വിധവയോ?
സുഗതകുമാരി
![]() |
|
വിധവ എന്ന വാക്കിന് പകരം മറ്റൊരു വാക്ക് കണ്ട് പിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ വാക്ക് ചേര്‍ന്ന് നില്‍ക്കേണ്ടത് ഒറ്റയ്ക്ക് പടവെട്ടി ജീവിക്കുന്നവള്‍ എന്ന അര്‍ത്ഥത്തോടാണ്. വിധവകള്‍ പോരാളികളാണ്. സമൂഹത്തിന്റെ മഞ്ഞകണ്ണടകളുടെ നോക്കി കാണലുകളെ തൃണവല്‍ഗണിച്ച് ജീവിതം പടുത്തുയര്‍ത്തുന്നവര്‍. അവരുടെ ജീവിതത്തിന്റെ നിറം എന്താവണമെന്ന് നേരത്തെ കൂട്ടി നിശ്ചയിച്ചിരിക്കുകയാണ് ഇവിടുത്തെ സമൂഹം. വര്‍ണങ്ങളൊന്നുമില്ലാത്ത നരച്ച ആകാശത്തിന്റെ കീഴില്‍ നരകിക്കേണ്ടവരാണ് വിധവകള്‍ എന്ന് ഒറ്റസ്വരത്തില്‍ പുരുഷകേന്ദ്രീകൃതമായ സമൂഹം വിധി കല്‍പ്പിക്കുന്നു. |
സ്ത്രീകള്‍ക്കും വികാരങ്ങളുണ്ട്. സ്ത്രീകള്‍ക്കും അവകാശങ്ങളുണ്ട്. ഭര്‍ത്താവ് മരിച്ചെന്നു കരുതി സമൂഹത്തില്‍നിന്നു മാറിനില്‍ക്കേണ്ടവരല്ല സ്ത്രീകള്‍. തങ്ങളേക്കാള്‍ ദുഃഖം അനുഭവിക്കുന്നവരുണ്ടെന്ന് മനസിലാക്കി, അവരുടെ സങ്കടം ഇല്ലാതാക്കാന്‍ മുന്നിട്ടിറങ്ങേണ്ടവരാണ്. വിധവകള്‍ എന്ന പേരില്‍ ആഘോഷിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്. നിലവില്‍ സ്ത്രീത്വം അനുഭവിക്കുന്ന വിഷയങ്ങളേക്കാള്‍ പരിതാപകരമായ നിലങ്ങളില്‍ കൂടിയാണ് അവര്‍ മുന്നോട്ട് നടക്കേണ്ടത്. ഭരണകൂടങ്ങള്‍ കനിഞ്ഞ് നല്‍കുന്ന ്വകാശങ്ങളേക്കാള്‍ ഏറെ വലുതാണ് അവര്‍ക്ക് സമൂഹമനസാക്ഷി നല്‍കേണ്ട അവകാശങ്ങള്‍.. .
നരക തുല്യമായ വിവാഹ ബന്ധത്തില്‍ നിന്ന് മോചനം നേടുമ്പോള്‍ കളങ്കിത എന്ന പേര്‍ ചൊല്ലി വിളിക്കാനാണ് പൊതുസമൂഹം ഇഷ്ടപ്പെടുന്നത്. പീഡനം സഹിക്കവയ്യാതെ വിവാഹമോചനം നേടുന്ന സ്ത്രീകളെയാണ് സമൂഹം കളങ്കിതരെന്ന് മുദ്രകുത്തുകയാണ്. ഇവര്‍ക്ക് ജീവിതം വേണ്ടേ? ഇവരുടെ ജീവിതം മാടുകളുടേത് പോലെ അവസാനിപ്പിക്കാനുള്ളതാണോ? ഇവര്‍ക്കെല്ലാം ജീവിക്കാനുള്ള സൌകര്യം ഒരുക്കണം. അതിന് ഭരണകൂടത്തിനും ബാധ്യത ഉണ്ട്. പൊതുസമൂഹം സ്ത്രീകളെ നോക്കി കാണുന്നതിന് കുറച്ച് കൂടി മര്യാദ കാണിക്കണം. എല്ലാ സ്ത്രീകളും സ്ത്രീസ്വത്വത്തെ പറ്റി ധാരണ ഉള്ളവരാവണം. എന്നാലേ പുരുഷന്‍മാരിലേക്ക് സ്ത്രീത്വത്തെ എത്തിക്കാന്‍ സാധിക്കൂ. ലിംഗനീതി എന്നത് പ്രകാശിപ്പിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്. അടിച്ചമര്‍ത്താനുള്ള ആയുധങ്ങളുമായി കോപ്പുകൂട്ടി നടക്കുന്ന സമൂഹത്തിന്റെ കല്ലിച്ച മുഖത്തിന് നേരെ വളയിട്ട കൈകള്‍ ഉയരണം. വള അടിമയുടെ ആഭരണമല്ല. അത് അമ്മ മനസിന്റെ അടയാളമാണ്.
പുല്ലിംഗത്തിന്റെ കൂര്‍ത്ത ദ്രംഷ്ടകളില്‍ കോര്‍ന്ന് തീരാനുള്ളതല്ല സ്ത്രീലിംഗം. വിശേഷണങ്ങളുടെ സ്ത്രീവിരുദ്ധതയെ മനസിലാക്കാനും അവയ്ക്ക് പകരം സ്ത്രീപക്ഷത്തിന്റെ വാക്കുകള്‍ പകരം വെക്കാനും സമയമായി.
Comments
RSS feed for comments to this post