രോഗികള്‍ അറിയേണ്ടത്
ഡോ. സുകുമാരന്‍ വി
![]() |
|
ചില രോഗങ്ങള്‍ വ്യക്തികള്‍ സ്വയം വരുത്തിവയ്ക്കുന്നതാണ്. പുകവലി, മദ്യപാനം, മയക്കുമരുന്ന് ഇവമൂലമുണ്ടാകുന്ന രോഗങ്ങള്‍ കര്‍ക്കശമായി തുറന്നു പറയണം. രോഗത്തിന്റെ ഗുരുതരാവസ്ഥ അറിയുമ്പോള്‍പേടിച്ച് ദുശീലങ്ങള്‍ രോഗി നിര്‍ത്താം. രോഗം പറയുന്നതിനൊപ്പം ജീവിതത്തിലേക്കു മടങ്ങിവരാമെന്നുള്ള പ്രതീക്ഷയും രോഗിക്കു നല്‍കണമെന്നു മാത്രം. ഡോക്ടര്‍ പറയാതെ മറ്റൊരു രീതിയില്‍ രോഗവിവരം അറിഞ്ഞാല്‍ ഡോക്ടറോട് രോഗിക്ക് അമര്‍ഷം തോന്നിയേക്കാം. ഡോക്ടര്‍ എല്ലാം എന്നോട് ഒളിപ്പിച്ചുവച്ചില്ലേ, രോഗത്തിന്റെ ഗൌരവം പറയുമായിരുന്നെങ്കില്‍ ഞാന്‍ അല്പം കൂടി ശ്രദ്ധിച്ചേനെയെന്ന് അവര്‍ പറയാനിടവരരുത്. ആതുരശുശ്രൂഷയില്‍ രാപ്പകലില്ലാതെ ജോലിനോക്കുന്നവരും ഡോക്ടര്‍ രോഗി ബന്ധത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കുന്നവരുമായ ഒരുകൂട്ടം ഡോക്ടര്‍മാരെ കണ്ടില്ലെന്നു നടിക്കുകയല്ല. എങ്കിലും ഡോക്ടര്‍മാര്‍ക്ക് മനസാക്ഷി നഷ്ട്ടപ്പെടാന്‍ പാടില്ല എന്നത് തന്നെയാവണം ആപ്തവാക്യം. |
ഡോക്ടറിന്റെ സ്വാന്തനം നിറഞ്ഞ ഒരു വാക്കിന്റെ പിന്‍ബലത്തില്‍ പിന്നീടയാള്‍ ജീവിച്ചത് ഇരുപത് വര്‍ഷമാണ്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ സ്ഥിതി നേരെ മറിച്ചാണ്. എത്ര ഗുരുതരരോഗമാണെങ്കിലും രോഗിയോടു രോഗവിവരം തുറന്നു പറയണമെന്നാണ് അവിടുത്തെ നിയമം. മരണം അടുത്തിരിക്കുകയാണെങ്കില്‍ അതുവരെ പറയാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ സംസ്കാരത്തില്‍ ബന്ധങ്ങളുടെ ആഴം കൂടുതലാണ്. അതിനാല്‍ ഗുരുതരമായ രോഗങ്ങള്‍ തുറന്നു പറയുമ്പോള്‍ കുടുംബത്തെക്കുറിച്ചുള്ള ചിന്തകളും രോഗിയെ മാനസികമായി തളര്‍ത്തിയേക്കാം. നെഗറ്റീവ് ചിന്ത രോഗിയില്‍ വരുന്നത് ചികിത്സയെപ്പോലും ബാധിക്കും. രോഗികള്‍ ശാരീരികമായും മാനസികമായും ദൈന്യാവസ്ഥയിലുള്ളവരാണ്. അതിനാല്‍ അവര്‍ ശുശ്രൂഷകരില്‍നിന്നു തീര്‍ച്ചയായും ദയയും സഹാനുഭൂതിയും ആഗ്രഹിക്കുന്നു. തനിക്ക് എന്ത് രോഗമാണെന്നും എന്ത് ചികിത്സയാണ് ലഭിക്കുന്നതെന്നും അറിയാനുള്ള അവകാശം ഒരു രോഗിക്കുണ്ട്. എന്നാല്‍ ആതുരസേവകരുടെ അനാസ്ഥകൊണ്ടോ സമയക്കുറവുകൊണ്ടോ ഒക്കെ കാര്യങ്ങള്‍ അറിയാനുള്ള രോഗിയുടെ അവകാശം നിഷേധിക്കപ്പെടാം.
