കത്തുകള്‍
മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി . മറഡോണ . കോടിയേരി ബാലകൃഷ്ണന്‍ . എം വി ഗോവിന്ദന്‍ മാസ്റര്‍ . ഡോ. കെ എന്‍ പണിക്കര്‍ . മോഹന്‍ലാല്‍ . സുഗതകുമാരി . കുരീപ്പുഴ ശ്രീകുമാര്‍ . അശോകന്‍ ചരുവില്‍ . സീതാറാം യച്ചൂരി . ഷാഹുല്‍ ഹമീദ് കെ ടി . വിജയലക്ഷ്മി . ഡോണ മയൂര . സോണി ഡിത്ത് . മനു നെല്ലായ . എന്‍ വി അജിത്‌ . അഡ്വ ഗീനാകുമാരി . കൃഷ്ണകുമാര്‍ പൊതുവാള്‍ . ജിനേഷ്കുമാര്‍ എരമം . എ മനോജ് . എ എന്‍ രവീന്ദ്രദാസ് . സാബു ജോസ് . ഡോ. സുകുമാരന്‍ വി . ബിന്ദു ബി മേനോന്‍ . ഡോ.പി.മോഹന്‍ദാസ് . കെ ഇ എന്‍ . എന്‍ വി അജിത്ത് . റാം കുമാര്‍ . അമിത്ത് ജി .

മരുശരീരം

ഷാഹുല്‍ ഹമീദ് കെ ടി

ഉദ്യാനത്തിലായിരുന്നു അയാള്‍, ഏകനായി. ചെറുകാറ്റ് കരിയിലകളില്‍ വിരല്‍മീട്ടി കടന്നുപോവുന്നത് കേള്‍ക്കുന്നുണ്ടായിരുന്നു. കാറ്റ് ശക്തമാവുകയും കരിയിലകളെ കോരിയെടുത്ത് കണ്‍മുന്‍പിലൂടെ കൊണ്ടുപോവുകയും ചെയ്തപ്പോള്‍ അയാളുടെ ശ്രദ്ധയൊന്നു പാളി. നിലാവില്‍, നിലത്തു കിടക്കുന്ന ഞാവല്‍പഴങ്ങള്‍ ആര്‍ദ്രനയനങ്ങളായി മിഴിചിമ്മുന്നു.

ആ കണ്ണുകള്‍ അവളുടേതാണോ...! അതോ കുട്ടികളുടേതോ...!
വീണ്ടുമയാള്‍ ഞാവല്‍മരച്ചോട്ടിലെ ഇരുമ്പിന്‍കൂട്ടിലെ പെരുമ്പാമ്പിന്റെ വഴുവഴുപ്പാര്‍ന്ന ദേഹത്തേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. അയാള്‍ക്കു പിറകില്‍, വെളിച്ചംവിതറുന്ന മുറികളുമായി ആതുരാലയം ആകാശത്തേക്കുയര്‍ന്നു നില്‍ക്കുന്നു. ഇരയെ വരിഞ്ഞുമുറുക്കി, വിഴുങ്ങിയ പാമ്പ് ഉറക്കത്തിന്റെ തണുത്ത ജലാശയത്തിലേക്ക് ഊളിയിടുകയാണ്. പാമ്പില്‍ ശരീരത്തിനുള്ളിലൂടെ ഇരയുടെ മൃതയാത്ര പുറംതോലില്‍ ചെലുത്തുന്ന നേരിയചലനങ്ങളിലാണ് അയാളുടെ കണ്ണുകള്‍. ഏതോ ഒരു ചുരുളിനുള്ളില്‍ ഒടുങ്ങിയില്ലാതാവുന്ന ഇരകളുടെ യാത്രകള്‍ക്ക് അയാളെന്നും സാക്ഷിയാവുന്നു.

