പി ജി, അറിവിന്റെ മഹാപര്‍വ്വം
കോടിയേരി ബാലകൃഷ്ണന്‍
![]() |
|
പി ജി നമുക്ക് തന്നത് കമ്യൂണിസ്റ് ജീവിതത്തിന്റെ വിലയേറിയ സന്ദേശമാണ്. പഠിക്കുവാനും മനുഷ്യ മോചനത്തിനായുള്ള പ്രത്യയശാസ്ത്രം സര്‍ഗാത്മകമായി പ്രയോഗിക്കുവാനും മാനവീകതയെ നശിപ്പിക്കുന്ന ചിന്തകള്‍ക്കെതിരെ പോരാടുവാനും പി ജി നമ്മളെ ആഹ്വാനം ചെയ്തു. ഇനി നമുക്ക് ആ വഴികളിലൂടെ നടക്കാം. പി ജി വിടവാങ്ങുമ്പോഴുണ്ടാവുന്ന ശൂന്യത നികത്താന്‍ കൂട്ടായ്മയുടെ സംഘശക്തിയായി മാറി മുന്നേറാം. |
ഒരുഹരമെന്നപോലുള്ള പരന്ന വായനയും അഗാധമായ പാണ്ഡിത്യവും പി ജിയുടെ സവിശേഷതയായിരുന്നു. സാര്‍വ്വദേശീയ - ദേശീയ കാര്യങ്ങള്‍ മാര്‍ക്സിസ്റ് ദര്‍ശനങ്ങളിലൂന്നി നിന്നുകൊണ്ട് ലളിതമായ ഭാഷയില്‍ വിശകലനം ചെയ്യുന്ന പി ജി, ശാരീരികാവശതകള്‍ കൊണ്ട് ബുദ്ധിമുട്ടുമ്പോഴും അതിനുവേണ്ടി യത്നിച്ചു. ആ ശ്രമത്തിലൂടെ പുരോഗമനേച്ഛുക്കള്‍ക്കും വിജ്ഞാനദാഹികള്‍ക്കും അവ മനസിലാക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിച്ചു.
കലയും സാഹിത്യവും സംഗീതവുമൊക്കെ പി ജിക്ക് നന്നായി വഴങ്ങിയിരുന്നു. ഏത് വിഷയത്തെ കുറിച്ചും വളരെ അവഗാഹതയോടെ സംസാരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ചരിത്രവും ശാസ്ത്രവുമൊക്കെ ഇഷ്ടത്തോടെ വായിക്കാനും എഴുതാനും മറ്റുള്ളവര്‍ക്ക് ക്ഷമയോടെ പകരാനും അദ്ദേഹം തയ്യാറായി. ലാറ്റിനമേരിക്കന്‍ ഇടതുപക്ഷ മുന്നേറ്റങ്ങളെ കുറിച്ചൊക്കെ പി ജി മണിക്കൂറുകളോളം ഒരു മുഷിപ്പുമില്ലാതെ സംസാരിക്കുമായിരുന്നു. ഏത് വിഷയത്തെ കുറിച്ച് സംവദിച്ചാലും പുതിയ വിവരങ്ങളുടെ ശേഖരവുമായി സജീവമാകുന്ന പി ജി പലപ്പോഴും എനിക്ക് വിസ്മയമായിട്ടുണ്ട്.
1952ല്‍ പി ജിയെ തിരു-കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുത്തു. ഐക്യകേരളം രൂപംകൊണ്ടതിന് ശേഷം 1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പിലും പി ജി നിയമസഭാംഗമായി. 1967ലും അദ്ദേഹം നിയമസഭാംഗമായി. പെരുമ്പാവൂരില്‍ നിന്നായിരുന്നു മൂന്ന് തവണയും തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് യുവാവായിരുന്ന പി ജി, നിയമസഭാ സാമാജികര്‍ എങ്ങനെയാണ് വിഷയാവതരണം നടത്തേണ്ടത് എന്നതിനുള്ള മികച്ച ഉദാഹരണമായിരുന്നു. എതിരാളികളെ നിഷ്പ്രഭമാക്കുന്ന വാഗ്വിലാസത്തിനുടമയായിരുന്നു പി ജി. 57ലെ ഇ എം എസ് ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ ബില്ല് തയ്യാറാക്കുന്നതിലും നിയമസഭകളില്‍ നടത്തിയ ചര്‍ച്ചകളിലൂടെ അത് സമ്പുഷ്ടമാക്കുന്നതിനും പി ജി സംഭാവനകള്‍ ചെയ്തു. അക്ഷരത്തെ ആയുധമാക്കി മാറ്റി ആശയസമരത്തിനായി ഉപയോഗിക്കുന്നതില്‍ പി ജി കാണിച്ച സാമര്‍ത്ഥ്യം പുതുതലമുറയ്ക്ക് പിന്തുടരാനുള്ള മാതൃകയാണ്. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനായി പി ജി നടത്തിയ ഇടപെടലുകളും എന്റെ ഓര്‍മകളിലുണ്ട്. 1987ല്‍ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാരാണ് കേരള പബ്ളിക്ക് ലൈബ്രറീസ് ആക്ട് (ഗ്രന്ഥശാലാസംഘം) കൊണ്ടുവന്നത്. അന്ന് ഞാന്‍ നിയമസഭാംഗമായിരുന്നു. ആ ബില്‍ തയ്യാറാക്കുന്നതില്‍ പി ജി നല്‍കിയ സംഭാവന അവിസ്മരണീയമാണ്. മാത്രമല്ല, അദ്ദേഹം ബില്ലിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശകമുറിയില്‍ വരുമായിരുന്നു. സഭാനടപടികള്‍ വീക്ഷിക്കുന്ന പി ജി, ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കുറിപ്പുകളിലൂടെ ഞങ്ങളെ അറിയിക്കും. അത് ഞങ്ങളുടെ ചര്‍ച്ചകള്‍ക്ക് ഏറെ സഹായകമായി. ഇടപെടലുകള്‍ എവിടെയും സാധ്യമാണെന്നും അതൊരു സാധ്യതയാണെന്നും പി ജി തെളിയിച്ചു.
