പുകവലിച്ച് മരണത്തെ ക്ഷണിക്കുമ്പോള്‍?
ഡോ. രേഷ്മ
![]() |
|
ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുകവലി തകിടം മറിക്കുന്നു. ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫസീമ എന്നിങ്ങനെ പലതരം രോഗങ്ങള്‍ ശ്വാസകോശങ്ങളെ ബാധിക്കാം. കൂടാതെ ഹൃദ്രോഗം, ഉറക്കമില്ലായ്മ, ആമാശയ സംബന്ധമായ രോഗങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ശ്വാസകോശത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ പുറംതള്ളുന്നത് ശ്വാസകോശത്തിന്റെ ഉള്‍ഭിത്തിയിലുള്ള സീലിയ എന്ന നേര്‍ത്ത ഫിലമെന്റുകളാണ്. എന്നാല്‍ പുകവലിമൂലം ഉള്ളിലെത്തുന്ന വിഷവസ്തുക്കള്‍ സീലിയയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കുന്നു. ഇത് കൂടുതല്‍ മാലിന്യങ്ങള്‍ ഉള്ളില്‍ അടിഞ്ഞുകൂടുന്നതിന് കാരണമാകുകയും ശ്വാസകോശത്തെ ഹാനികരമായി ബാധിക്കുകയും ചെയ്യുന്നു. |
വിദ്യാര്‍ഥികളും പുരുഷന്മാരും മാത്രമല്ല സ്ത്രീകളും പുകവലിയില്‍ ഒട്ടും പിന്നിലല്ലെന്നാണ് പല സര്‍വ്വേകളും സൂചിപ്പിക്കുന്നത്. അതുകൊണ്ട് പുകവലിയുടെ മാരക രോഗങ്ങളില്‍നിന്ന് സ്ത്രീകളും പൂര്‍ണമായും മുക്തരല്ല. ഒരു വ്യക്തിയെ മാത്രമല്ല കുടുംബാഗങ്ങളെത്തന്നെ മാരകമായ രോഗങ്ങളിലേക്ക് തള്ളിവിടുന്ന സ്ഥിതിവിശേഷമാണ് പുകവലിയുടെ പരിണിതഫലമെന്ന് പലരും അറിയാതെ പോകുന്നു. പുകയുന്ന ശ്വാസകോശം പുകയിലയില്‍ അടങ്ങിയിരിക്കുന്ന ടാറില്‍ അര്‍ബുദത്തിനു കാരണമാകുന്ന 300 ല്‍ അധികം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ സ്ഥിരമായി പുകവലിക്കുന്ന ഒരാള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ശ്വാസകോശ അര്‍ബുദത്തിനുള്ള സാധ്യത 50 ശതമാനമാണ്. ചുമയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാല്‍ പുകവലിക്കുന്നവരില്‍ ചുമ സാധാരണമായതിനാല്‍ പലരും ഇത് കാര്യമാക്കാറില്ല. കഫമില്ലാത്ത ചുമയാണ് മുഖ്യ ലക്ഷണമെങ്കിലും ചിലരില്‍ കട്ടികുറഞ്ഞ പതഞ്ഞ കഫം കാണപ്പെടാം. രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുന്നതോടെ ചുമയ്ക്കുമ്പോള്‍ രക്തം വരികയും കടുത്ത ശ്വാസതടസം, മുഖത്തും ശരീരത്തും നീര്, വിശപ്പില്ലായ്മ, ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകുന്നു. കൃത്യസമയത്തു രോഗം കണ്ടെത്താതിരുന്നാല്‍ ഇത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കും. കരള്‍, മസ്തിഷ്കം, അസ്ഥികള്‍ തുടങ്ങിയ ഭാഗങ്ങളിലേക്കും രോഗം പടര്‍ന്നു പിടിക്കാം. നെഞ്ചിനുള്ളില്‍ നീര് നിറഞ്ഞ് കടുത്ത ശ്വാസംമുട്ടലിന് ഇത് കാരണമാകുന്നു.