അയാള്‍ ചാരുബെഞ്ചിലേക്കു തലചായ്ച്ചു. നാലാംനിലയിലെ ചില്ലുകളുടെ നീണ്ട നിരയിലൂടെ വെളിച്ചം മഞ്ഞിലൂടെ അരിച്ചിറങ്ങുന്ന പ്രകാശരശ്മികള്‍പോലെ ചിതറുന്നത് നോക്കി. അത് ഐ.സി.യു. ആണ്. അവിടെയുണ്ട് അയാളുടെ ഭാര്യ. അതിനു മുന്‍പിലെ കസേരയിലാവും അയാളേതു നേരവും. വൈകുന്നേരം രോഗികള്‍ക്കൊപ്പമുള്ളവരെല്ലാം ഉദ്യാനത്തിലേക്കു പോകുമ്പോള്‍ അയാളുമങ്ങോട്ടു നടക്കും. ഒരു ചാരുബെഞ്ചിലിരിപ്പുറപ്പിക്കും. അപ്പോഴാണ് ജീവനക്കാര്‍ ഇരയെ പാമ്പിന്‍ കൂട്ടിലേക്കിടുന്നത് കാണാറ്. അധികവും കോഴികളാവും. ചിലപ്പോള്‍ പൂച്ചകളോ പെരുച്ചാഴികളോ. പാമ്പിന്റെ കെണിയൊരുക്കങ്ങളുടെ ജൈത്രയാത്രയും ഇരയുടെ അതിജീവനത്തിന്റെ തകര്‍ച്ചകളും അയാളെ കൂട്ടിനരികിലെ ബെഞ്ചിലേക്കടുപ്പിക്കും. പാമ്പിന്റെ കൊച്ചുവായുടെ അമിത വികാസത്താല്‍ വിഭ്രമിക്കുമ്പോള്‍ ഭയം പൊള്ളുന്നമണല്‍ത്തരികള്‍ അയാളിലേക്കു വിതറും. വലിയ ഇരകള്‍ പോലും വായിലേക്ക് വലിച്ചെടുക്കപ്പെടുമ്പോള്‍ അയാളുടെ ശരീരമാസകലം നീറാന്‍ തുടങ്ങും. ഇരുമ്പുകൂട്ടിന്റെ പൂട്ടില്‍ പിടിച്ച് അയാള്‍ ആഞ്ഞു വലിക്കാറുണ്ട്, ചിലപ്പോഴെല്ലാം.

അയാള്‍ ചാരുബെഞ്ചില്‍ നിന്നെഴുന്നേറ്റ് ആശുപത്രിക്കവാടത്തിലേക്ക് നടന്നു. വഴിയരികിലെ തട്ടുകടകളില്‍ ചുവന്നനിറംതേച്ച് പൊരിച്ചെടുത്ത കോഴികള്‍ തൂങ്ങിയാടുന്നു. കോഴികളെ എല്ലിന്‍കൂടുകളാക്കി മാറ്റുന്ന ബൈക്കുകളിലിരിക്കുന്ന യുവത്വങ്ങള്‍ക്കിടയിലൂടെ നടന്ന്, അയാള്‍ തെരുവിലെ കടയിലെത്തി. കഞ്ഞിയും ചമ്മന്തിയും വാങ്ങി ബെഞ്ചിലിരുന്നു. രാത്രിയും ഉച്ചക്കും അയാള്‍ക്കവിടെ നിന്നാണ് ഭക്ഷണം. പത്തുരൂപക്ക് മതിയാവോളം കഞ്ഞിയും ചമ്മന്തിയും കിട്ടും.

“ഇന്നൊരു പെരുച്ചാഴിയായിരുന്നു” അയാള്‍ പറഞ്ഞു.
“വീട്ട്കാരിക്ക് എങ്ങന്ണ്ട്?” ചിരട്ടക്കയില്‍കൊണ്ട് കഞ്ഞിയിളക്കുന്ന വൃദ്ധന്‍ ചോദിച്ചു.
“മാറ്റമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു“
“പണത്തിനൊക്കെ?“

“ഗള്‍ഫില്‍ പണിയെടുത്തുണ്ടാക്കിയതെല്ലാം തീര്‍ന്നു.! കടം വാങ്ങാന്‍ തുടങ്ങിയിരിക്കുന്നു.“ നാവില്‍ ചമ്മന്തി തേച്ച് അയാള്‍ പറഞ്ഞു. “ഇന്ന് പെരുച്ചാഴിയെ പതിനഞ്ചു മിനുട്ടു കൊണ്ടാ പാമ്പ് ശാപ്പിട്ടത്.!“ എവിടെ നിന്നോ വന്ന തൊഴിലാളികളും കഞ്ഞിയുമായി ബെഞ്ചുകളിലിരുന്നു. അയാള്‍ കഞ്ഞി വേഗം കോരിക്കുടിച്ചു.

