അത്ഭുതങ്ങള്‍ തുടങ്ങാനിരിക്കുന്നേയുള്ളു
എ എന്‍ രവീന്ദ്രദാസ്
![]() |
|
മറഡോണയെയും പെലെയെയും സിദാനെയും പോലുള്ള വലിയ കളിക്കാരുമായി മെസ്സിയെ താരതമ്യപ്പെടുത്താന്‍ ധൃതികാട്ടേണ്ടതില്ല. അവരെപ്പോലെ അമരത്വം നേടിക്കൊണ്ട് ചരിത്രാംശമാകാന്‍ മെസ്സി ലോകകപ്പ് നേടുന്ന അര്‍ജന്റീന്‍ ടീമിന്റെ ഭാഗമാകുകതന്നെ വേണം. അതിനുള്ള ഉത്തരം നല്‍കേണ്ടത് 2014ലെ ബ്രസീല്‍ ലോകകപ്പാണ്. കാല്‍പ്പന്തിന്റെ ഉപാസകര്‍ക്കായി ഈ ഇരുപത്തഞ്ചുകാരന്‍ ഇനിയും എത്രയോ അത്ഭുതങ്ങള്‍ കരുതിവച്ചിട്ടുണ്ടാകാം. |
മികവില്‍നിന്നു മികവിലേക്കുമാത്രം കുതിക്കുന്ന ലയണല്‍ മെസ്സി എന്ന അര്‍ജന്റീനക്കാരനല്ലാതെ മറ്റാരും ആ പദവിക്ക് തല്‍ക്കാലം യോഗ്യരല്ല. വരുന്ന ജനുവരിയില്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ബഹുമതി ഒരിക്കല്‍ക്കൂടി മെസ്സിയെ തേടിയെത്തിയില്ലെങ്കിലേ അത്ഭുതമുള്ളു. തന്റെ രചനകളുടെ പൂര്‍ണതയ്ക്കായി ഹൃദയം പകുത്തുനല്‍കിയ ചിത്രകാരനായ വാന്‍ഗോഗിന്റെ ദൌത്യം കാല്‍പ്പന്തുകളിയില്‍ കലാത്മകതയോടെ നിര്‍വഹിക്കുന്നവനാണ് മെസ്സി.
കളം നിറഞ്ഞു കളിക്കാന്‍ ഇഷ്ടപ്പെടുന്നവനാണ് മെസ്സി. മുന്‍നിരയിലെത്തിയാല്‍ അപകടകാരിയായ ആക്രമണകാരി. ഇടനിരയിലേക്ക് ഇറങ്ങുമ്പോള്‍ ചുമതലാബോധവും ആസൂത്രണമേന്മയുംകൊണ്ട് പരിപാകമാക്കപ്പെട്ട പ്ളേമേക്കര്‍. ഒരേസമയം ഫുട്ബോളിന്റെ ക്ളാസിക് ഗരിമയും റൊമാന്റിക് ചാരുതയും സമ്മേളിക്കുന്ന കേളീശൈലി. റെക്കോഡുകള്‍ പെയ്തിറങ്ങുന്ന മഹത്തായ ആ പാദങ്ങളില്‍നിന്ന് ചരിത്രം അന്യൂനമായ ഫുട്ബോള്‍ സൃഷ്ടികളായി വാഴ്ത്തപ്പെടുന്ന ഒട്ടനവധി ഗോളുകളും പിറന്നിട്ടുണ്ട്. ഒരു ഫുട്ബോള്‍ കളിക്കാരനെന്ന നിലയില്‍ ലോകത്തെ അതിശയിപ്പിക്കുന്ന ഒട്ടേറെ സവിശേഷതകളുള്ള മെസ്സിക്കു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി അര്‍ജന്റീനയ്ക്കുവേണ്ടി ലോകകപ്പ് നേടുകയെന്നതു തന്നെയാണ്.
മറഡോണയെയും പെലെയെയും സിദാനെയും പോലുള്ള വലിയ കളിക്കാരുമായി മെസ്സിയെ താരതമ്യപ്പെടുത്താന്‍ ധൃതികാട്ടേണ്ടതില്ല. അവരെപ്പോലെ അമരത്വം നേടിക്കൊണ്ട് ചരിത്രാംശമാകാന്‍ മെസ്സി ലോകകപ്പ് നേടുന്ന അര്‍ജന്റീന്‍ ടീമിന്റെ ഭാഗമാകുകതന്നെ വേണം. അതിനുള്ള ഉത്തരം നല്‍കേണ്ടത് 2014ലെ ബ്രസീല്‍ ലോകകപ്പാണ്. കാല്‍പ്പന്തിന്റെ ഉപാസകര്‍ക്കായി ഈ ഇരുപത്തഞ്ചുകാരന്‍ ഇനിയും എത്രയോ അത്ഭുതങ്ങള്‍ കരുതിവച്ചിട്ടുണ്ടാകാം.