മഹാപടവ്
ജി എസ് കാസിംബീവി
![]() |
|
ഒരു സമയത്ത് മുന്‍നിരയിലിരുന്ന ഞാന്‍ എഴുന്നേറ്റുനിന്ന് പിന്നിലേക്കു നോക്കി. ഭാരതത്തിലെ, ആധുനിക അടിമത്തത്തിനെതിരെ സമരസജ്ജകളായിരിക്കുന്ന സ്ത്രീസാന്നിധ്യത്തിന്റെ, അര്‍ഥപൂര്‍ണമായ ചിത്രം. ദേശഭേദവും ഭാഷാഭേദവും മതഭേദവും അലിഞ്ഞില്ലാതായിത്തീരുന്ന, സ്ത്രീകളുടേതായ ഈ സമരാന്തരീക്ഷം. ഇന്ത്യയിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും ഞങ്ങളെ കണ്ടില്ലെന്നു നടിച്ചു. കണ്ട് കണ്ണുപെടാതിരിക്കാനാവും ഡല്‍ഹി, അതിന്റെ മുഴുവന്‍ മഞ്ഞും ഉപയോഗിച്ച് അതാ ഏറ്റവും പിന്നിലായി ഒരു മറ തീര്‍ത്തു. പക്ഷേ, അത്തരം മറകള്‍ക്കൊന്നും ഈ ശക്തിയെ തടയാനാകില്ലെന്ന് കാലം തെളിയിക്കുമെന്നാണ് ഈ സമരം വിളിച്ചുപറഞ്ഞത്. |
പോകുംവഴിയിലുടനീളം, സ്ളംഡോഗ് മില്യനെയറിലേതുപോലെ ഞെട്ടിക്കുന്ന ചേരികള്‍. അവിടെയും മനുഷ്യരാണ് താമസിക്കുന്നതെന്നു വിശ്വസിക്കാന്‍ പ്രയാസം. ഒരു ചെറിയ കുടിലിന്റെ മുറ്റത്ത് കന്നുകാലികളും പട്ടികളും അവര്‍ക്കൊപ്പം മനുഷ്യരും. മലമൂത്രവിസര്‍ജനങ്ങള്‍ക്ക് മറയൊന്നും വേണ്ട. അഴുക്ക് കെട്ടിക്കിടക്കുന്ന കറുത്ത, കൊഴുത്ത വെള്ളമുണ്ട്, കഴുകാനും കുടിക്കാനും. ഇത് ഇന്ത്യയുടെ തലസ്ഥാനം. പുരോഗതിയില്‍നിന്നു പുരോഗതിയിലേക്കെന്നു നമ്മളെ ഭരണകൂടം പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്ന മഹാസ്വര്‍ഗം. 2ജിയും ഏഷ്യന്‍ ഗെയിംസും കല്‍ക്കരിപ്പാടങ്ങളുംകൊണ്ട് സമൃദ്ധമായ ഡല്‍ഹി. തണുപ്പിനെ വെല്ലുവിളിച്ച് റൂമിലെത്തി കുളിച്ചു. ചിലര്‍ തോര്‍ത്തില്‍ വെള്ളം മുക്കിപ്പിഴിഞ്ഞ് പുറംതുടച്ചു. ആറുമണിക്കുതന്നെ ജന്ദര്‍മന്ദിറിലേക്കുള്ള വഴി ചോദിച്ചു നടന്നുതുടങ്ങി. എല്ലാവഴിയും ഒരുപോലെ. പോയവഴിക്കുതന്നെ രണ്ടുതവണ തിരിച്ചു വന്നു. ഓട്ടോയില്‍ പോകാന്‍ തലേ ദിവസത്തെ അനുഭവത്തിന്റെ ഓര്‍മ അനുവദിച്ചില്ല. എല്ലാവരുടെയും പല്ലും ചുണ്ടും കൂട്ടിയിടിക്കുന്നു. എല്ലാം സഹിച്ചു നടന്നു. സഹനസമരത്തിനു വന്നവരല്ലേ. സഹിക്കാം.
കേരള ഹൌസില്‍ ചെന്ന് ഓരോ ചൂടു ചായകുടിക്കാം. അവിടെച്ചെന്നപ്പോള്‍ ഗേറ്റ് അടഞ്ഞുകിടക്കുന്നു. കാവല്‍ത്തൊഴിലാളി പ്രവേശനം നിഷേധിച്ചു. എ സമ്പത്ത് എംപിയുടെ ഇടപെടലില്‍ വാതില്‍ തുറന്നു. ചായകുടികഴിഞ്ഞ് സമരസ്ഥലത്തെത്തിയപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയവര്‍ ഹായ്, ഹായ് പറഞ്ഞ് ഞങ്ങളെ വരവേറ്റു. ഞങ്ങള്‍, കേരളത്തില്‍നിന്നുള്ളവര്‍, ചുവന്ന ബ്ളൌസും വെള്ള നേരിയതും, സിഐടിയു മുദ്രയുള്ള വെള്ളത്തൊപ്പിയും അണിഞ്ഞിരുന്നു. മറ്റുള്ളവര്‍ക്ക് അതൊരു കൌതുകമായി. പത്തുമണിയോടെ, സമരത്തിന് അഭിവാദ്യമര്‍പ്പിച്ചും വെറുംകാഴ്ചക്കാരായും ആളുകള്‍ വരാന്‍ തുടങ്ങി. അവരുടെ എണ്ണം, വൈകുന്നേരത്തോടെ ലക്ഷം കഴിഞ്ഞിരിക്കും.