“മതിയോ?“
അയാള്‍ കഞ്ഞിപ്പാത്രം കൊടുത്തു.“മതി“.
നാണയത്തുട്ടുകള്‍ എണ്ണിക്കൊടുക്കുമ്പോള്‍ അയാള്‍ വൃദ്ധനോടു ചോദിച്ചു. “പെരുച്ചാഴിക്ക് മരണമഭിനയിച്ച് പാമ്പിന്‍ ശരീരത്തിനുള്ളില്‍ കയറി ആ ശരീരം കടിച്ചു മുറിച്ചു കൂടെ?“
സ്റൌവിന്റെ തീനാളങ്ങള്‍ താഴുന്നുണ്ടോ എന്നു കുനിഞ്ഞു നോക്കുന്ന വൃദ്ധന്‍ പറഞ്ഞു “ഓരോ ചുരുളുകളാലും ഞെരുക്കി ഞെരുക്കി അതിന്റെ ശക്തിയെല്ലാം നശിപ്പിച്ചേ പാമ്പ് വിഴുങ്ങുകയുള്ളൂ. പിന്നെയത് ഇഷ്ടപ്പെടുക മരണമെന്ന സുഖനിദ്രയാണ്.“
തീനാളങ്ങള്‍ക്കു മുന്‍പിലെ വൃദ്ധമുഖത്തിലെ ചുളിവുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. അയാള്‍ പതിയെ നടന്നു.

പിന്നീടൊരു ദിവസം.
കുട്ടികളുടെ വിട്ടൊഴിഞ്ഞു പോവാത്ത വാക്കുകളുമായി അയാള്‍ ഫോണ്‍ബൂത്തില്‍ നിന്നിറങ്ങി. വാക്കുകള്‍ തട്ടുകടയിലേക്കുള്ള അയാളുടെ നടത്തത്തെ തടഞ്ഞു. വിശപ്പിനെ ഇല്ലാതാക്കി. നിശ്ചലനായ അയാള്‍ ആതുരാലയത്തിലേക്കു വരികയും പോവുകയും ചെയ്യുന്ന ആംബുലന്‍സുകളെ നോക്കി.

ഉപ്പ എന്നാ വര്വാ...?
ഞങ്ങക്ക് വ്ടെ മട്ത്തു.
ഉമ്മാന്റെ മാറീലെ?
ഞങ്ങള് ഉസ്കൂളീപ്പോയിട്ട് എത്രേസായീന്നറിയോ...!
ഭാര്യയുടെ വീട്ടില്‍ കഴിയുന്ന കുട്ടികളുടെ വാക്കുകള്‍ പ്രതിധ്വനികളോടെ അയാളെ ഉദ്യാനത്തിലേക്കു കൊണ്ടുപോയി. വിമ്മിട്ടത്തോടെ അയാള്‍ ചാരുബെഞ്ചിലിരുന്നു.