തുറന്നു സംസാരിക്കുക
സമയക്കുറവും ക്ഷമയില്ലായ്മയും കാരണം പല ഡോക്ടര്‍മാര്‍ക്കും രോഗിയുമായോ ബന്ധുക്കളുമായോ തുറന്നു സംസാരിക്കാന്‍ കഴിയാറില്ല. ആ വിടവാണ് അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ സംഘര്‍ഷത്തില്‍ എത്തിക്കുന്നത്. എത്ര തീവ്രമായ സാഹചര്യത്തിലും രോഗിയുടെ ബന്ധുക്കളോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ അവരത് മനസിലാക്കും. അപകടസാധ്യത ഉള്‍ക്കൊള്ളാന്‍ അവര്‍ മനസുകൊണ്ട് തയാറാകുന്നു. ഡോക്ടറെ അവര്‍ സംശയദൃഷ്ടിയിലൂടെ നോക്കികാണുകയുമില്ല. എന്നാല്‍ അപ്രതീക്ഷിതമായി പ്രിയപ്പെട്ടവരുടെ മരണ വിവരം അറിയുമ്പോള്‍ ആരാണ് പ്രതികരിച്ചു പോകാത്തത്. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി മറ്റ് ആശുപത്രികളില്‍ പോയിട്ടും ഒരു കാര്യവുമില്ലെങ്കില്‍ അതും ബന്ധുക്കളെ പറഞ്ഞു മനസിലാക്കണം.
രോഗത്തെ അറിഞ്ഞ്
രോഗത്തെക്കുറിച്ചു രോഗിയറിയുകയെന്നത് അയാളുടെ അവകാശമാണ്. എന്നാല്‍ ഡോക്ടര്‍ രോഗവിവരം തുറന്നു പറയുമ്പോള്‍ അത് രോഗിയെ ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്ന് മനസിലാക്കിവേണം പറയാന്‍. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ അനുശാസിക്കുന്നത് രോഗിയോട് രോഗവിവരം തുറന്നു പറയണമെന്നാണ്. എന്നാല്‍ എല്ലാ സത്യങ്ങളും രോഗിയോട് തുറന്നു പറയാന്‍ ഡോക്ടര്‍ക്കുകഴിഞ്ഞെന്നു വരില്ല. മാരകമായ രോഗങ്ങളുള്ളവരോട് അവരുടെ മാനസികാവസ്ഥ കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ സത്യം തുറന്നു പറയണമെന്നില്ല. അവരുടെ ബന്ധുക്കളോട് കാര്യം തുറന്നു പറയുകയും വേണം. രോഗത്തെക്കുറിച്ചുള്ള ചില സൂചനകള്‍ രോഗിക്കു നല്‍കിയിരിക്കണം. പിന്നീട് ബന്ധുക്കള്‍ക്ക് സാവധാനത്തില്‍ രോഗിയോട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാവുന്നതാണ്.
ലളിതമായി പറയണം
ലിവര്‍ സിറോസിസിന്റെ ആരംഭവുമായാണ് അയാള്‍ ഡോക്ടറെ കാണാനെത്തിയത്. നല്ല മദ്യപാന ശീലമുള്ളയാളാണ്. ഡോക്ടര്‍ ഒരു ദയയുമില്ലാതെ അയാളുടെ മുഖത്തുനോക്കി കാര്യം പറഞ്ഞു. കൂടിപ്പോയാല്‍ ഒരുവര്‍ഷം കൂടി ജീവിച്ചിരിക്കാം. എന്നാല്‍ മദ്യപാനം നിര്‍ത്തുകയാണെങ്കില്‍ ആയുസിന്റെ നീളവും കൂടും. ഇതുകേട്ടതും അയാള്‍ തകര്‍ന്നുപോയി. എങ്കിലും ജീവിക്കാനുള്ള കൊതി അയാളില്‍ പ്രകടമായിരുന്നു. അതുകൊണ്ടുതന്നെ മദ്യപാനശീലവും ഉപേക്ഷിച്ചു. ഇവിടെ രോഗിയോടു ഡോക്ടര്‍ രോഗവിവരം തുറന്നു പറഞ്ഞു. