്രമായിട്ടാണ്. പുരോഗമനവാദികള്‍ എന്ന് അവകാശപ്പെടുന്ന സംഘടനകള്‍ വനിതകളെ പുറത്തിറക്കുന്നുണ്ട്. പക്ഷെ തുറന്നുവിടുന്നില്ല. അവരുടെ അജണ്ടകള്‍ നടപ്പാക്കാന്‍ അവര്‍ തീര്‍ത്ത വഴിയിലൂടെ മാത്രം നടത്തുന്നു, കടിഞ്ഞാണോടെ. സ്ത്രീയുടെ പള്ളിപ്രവേശനമല്ല, പൊതുധാരയിലേക്കുള്ള വരവാണ് വേണ്ടത് എന്ന തലത്തില്‍ സമുദായത്തിനകത്തും പുറത്തും നടക്കുന്ന ചര്‍ച്ചകള്‍ വികസിക്കേണ്ടതുണ്ട്.
മതപഠനശാലകളില്‍ ഒരു പക്ഷെ വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹജീവിതത്തെ കുറിച്ചും മറ്റും പഠിപ്പിക്കുന്നു. പക്ഷെ പരസ്പരം അറിയാതെ ജീവിക്കുന്നവരാണ് പല ദമ്പതികളും. ഇക്കാര്യത്തില്‍ ക്രിസ്തുമതത്തിലുള്ളതുപോലെ വിവാഹത്തിനുമുമ്പുള്ള കൌണ്‍സിലിംഗ് വളരെ നല്ലതാണ്. ന്യൂനപക്ഷമതങ്ങളില്‍ ക്രിസ്തുമതത്തില്‍ സ്ത്രീക്ക് സ്വത്തവകാശം വലിയ തര്‍ക്കമാണെങ്കിലും അവിടെ ഒരു വീട്ടില്‍ കയറിച്ചെല്ലുന്ന മരുമകള്‍ക്ക് എല്ലാ അധികാരവും ലഭിക്കുന്നു എന്നത് കാണാതിരുന്നുകൂടാ.
പുരോഗമനപ്രസ്ഥാനങ്ങളുടെ സ്വാധീനത്താലും നിര്‍ബന്ധത്താലും മാത്രമാണ് മുസ്ളീം സ്ത്രീകള്‍ പൊതുജനാധിപത്യവേദികളിലും മറ്റും വരുന്നത്. ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മുസ്ളീംലീഗ് വളരെ പിറകിലാണ്. പഞ്ചായത്ത് രാജ് ആക്ട് നിയമവും സംവരണവും നടപ്പിലായതോടെയാണ് അവര്‍ മത്സരരംഗത്ത് സ്ത്രീകളെ ഇറക്കാന്‍ തുടങ്ങിയത്. ഇതില്‍ തന്നെ നിയമസഭാതെരഞ്ഞെടുപ്പില്‍ സ്ത്രീകളെ കാണാന്‍ കഴിയില്ല. മുന്നോട്ടുകൊണ്ടുവന്നിട്ടുള്ള സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവന്ന കഷ്ടതകള്‍ വേറെയുണ്ട് താനും. ഐസ്ക്രീം കൊടുത്ത് മയക്കി പീഡിപ്പിക്കുന്ന മാനസികനില ആ സംഘടനയ്ക്കകത്ത് ചികിത്സക്കേണ്ട കാര്യമില്ല, അംഗീകരിക്കപ്പെടും. ഐസ്ക്രീം പെണ്‍വാണിഭ കേസിന് ശേഷമാണ് കുഞ്ഞാലിക്കുട്ടിയെ പുലിക്കുട്ടി എന്ന് വിശേഷിപ്പിച്ച് കൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ മലപ്പുറത്ത് വ്യാപകമായി ഉയര്‍ന്നിട്ടുള്ളത്. അത് ഉയര്‍ത്തിയവരുടെ വീടുകളിലും പീഡനത്തിനിരയായ സ്ത്രീകളെ പോലുള്ളവരുണ്ട് എന്നതാണ് വാസ്തവം.
മതശാസനകളെ മേധാവിത്വ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുകയും, നടപ്പിലാക്കുകയും ചെയ്യുന്ന പൌരോഹിത്യം രാഷ്ട്രീയാധികാരങ്ങള്‍ക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തുമ്പോള്‍ സമുദായത്തെയാകെ അതിനനുസരിച്ച് ഇളക്കി മറിക്കാന്‍ കഴിയുന്നു എന്ന തിരിച്ചറിവാണ് സ്ത്രീവിഷയത്തെ രണ്ട് രീതിയില്‍ പ്രയോഗിക്കുന്നതിലൂടെ മുസ്ളീം ലീഗ് തെളിയിച്ചത്. (റജീന സംഭവവും തെരുവപറമ്പിലെ ബലാത്സംഗവും ഉദാഹരണം).
ആത്മപ്രകാശനത്തിന്റെ ആകാശം സ്ത്രീകള്‍ക്ക് എന്നും അന്യമായി തുടരാന്‍ കാരണം ഏറ്റവും ആദ്യവും അവസാനവും നമ്മുടെ സാമൂഹ്യ ഘടന തന്നെയാണ്. സാമൂഹ്യഘടനയുടെ സമഗ്രമായ പൊളിച്ചെഴുത്തിലൂടെ മാത്രമേ ആത്യന്തികമായി സ്ത്രീകളും സ്വതന്ത്രരാവൂ.