വിളക്കുകാലില്‍ നിന്നുള്ള പ്രകാശം കുറവായിരുന്നു. അയാള്‍ ബെഞ്ചിലേക്കു ചാഞ്ഞു. ആകാശത്തിലെ ഇരുള്‍പ്പരപ്പിലേക്കു നോക്കിയപ്പോള്‍ നിയോണ്‍ബള്‍ബിന്റെ കവചത്തില്‍ കുടുങ്ങിയ നരച്ചീറിനെ കണ്ടു. അതിന്റെ കറുത്ത ചിറകുകള്‍ തുളച്ചാണ് പ്രകാശ പ്രസരണം. പുറത്തേക്കുള്ള വഴിയറിയാതെ ചൂടില്‍വേവുന്ന നരിച്ചീര്‍ ഇടക്കിടയ്ക്ക് പിടയുമ്പോള്‍ അയാളുടെ ശരീരത്തില്‍ ഉഷ്ണത്തിന്റെ കുമിളകള്‍ പൊടിഞ്ഞുയരാന്‍ തുടങ്ങി. വിയര്‍ത്തൊഴുകുന്ന അയാള്‍ എഴുന്നേറ്റ് വിളക്കുകാലിനരികിലെത്തി. അത് ശക്തിയോടെ കുലുക്കി. വെളിച്ചമണഞ്ഞു. അയാള്‍ വിളക്കുകാലിനെ അണച്ചു പിടിച്ച് എന്തോ പറഞ്ഞുകൊണ്ടിരുന്നു.

പാമ്പിന്‍കൂടിന്റെ ഇളക്കം അയാളറിയുന്നുണ്ടായിരുന്നില്ല. അത് ഒരു വശത്തേക്ക് ചെരിഞ്ഞ് മറിയുമെന്ന ഘട്ടത്തില്‍ നിന്നു തിരിച്ചു വന്നപ്പോഴുണ്ടായ ശബ്ദം കേട്ടാണ് അയാള്‍ വിളക്കു കാലില്‍ നിന്ന് മുഖം തിരിച്ചു നോക്കിയത്. ഇരുട്ടിലൊന്നും വ്യക്തമല്ല. നടന്ന് അരികിലെത്തിയ അയാള്‍ കൂടിനു മുന്‍പില്‍ മുട്ടുകുത്തിയിരുന്നു.

കൂടിന്റെ മൂലയില്‍ ഒരു കാട്ടുമുയല്‍...! ഭയം ഓളം വെട്ടുന്ന കണ്ണുകളുമായി രക്ഷപ്പെടാനുള്ള പഴുതു നോക്കുന്നു. ചാരരോമങ്ങളുടെ വിറയലിനൊപ്പം വരുന്ന നെഞ്ചിടിപ്പിന്റെ മുഴക്കങ്ങള്‍ മണല്‍ക്കാറ്റിന്റെ ചൂളംകുത്തലോടെ അയാളിലേക്കെത്തുന്നു. പാമ്പ് വിധേയഭാവം നടിച്ച് പാതിയടഞ്ഞ കണ്ണുകളുമായി കിടക്കുന്നു.

കാലുകളിലൂടെയെന്തോ അരിക്കുന്നല്ലോ.
അയാള്‍ കാലുകള്‍ കുടഞ്ഞു.
പാമ്പ് പെട്ടെന്ന് പിടഞ്ഞപ്പോള്‍ മുയല്‍ മറുവശത്തേക്ക് ചാടി. അതിന്റെ മൂത്രം കമ്പിക്കൂട്ടിലൂടെ ഒലിച്ചിറങ്ങുന്ന ശബ്ദം ചുടുമണല്‍ത്തരികളെ അയാളിലേക്ക് വര്‍ഷിച്ചു, അയാള്‍ മുഖംപൊത്തി, വിരലുകള്‍ക്കിടയിലൂടെ നോക്കി. പാമ്പ് തലയുയര്‍ത്തി മുയലിനെ നോക്കുന്നു. നാവു നീട്ടുന്നു.
അരക്കെട്ടിലൂടെന്തോ ഇഴഞ്ഞു കയറുന്നല്ലോ...!