ലോകത്തിന്റെയും ഭാരതത്തിന്റെയും കേരളത്തിന്റെയും നവോത്ഥാനത്തിന്റെ ധാരകളെ കുറിച്ച് പി ജി വലിയ അറിവ് നേടിയിരുന്നു. വായനയിലൂടെ സ്വായത്തമാക്കിയ ആ അറിവ് വളരെ ലളിതമായി എഴുതുവാനും അദ്ദേഹം തയ്യാറായി. ബഹുഭാഷാ പാണ്ഡിത്യമുള്ളതുകൊണ്ട് വായനയിലൂടെ അറിവിന്റെ ലോകം വ്യത്യസ്തമാക്കി മാറ്റാന്‍ പി ജിക്ക് കഴിഞ്ഞു. വൈജ്ഞാനികതയുടെ സര്‍വ്വമേഖലകളിലൂടെയും സഞ്ചരിക്കാന്‍ പി ജിക്ക് സാധിച്ചു. അതിനാല്‍ തന്നെ പി ജി ഒരു സര്‍വ്വവിജ്ഞാന കോശം കൂടിയായിരുന്നു.
ദേശാഭിമാനിയുടെ പത്രാധിപരായിരിക്കുന്ന കാലത്ത് അദ്ദേഹം പത്രത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി പ്രയത്നിച്ചു. ചിന്ത വാരികയില്‍ പി ജി കൈകാര്യം ചെയ്തിരുന്ന കോളവും കൈരളി, പീപ്പിള്‍ തുടങ്ങിയ ചാനലുകളില്‍ അവതരിപ്പിച്ച പരിപാടികളും സാധാരണക്കാര്‍ക്ക് അന്താരാഷ്ട്ര സംഭവവികാസങ്ങളെ മനസിലാക്കാന്‍ സഹായകമായി. പല വിപ്ളവകാരികളെയും മലയാളത്തിന് പരിചയപ്പെടുത്തികൊടുക്കുന്നതിന് അദ്ദേഹത്തിന്റെ എഴുത്തും പ്രഭാഷണവും സഹായകമായി. അദ്ദേഹത്തിന്റെ അക്ഷരങ്ങളെ തേടി പുരസ്കാരതിളക്കങ്ങളും വന്നുചേര്‍ന്നു. സാഹിത്യ അക്കാദമിയുടെ വിമര്‍ശന കൃതിക്കുള്ള പുരസ്കാരമടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ പിജിയെ തേടിയെത്തി.
കേരളത്തിലെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് പിജി പകര്‍ന്ന കരുത്ത് ചില്ലറയല്ല. കമ്യൂണിസ്റ് സിദ്ധാന്തങ്ങളേയും പ്രയോഗങ്ങളെയും എതിര്‍ക്കുന്ന വലതുപക്ഷത്തിന്റെ വക്താക്കളെ പി ജി നിശിതമായി വിമര്‍ഷിച്ചു. അവരുടെ വാദങ്ങളെ കീറിമുറിച്ചു. പൊള്ളത്തരങ്ങളെ എടുത്തുകാട്ടി. പുരോഗമന സാഹിത്യപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ആശയപരമായ വിഷയങ്ങളെ കുറിച്ച് ആഴത്തില്‍ അപഗ്രഥിച്ചു. കൂടുതല്‍ വ്യക്തതയുണ്ടാക്കി. പി ജി യുടെ പോരാട്ടങ്ങള്‍ക്ക് ലക്ഷ്യം ഒന്നുമാത്രമാണെങ്കിലും രീതികള്‍ പല തരത്തിലുള്ളതായിരുന്നു. അതാണ് പി ജിയെ വേറിട്ട് നിര്‍ത്തുന്നത്.
പി ജി നമുക്ക് തന്നത് കമ്യൂണിസ്റ് ജീവിതത്തിന്റെ വിലയേറിയ സന്ദേശമാണ്. പഠിക്കുവാനും മനുഷ്യ മോചനത്തിനായുള്ള പ്രത്യയശാസ്ത്രം സര്‍ഗാത്മകമായി പ്രയോഗിക്കുവാനും മാനവീകതയെ നശിപ്പിക്കുന്ന ചിന്തകള്‍ക്കെതിരെ പോരാടുവാനും പി ജി നമ്മളെ ആഹ്വാനം ചെയ്തു. ഇനി നമുക്ക് ആ വഴികളിലൂടെ നടക്കാം. പി ജി വിടവാങ്ങുമ്പോഴുണ്ടാവുന്ന ശൂന്യത നികത്താന്‍ കൂട്ടായ്മയുടെ സംഘശക്തിയായി മാറി മുന്നേറാം.