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് രോഗിയെ ബോധവാനാക്കുന്നു. ഇങ്ങനെയൊരു രോഗമുണ്ടെന്ന് രോഗി മനസിലാക്കിയില്ലെങ്കില്‍ രോഗത്തിന്റെ ഗൌരവം കണക്കാക്കാതെ ചികിത്സ ഉഴപ്പിക്കളയാം. കൃത്യമായ രോഗാവസ്ഥ അറിഞ്ഞാല്‍ മാത്രമേ അതില്‍നിന്ന് രക്ഷപ്പെടാനുള്ള ആഗ്രഹവും പ്രയത്നവും രോഗിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയുള്ളൂ. അതുപോലെ സത്യം ചിലപ്പോള്‍ രോഗിയെ തകര്‍ത്തു കളഞ്ഞേക്കാം. അതിനാല്‍ ഗുരുതരമായ രോഗങ്ങളെക്കുറിച്ച് പെട്ടെന്ന് പറയാതെ സാവധാനത്തില്‍ ലളിതമായ രീതിയില്‍ ഡോക്ടര്‍ക്കു കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാവുന്നതാണ്. പരിശോധനഫലം കാണുന്ന ഉടന്‍ നിങ്ങള്‍ക്കു മാരക രോഗമാണ് ഉടന്‍ മരിക്കുമെന്ന് രോഗിയോട് നമ്മുടെ ഡോക്ടര്‍മാര്‍ പറയാന്‍ മടിക്കാറുണ്ട്. കാരണം രോഗിയുടെ മാനസിക നിലയില്‍ ഉണ്ടാകുന്ന നേരിയ വ്യതിയാനങ്ങള്‍ ചികിത്സയേത്തന്നെ ബാധിച്ചേക്കാം.ആധുനികയുഗത്തില്‍ അറിവും വിദ്യാഭ്യാസവുമുള്ള ആളുകളില്‍നിന്ന് രോഗ വിവരം മറച്ചു വയ്ക്കുക സാധ്യമാകണമെന്നില്ല. എന്നാല്‍ രോഗത്തെ അതിജീവിക്കാനുള്ള മനോബലം അവര്‍ക്കു പകര്‍ന്നു നല്‍കാന്‍ ഡോക്ടര്‍ക്കു കഴിയും. സങ്കീര്‍ണമായ രോഗങ്ങളെക്കുറിച്ച് ലളിതമായി പറഞ്ഞുകൊടുക്കാന്‍ കഴിയണം. ഇത് ചികിത്സയില്ലാത്ത രോഗമല്ല, ഒരു പരിശോധനയ്ക്കു കൂടി വിധേയമാകുന്നതല്ലേ നല്ലത് എന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ രോഗി രോഗത്തെക്കുറിച്ച് മനസിലാക്കിക്കൊണ്ടുതന്നെ ചികിത്സയ്ക്കു തയാറാകും.
കഴിക്കുന്ന മരുന്നുകള്‍
നിസാര രോഗങ്ങള്‍ക്കുള്ള മരുന്നു കഴിക്കുന്നവരാണെങ്കില്‍കൂടി രോഗത്തെക്കുറിച്ചും കഴിക്കുന്ന മരുന്നുകളെക്കുറിച്ചും രോഗിക്കു പറഞ്ഞുകൊടുക്കേണ്ട കടമ ഡോക്ടറുടേതാണ്. ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍, രോഗം ഭേദമായാലും എന്തെങ്കിലും തകരാറുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങളും രോഗിയോടു തുറന്നു പറയണം. രോഗത്തിന് കൂടുതല്‍ ചികിത്സകളോ വിദഗ്ധ ആശുപത്രികളോ ഉണ്ടെങ്കില്‍ അതും പറഞ്ഞു കൊടുക്കണം. രോഗി പറയുന്നതെല്ലാം കേള്‍ക്കാനുള്ള ക്ഷമയാണ് ഒരു നല്ല ഡോക്ടര്‍ക്കുവേണ്ട ഏറ്റവും മഹത്തരമായ ഗുണം. കാന്‍സര്‍പോലുള്ള മാരക രോഗങ്ങള്‍ ഗുരുതരാവസ്ഥയിലാണെങ്കില്‍ രോഗിയുടെ സാമ്പത്തിക സ്ഥിതികൂടി കണക്കിലെടുത്തു വേണം ഡോക്ടര്‍ ചികിത്സ നിര്‍ണയിക്കാന്‍. മരണം ആസന്നനായ രോഗിക്ക് കീമോതെറാപ്പി പോലുള്ള ചികിത്സകള്‍ നല്‍കി അയാളുടെ കുടുംബം തകരാറിലാക്കേണ്ട കാര്യമില്ല. വേദനകുറയ്ക്കാനുള്ള മരുന്നുകള്‍ നല്‍കി പാലിയേറ്റീവ് കെയര്‍ നല്‍കിയാല്‍ മതിയാവും. അതുപോലെ ചെലവു കുറഞ്ഞ രീതിയില്‍ രോഗം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഡോക്ടര്‍ അതിനു ശ്രമിക്കണം. ബന്ധുക്കളോട് പറയണം.
എല്ലാ കാര്യവും രോഗിയോട് നേരിട്ട് പറയാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും രോഗിയോടു പറയണം. ഓരോ രോഗത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ചായിരിക്കും ഇത് തീരുമാനിക്കേണ്ടത്. രോഗിക്ക് മാനസിക പ്രയാസം ഉണ്ടാക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പറയരുത്. അതായത് ഒരാള്‍ കാന്‍സര്‍ രോഗിയാണെങ്കില്‍ രോഗത്തെക്കുറിച്ച് പറയേണ്ടത് ആവശ്യമാണ്. എന്നാല്‍ കാന്‍സര്‍ അപകടകാരിയാണെങ്കിലും മിക്ക കാന്‍സറും ആരംഭത്തിലേ കണ്ടെത്തി ചികിത്സിച്ചു ഭേദമാക്കാമെന്നുള്ള പ്രതീക്ഷയും നല്‍കണം. പ്രായമായവരില്‍ കാന്‍സര്‍ ഗുരുതരാവസ്ഥയിലാണെങ്കില്‍ രോഗിയോടു പറഞ്ഞ് ഉത്കണ്ഠ ഉണ്ടാക്കേണ്ട ആവശ്യമില്ല. ബന്ധുക്കളോടു കാര്യങ്ങള്‍ തുറന്നു പറയണം. രോഗിയുടെ മനസിനെ വേദനിപ്പിക്കാതെ കരുതലോടെ പറയുകയെന്നതാണ് അനിവാര്യം.
ആരോടെല്ലാം പറയാം
പത്തുവയസില്‍ താഴെയുള്ള കുട്ടികളോട് രോഗത്തിന്റെ ഗൌരവം പറഞ്ഞാല്‍ അവര്‍ക്കത് മനസിലാകില്ല. സ്ത്രീകള്‍ക്ക് മനോധൈര്യം കുറവാണെന്ന പേരില്‍ കാര്യങ്ങള്‍ പറയാതിരിക്കുന്നതും ശരിയല്ല. രോഗിയെ ചികിത്സാര്‍ത്ഥം മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകുമ്പോള്‍ രോഗത്തിന്റെ ഗുരുതരാവസ്ഥയല്ല. ആ ആശുപത്രിയില്‍ അതിനുള്ള ചികിത്സാ സൌകര്യങ്ങള്‍ കുറവായതുകൊണ്ട് വിദഗ്ധ സൌകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതേയുള്ളൂവെന്ന് അവരെ പറഞ്ഞു മനസിലാക്കണം.രോഗവിവരം അറിയുമ്പോള്‍ മാനസിക സംഘര്‍ഷങ്ങള്‍ രോഗിക്കുണ്ടായെന്നുവരാം. അപ്പോള്‍ ചെറിയ കൌണ്‍സിലിംഗ്പോലും ഡോക്ടര്‍ കൊടുക്കേണ്ടിവരുന്നു.
ചില രോഗങ്ങള്‍ വ്യക്തികള്‍ സ്വയം വരുത്തിവയ്ക്കുന്നതാണ്. പുകവലി, മദ്യപാനം, മയക്കുമരുന്ന് ഇവമൂലമുണ്ടാകുന്ന രോഗങ്ങള്‍ കര്‍ക്കശമായി തുറന്നു പറയണം. രോഗത്തിന്റെ ഗുരുതരാവസ്ഥ അറിയുമ്പോള്‍പേടിച്ച് ദുശീലങ്ങള്‍ രോഗി നിര്‍ത്താം. രോഗം പറയുന്നതിനൊപ്പം ജീവിതത്തിലേക്കു മടങ്ങിവരാമെന്നുള്ള പ്രതീക്ഷയും രോഗിക്കു നല്‍കണമെന്നു മാത്രം. ഡോക്ടര്‍ പറയാതെ മറ്റൊരു രീതിയില്‍ രോഗവിവരം അറിഞ്ഞാല്‍ ഡോക്ടറോട് രോഗിക്ക് അമര്‍ഷം തോന്നിയേക്കാം. ഡോക്ടര്‍ എല്ലാം എന്നോട് ഒളിപ്പിച്ചുവച്ചില്ലേ, രോഗത്തിന്റെ ഗൌരവം പറയുമായിരുന്നെങ്കില്‍ ഞാന്‍ അല്പം കൂടി ശ്രദ്ധിച്ചേനെയെന്ന് അവര്‍ പറയാനിടവരരുത്. ആതുരശുശ്രൂഷയില്‍ രാപ്പകലില്ലാതെ ജോലിനോക്കുന്നവരും ഡോക്ടര്‍ രോഗി ബന്ധത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കുന്നവരുമായ ഒരുകൂട്ടം ഡോക്ടര്‍മാരെ കണ്ടില്ലെന്നു നടിക്കുകയല്ല. എങ്കിലും ഡോക്ടര്‍മാര്‍ക്ക് മനസാക്ഷി നഷ്ട്ടപ്പെടാന്‍ പാടില്ല എന്നത് തന്നെയാവണം ആപ്തവാക്യം.
Associate Professor of Surgery,
Pariyaram Medical College.
www.facebook.com/sukumaran.vengayil