അയാള്‍ അടിവയറ്റത്ത് പരതാനൊരുങ്ങുമ്പോഴാണ് പാമ്പിന്റെ വാല്‍ഭാഗം മുയലിന്റെ തലക്ക് ആഞ്ഞു പതിച്ചത്. മുയല്‍, തലകുടഞ്ഞെഴുന്നേല്‍ക്കുമ്പോഴേക്കും പാമ്പിന്‍ ചുരുളുകളെല്ലാം അതിനെ വലം വച്ചു കഴിഞ്ഞിരുന്നു. ചുരുളുകള്‍ മുറുകുകയാണ്. അതിനുള്ളില്‍ ഞെരിഞ്ഞമരുന്ന മുയലിന്റെ ദൈന്യശബ്ദം മണല്‍ക്കാറ്റില്‍ ഇടറി വീഴുന്നവന്റെ നിലവിളികളായി അയാളെ ചുറ്റിവരിയുന്നു. ചുരുളുകള്‍ ചുറ്റിപ്പിണഞ്ഞ് തലയും മറച്ച് മുയലിന്റെ നീണ്ട ചെവിയുടെ കൂര്‍പ്പിനെ മാത്രം വെളിയിലേക്കിട്ടു.

അയാള്‍ കമ്പിവലയില്‍ ആഞ്ഞടിക്കാനായി കൈകളുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
നിറയെ വട്ടപ്പുള്ളികളുള്ള എന്തോ കൈകള്‍ വരിഞ്ഞു മുറുക്കിയിരിക്കുന്നു.! അത് കഴുത്തിലേക്കും ചുറ്റിക്കയറുമ്പോള്‍ മുള്‍ച്ചെടികളുടെ പോറലേല്‍ക്കുംപോലെ ശരീരം മുറിവേല്‍ക്കുന്നു.!
കാലുകളനക്കാനാവുന്നില്ല. പാരതന്ത്യ്രത്തിന്റെ ചുരുള്‍ക്കൂട്ടിനുള്ളില്‍ നിന്ന് അയാളുടെ തലമാത്രം സ്വാതന്ത്യ്രത്തിന്റെ വിലയറിഞ്ഞ് പുറംലോകത്തിന്റെ തണുത്ത കാറ്റേറ്റു.

രക്ഷാമാര്‍ഗ്ഗത്തിനായി മിഴികളുയര്‍ത്തിയപ്പോള്‍ ആകാശപരപ്പിലെ ചന്ദ്രബിംബത്തിനു നടുവില്‍ വലിയ പാമ്പിന്‍തല ഇളകുന്നു. പൊടുന്നനെ, വന്‍പിളര്‍പ്പായി അതിന്റെ വായ തുറക്കപ്പെടുകയും അയാളിലേക്കാഞ്ഞു പതിക്കുകയും ചെയ്തു. അയാളുടെ തല മുഴുവന്‍ അകത്താക്കി കഴിഞ്ഞ പാമ്പ്, ചുരുളുകളെല്ലാം അഴിച്ചിട്ട് നിലത്തേക്ക് വീഴുകയും, തലഭാഗം അല്‍പം മുകളിലേക്കുയര്‍ത്തുകയും ചെയ്തു. അപ്പോഴേക്കും അയാളുടെ കൈകള്‍ അകത്തേക്കാണ്ടിറങ്ങി കഴിഞ്ഞിരുന്നു. ഇപ്പോള്‍, അയാളുടെ കാലുകള്‍ വെളിയില്‍ കിടന്ന് ആടുകയാണ്. പതിയെ പതിയെ താഴ്ന്നിറങ്ങുകയാണ്.
അയാള്‍ വിഴുങ്ങപ്പെട്ടിരിക്കുന്നു.

പാമ്പിന്‍ശരീരത്തിനുള്ളിലൂടെ അയാള്‍ നടക്കുകയാണ്... മരുന്നുകളുടെയും ദുഷിച്ചരക്തത്തിന്റെയും അണുവിമുക്തലായനിയുടെയും അസഹ്യ ഗന്ധത്തില്‍, മുന്‍പില്‍ അനന്തമായ മരുനിലങ്ങള്‍. പൊള്ളുന്ന മണല്‍പ്പരപ്പില്‍ അങ്ങിങ്ങായി കുടിലുകളയാള്‍ കണ്ടു. ഓരോ കുടിലുകള്‍ക്കരികിലേക്കുമയാള്‍ ഓടിച്ചെന്നു. വിവിധതരം ട്യൂബുകളില്‍ ബന്ധിപ്പിക്കപ്പെട്ട മനുഷ്യര്‍ തുറന്നവായും മിഴിച്ചകണ്ണുകളും മലര്‍ത്തിയിട്ട കൈകാലുകളുമായി മലര്‍ന്നു കിടക്കുന്നു. കട്ടിലുകളിലെ മനുഷ്യരെ നോക്കി നടക്കുമ്പോള്‍ മണല്‍ഞൊറികളില്‍ തിരയിളക്കങ്ങള്‍.