രോഗം ആരംഭത്തിലേ കണ്ടെത്തിയാല്‍ മാത്രമേ ചികിത്സകള്‍ ഫലപ്രദമാകുകയുള്ളൂ. കീമോതെറാപ്പിയും റേഡിയേഷനും വഴി അര്‍ബുദ വളര്‍ച്ച തടയാമെങ്കിലും രോഗത്തില്‍നിന്ന് പൂര്‍ണമായൊരു തിരിച്ചുപോക്ക് സാധ്യമല്ല. നെഞ്ചിന്റെ എക്സറേ, കുഴല്‍ കടത്തി ശ്വാസനാളത്തിന്റെ ഉള്‍വശം നേരിട്ട് പരിശോധിക്കുന്ന ബ്രോങ്കോസ്കോപ്പി പരിശോധന എന്നിവയിലൂടെ ശ്വാസകോശ അര്‍ബുദ നിര്‍ണയം നടത്താവുന്നതാണ്. ചിലപ്പോള്‍ കഫം, രക്തം എന്നിവയുടെ പരിശോധനയും സി.ടി സ്കാനിങ്ങും ആവശ്യമായി വന്നേക്കാം.
വായിലെ കാന്‍സര്‍
വായിലെ കാന്‍സറിനുള്ള മുഖ്യ കാരണവും പുകവലിതന്നെ. സിഗരറ്റ്, ബീഡി എന്നിവയില്‍ കാന്‍സറിനു കാരണമാകുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്. ഇവ വലിക്കുമ്പോള്‍ നിക്കോട്ടിന്‍, കാര്‍ബണ്‍മോണോക്സൈഡ് മുതലായവ ശരീരത്തിലെത്തുന്നു. ഇവ വായിലെ കോശങ്ങളെ ബാധിച്ച് കാന്‍സറിനു കാരണമാകുന്നു. രണ്ടാഴ്ചയില്‍ അധികം നീണ്ടുനില്‍ക്കുന്ന ഉണങ്ങാത്ത വ്രണങ്ങളാണ് വദനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണം.
സംസാരത്തിലെ അവ്യക്തത, പല്ലെടുത്ത ഭാഗത്ത് ദ്വാരം വരിക, പല്ല് ഇളകുക, ത്വക്കിന് രണ്ടുവശത്തും തൊലി പോകുക ഇതിനൊപ്പം ശരീരത്തിന്റെ തൂക്കം കുറയുക എന്നിവയും രോഗലക്ഷണങ്ങളാണ്. വദനാര്‍ബുദത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥയാണ് വായിലെ തടിപ്പുകളും ചിതല്‍പുറ്റിന്റെ രൂപത്തിലുള്ള വളര്‍ച്ചയും. വായിലെ കോശങ്ങളില്‍ രോഗം ബാധിക്കുമ്പോള്‍ വളരെ വേഗത്തില്‍ കോശങ്ങള്‍ വളര്‍ന്നു പെരുകുകയും ചിലപ്പോള്‍ പുറത്തേക്കു ഭയാനകമായ രീതിയില്‍ തള്ളിവരുകയും ചെയ്യാം.
നിയമം പേരിനു മാത്രം
കേരളത്തില്‍ പൊതുസ്ഥലങ്ങളിലെ പുകവലി ഹൈക്കോടതി നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ നിയമം കാറ്റില്‍ പറത്തികൊണ്ട് പൊതു സ്ഥലങ്ങളില്‍ ഇത് ഒരു നിത്യകാഴ്ചയാണ്. കണ്ണിനുമുമ്പില്‍ നടുക്കുന്ന കാര്യങ്ങള്‍ നിയമപാലകര്‍ പോലും കണ്ടില്ലെന്നു നടിക്കുമ്പോള്‍ പുകവലിയെന്ന സാമൂഹ്യ വിപത്ത് ഒരു മഹാവ്യാധിയായി പടര്‍ന്നുപിടിക്കുകയാണ്. പുകവലിക്കുന്ന വ്യക്തി പുറത്തേക്കു വിടുന്ന പുക ശ്വസിക്കുന്നതും പുകവലിക്കുന്നതിനു തുല്യമാണ്. പുകവലിക്കാര്‍ക്ക് ഉണ്ടാകുന്ന രോഗങ്ങളെല്ലാം ഇവര്‍ക്കും പിടിപെടാം. പുകവലിക്കുന്നവരുടെ കുടുംബാംഗങ്ങളിലാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. ഇവരുടെ കുട്ടികള്‍ക്ക് ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികളിലെ ആസ്ത്മ ഇതിന് നല്ലൊരു ഉദാഹരണമാണ്. പൊതുസ്ഥലങ്ങളില്‍ പുകവലിക്കുമ്പോള്‍ പുറത്തേക്കു വിടുന്ന പുക നിരപരാധികളായ മറ്റനേകം പേര്‍ ശ്വസിക്കുന്നു. അവനവന്‍ മാത്രമല്ല മറ്റുള്ളവരെക്കൂടി രോഗത്തിന് അടിമകളാക്കുകയാണ് പുകവലിക്കാര്‍. ഗര്‍ഭിണികള്‍ ഈ പുക ശ്വസിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിനെവരെ ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ശ്വാസകോശങ്ങളെ മാത്രമല്ല തൊണ്ടയില്‍ കാണപ്പെടുന്ന അര്‍ബുദത്തിന്റെ വലിയൊരു കാരണവും പുകവലിതന്നെ. സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന സ്തനാര്‍ബുദം, ആമാശയാര്‍ബുദം ഇവയും പുകയിലയുമായി ബന്ധപ്പെടുത്താം. മൂത്രസഞ്ചി, വന്‍കുടല്‍, പാന്‍ക്രിയാസ് തുടങ്ങിയവയെ ബാധിക്കുന്ന അര്‍ബുദങ്ങളും പുകവലിക്കാരിലാണ് കൂടുതലായി കണ്ടുവരുന്നത്.
പുകവലിജന്യ രോഗങ്ങള്‍
ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുകവലി തകിടം മറിക്കുന്നു. ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫസീമ എന്നിങ്ങനെ പലതരം രോഗങ്ങള്‍ ശ്വാസകോശങ്ങളെ ബാധിക്കാം. കൂടാതെ ഹൃദ്രോഗം, ഉറക്കമില്ലായ്മ, ആമാശയ സംബന്ധമായ രോഗങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ശ്വാസകോശത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ പുറംതള്ളുന്നത് ശ്വാസകോശത്തിന്റെ ഉള്‍ഭിത്തിയിലുള്ള സീലിയ എന്ന നേര്‍ത്ത ഫിലമെന്റുകളാണ്. എന്നാല്‍ പുകവലിമൂലം ഉള്ളിലെത്തുന്ന വിഷവസ്തുക്കള്‍ സീലിയയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കുന്നു. ഇത് കൂടുതല്‍ മാലിന്യങ്ങള്‍ ഉള്ളില്‍ അടിഞ്ഞുകൂടുന്നതിന് കാരണമാകുകയും ശ്വാസകോശത്തെ ഹാനികരമായി ബാധിക്കുകയും ചെയ്യുന്നു. നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, വയറുവേദന തുടങ്ങി അസിഡിറ്റി മൂലം ഉണ്ടാകുന്ന പല രോഗങ്ങളും പുകവലിയുടെ ഫലമായി ഉണ്ടാകാം. ഹൃദ്രോഗങ്ങളുടെ ഒരു പ്രധാന കാരണവും ഇതുതന്നെ. ചെറുതും വലുതുമായ രോഗങ്ങളുടെ ഒരു നീണ്ട നിര പുകവലിക്കാരുടെ പുറകേയുണ്ടെന്ന് പലരും അറിയണമെന്നില്ല. എന്നാല്‍ പുകവലിയാണ് ഈ അവസ്ഥയില്‍ തങ്ങളെ കൊണ്ടെത്തിച്ചതെന്ന് മനസിലാക്കുമ്പോഴേക്കും ശ്വാസകോശം പൂര്‍ണമായും നശിച്ചുകഴിഞ്ഞിരിക്കും. പുകവലിക്കുന്ന എല്ലാവര്‍ക്കും രോഗങ്ങള്‍ ഉണ്ടാകുന്നില്ലല്ലോയെന്ന് ചിന്തിക്കുന്നവരാണ് പുകവലിക്കാര്‍. എന്നാല്‍ ചുരുക്കം ചിലര്‍ മാത്രമാണ് മാരകരോഗങ്ങളുടെ പിടിയില്‍നിന്ന് അകന്നുനില്‍ക്കുന്നതെന്ന് ഓര്‍ക്കണം. പുകവലി തുടങ്ങിയ പ്രായം, ദിവസവും വലിക്കുന്ന ബീഡിയുടേയോ സിഗററ്റിന്റെയോ എണ്ണം, വലിയുടെ ദൈര്‍ഘ്യം എന്നിവ അനുസരിച്ച് പുകവലിമൂലം ഉണ്ടാകുന്ന രോഗങ്ങളുടെ സാധ്യത ഓരോരുത്തരിലും വ്യത്യസ്്തമായിരിക്കും.