പതിനൊന്നോടെ പ്രസീഡിയം നിറഞ്ഞു. ഞങ്ങളില്‍ മിക്കവരും സ്വന്തം ജോലിക്കാര്യമാണ് ചര്‍ച്ച ചെയ്തത്. മാസാവസാനം ലഭിക്കുന്ന തുകകൊണ്ട് കുടുംബജീവിതം ഒരിഞ്ചെങ്കിലും മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടത് ആദ്യശമ്പളം കൈനീട്ടി വാങ്ങിയപ്പോഴായിരുന്നു. അങ്കണവാടിക്കാരുടെ വഞ്ചി തിരുനക്കരെത്തന്നെ.
പാചകത്തൊഴിലാളികളുടെ കാര്യം ഏറെ കഷ്ടമാണ്. ദിവസം കൂലി 200 രൂപ. കുട്ടികള്‍ക്കല്ല, സാറന്മാര്‍ക്കാണ് പല സ്കൂളുകളിലും ഭക്ഷണമുണ്ടാക്കുന്നത്. കുട്ടികള്‍ക്കു വിളമ്പാനുള്ള പാലില്‍നിന്ന് 11ന് അധ്യാപകര്‍ക്ക് തൈലംപോലുള്ള ചായ! മുട്ട അധികം വരുന്നതു ബാഗിലാക്കി ചില ടീച്ചര്‍മാരുടെ വീട്ടിലെ കുട്ടികള്‍ക്ക്! സമരദിവസങ്ങളില്‍ പാചകമില്ല, ശമ്പളവുമില്ല. പക്ഷേ, അധ്യാപകര്‍ക്കു ചോറും കറിയും വയ്ക്കണം. മേല്‍പറഞ്ഞവയില്‍ ഏതെങ്കിലും കാര്യം നിഷേധിച്ചാലോ, ജോലിനഷ്ടത്തെക്കുറിച്ചുള്ള ഭീഷണി. ഉദ്ഘാടനവേദിയില്‍നിന്ന് ഞങ്ങളെപ്പോലെയുള്ള സ്കീം വര്‍ക്കേഴ്സിന്റെ ദയനീയസ്ഥിതിയും ശമ്പളമില്ലാത്തതിന്റെ ബുദ്ധിമുട്ടുകളും നിരത്തി നേതാക്കള്‍ പ്രസംഗിക്കാന്‍ തുടങ്ങി.
2ജി സ്പെക്ട്രംവഴി ശതകോടികള്‍ വാരിക്കൂട്ടിയ ഭരണക്കാര്‍, കല്‍ക്കരിപ്പാടം റിലയന്‍സിനും മറ്റും ചുളുവിലയ്ക്കു നല്‍കി, അവരുടെ ഉല്‍പ്പാദനച്ചെലവു തിരിച്ചെടുക്കാന്‍ അവസരം നല്‍കിയ ഭരണക്കാര്‍, കൂടെക്കൂടെ ഇന്ധനവിലവര്‍ധനവഴി പെട്രോളിയം കമ്പനികള്‍ക്കു കൊള്ളലാഭമെടുക്കാന്‍ നയരൂപീകരണം നടത്തുന്ന മന്ത്രാലയങ്ങള്‍, സ്കീം വര്‍ക്കേഴ്സിന്റെ കാര്യം പറയുമ്പോള്‍ കൈമലര്‍ത്തുന്നു. അവര്‍ക്കു വല്ലതും കൊടുത്താല്‍ രാജ്യത്തിന്റെ പുരോഗതിക്കു തടസ്സമുണ്ടാകുംപോലും!
കപട ഉല്‍ക്കണ്ഠയുടെ യാഥാര്‍ഥ്യം ലോകത്തെ അറിയിക്കാന്‍തന്നെയാണ്, കശ്മീര്‍മുതല്‍ കന്യാകുമാരിവരെയുള്ള സ്ത്രീജനങ്ങള്‍ ദില്ലിയിലെ കൊടുംതണുപ്പിനെ വകവയ്ക്കാതെ ഒത്തുകൂടിയത്. ഒരു സമയത്ത് മുന്‍നിരയിലിരുന്ന ഞാന്‍ എഴുന്നേറ്റുനിന്ന് പിന്നിലേക്കു നോക്കി. ഭാരതത്തിലെ, ആധുനിക അടിമത്തത്തിനെതിരെ സമരസജ്ജകളായിരിക്കുന്ന സ്ത്രീസാന്നിധ്യത്തിന്റെ, അര്‍ഥപൂര്‍ണമായ ചിത്രം. ദേശഭേദവും ഭാഷാഭേദവും മതഭേദവും അലിഞ്ഞില്ലാതായിത്തീരുന്ന, സ്ത്രീകളുടേതായ ഈ സമരാന്തരീക്ഷം. ഇന്ത്യയിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും ഞങ്ങളെ കണ്ടില്ലെന്നു നടിച്ചു. കണ്ട് കണ്ണുപെടാതിരിക്കാനാവും ഡല്‍ഹി, അതിന്റെ മുഴുവന്‍ മഞ്ഞും ഉപയോഗിച്ച് അതാ ഏറ്റവും പിന്നിലായി ഒരു മറ തീര്‍ത്തു. പക്ഷേ, അത്തരം മറകള്‍ക്കൊന്നും ഈ ശക്തിയെ തടയാനാകില്ലെന്ന് കാലം തെളിയിക്കുമെന്നാണ് ഈ സമരം വിളിച്ചുപറഞ്ഞത്.