മണല്‍ക്കാറ്റിലൂടെ നടന്നുനീങ്ങുന്ന അയാള്‍ മണല്‍കൂനക്കുമുകളിലെ കട്ടിലിനരികിലേക്കു കയറുന്നതിനിടയില്‍ തെന്നി വീണു. നിരങ്ങി നിരങ്ങി കട്ടിലിന്റെ കാലില്‍ പിടിച്ച് കിതക്കുമ്പോള്‍ താഴെ, മരുനിലങ്ങളില്‍ കാറ്റിളകിമറിയുന്നു. മണല്‍ക്കൂനയിലേക്ക് ചാടിക്കയറി, പതിയെ എഴുന്നേറ്റ്, ഉലയുന്ന വസ്ത്രങ്ങളുമായി കട്ടിലിലേക്കു നോക്കി. ചുരുണ്ട മുടിയിളകളും വിളറിയ മുഖവും ട്യൂബുകളില്‍ കുരുങ്ങിക്കിടക്കുന്ന കൈകാലുകളും കട്ടിലിനരികിലയാളെ ഏറെനേരം നിശ്ചലനാക്കി. ആ കരിപുരണ്ടപാദങ്ങളില്‍ ചുംബിച്ചപ്പോള്‍ ഹിമക്കട്ടകളിലേക്കാഴ്ന്നപോലെ, മരവിപ്പിന്റെ സൂചിമുനകള്‍ മുഖത്തേക്കമരാന്‍ തുടങ്ങി. അയാള്‍ പിടഞ്ഞുമാറി. അവളെയും തോളിലേറ്റി മരുഭൂമിയിലൂടെ പാഞ്ഞു. ഓടുന്നതിനിടയില്‍ മുകളിലേക്കു നോക്കി പാമ്പിന്‍ശരീരത്തിലയാള്‍ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ഒടുവില്‍, മണല്‍പ്പരപ്പിലേക്കു കമിഴ്ന്നടിച്ചു വീണ അയാള്‍ക്കെഴുന്നേല്‍ക്കാനായില്ല. അയാളുടെ ഞരക്കങ്ങള്‍ക്കു മുകളില്‍ ചുടുമണല്‍ത്തരികള്‍ വിതറിയെറിഞ്ഞ് കാറ്റ് കടന്നുപോയ്ക്കൊണ്ടിരുന്നു.

പിറ്റേന്ന്.
മഴച്ചാറ്റലുള്ള പ്രഭാതത്തില്‍ ആതുരാലയപ്പരിസരം നഴ്സുമാരാല്‍ നിറഞ്ഞു. ആ ബഹുനിലകെട്ടിടങ്ങള്‍ക്കു മുന്‍പിലേക്ക്, തൊഴില്‍ചൂഷണത്തിന്റെ മുറിവുകള്‍നിറഞ്ഞ നഴ്സുമാരുടെ കൈകളുയരുമ്പോള്‍ പാമ്പ് ശരീരച്ചുരുളകളിലേക്ക് തലയൊളിപ്പിച്ച് നെടുവീര്‍പ്പിട്ടു. പാമ്പിന്‍കൂടിനരികിലെ ചെടികള്‍ക്കിടയില്‍ കിടക്കുന്ന അയാളുടെ തുറന്നകണ്ണുകളിലേക്ക് ഇലകളില്‍നിന്ന് മഴത്തുള്ളികള്‍ ഇറ്റിവീഴുന്നുണ്ടായിരുന്നു.


Phone: 9495095884
www.facebook.com/shahulhameed.kt.1

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh