സുനന്ദപുഷ്കറും മോഡിയും
ഗീനാകുമാരി
![]() |
|
എന്നെയല്ല ഇന്ത്യന്‍ സ്ത്രീകളെയാണു മോഡി അപമാനിച്ചത്. ഗുജറാത്തി പെണ്‍കുട്ടികളില്‍ പോഷകാഹാരക്കുറവുണ്ടാകുന്നതു ചൂണ്ടിക്കാണിച്ചപ്പോള്‍, സൌന്ദര്യം കാത്തുസൂക്ഷിക്കാന്‍ ഭക്ഷണം കഴിക്കാത്തതാണ് അവര്‍ എന്നു പറഞ്ഞ നേതാവല്ലേ അദ്ദേഹം. പോഷകാഹാരക്കുറവുള്ള പെണ്‍കുട്ടികളെക്കുറിച്ച് അദ്ദേഹം ഒരുവട്ടമെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ഗാന്ധിജിക്കും സര്‍ദാര്‍ പട്ടേലിനും ജന്മം നല്‍കിയ ഗുജറാത്തില്‍നിന്നാണല്ലോ മോഡിയും വരുന്നത്. ഇന്ത്യയില്‍ സ്ത്രീകള്‍ ധാരാളം ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍, എന്തിന് ലോക്സഭാ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജ് തുടങ്ങിയവരും സ്ത്രീകളാണ്. അങ്ങനെയൊരു രാജ്യത്ത് സ്ത്രീകളെ അവഹേളിക്കുന്ന പരാമര്‍ശം ശരിയായില്ല. ഏതെങ്കിലുമൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് എല്ലാവരും വന്നതെന്നും മറക്കരുത്. സ്ത്രീകളോടുള്ള മോഡിയുടെ നിലപാടാണ് ഈ പരാമര്‍ശങ്ങള്‍ കാണിക്കുന്നത്. അതിനാല്‍ അദ്ദേഹത്തോട് വെറുപ്പല്ല, അദ്ദേഹത്തിന്റെ വിവരക്കേടില്‍ അനുകമ്പയാണ് തോന്നുന്നത് : സുനന്ദ പുഷ്കര്‍ |
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വെച്ച് തന്നെ ഉപദ്രവിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുനന്ദയുടെ ഭാഷയില്‍ പാവം പയ്യന്‍ മാത്രമാണ്. പല മലയാളി പുരുഷന്മാരും ചെയ്യുന്നതു കണ്ട് അവനും തന്നാലാവുമ്പോലെ അനുകരിച്ചുനോക്കിയതാണ്. ആന്റി സോഷ്യല്‍ പേഴ്സനാലിറ്റി ഡിസോര്‍ഡര്‍ എന്ന ആ മനോവൈകല്യം ചികിത്സിച്ചു ഭേദമാക്കാവുന്നതേയുള്ളൂ. പക്ഷേ, നരേന്ദ്രമോഡിയുടെ കാര്യം അങ്ങനെയാണോ? ‘അമ്പതുകോടിയുടെ കാമുകി' എന്ന് വിളിച്ച് സ്ത്രീത്വത്തെ അപമാനിച്ചത് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. ഒരു കാലത്ത് മരണവ്യാപാരിയായിരുന്ന ആള്‍ ഇപ്പോള്‍ നാട്ടിലെ പെണ്ണുങ്ങള്‍ക്കുള്ള വിലവിവരപ്പട്ടികയുമായാണ് നടപ്പ് എന്നുതോന്നുന്നു. നല്ല മറുപടിയാണ് സുനന്ദ കൊടുത്തത്. നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയിട്ടും കുറ്റബോധമില്ലാത്തയാള്‍ തന്നോടു ക്ഷമ പറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന്. സ്ത്രീകളെ അവഹേളിക്കുന്ന അധമരാഷ്ട്രീയക്കാരനെ ഗുജറാത്തിലെ സ്ത്രീകള്‍ വോട്ടുകൊണ്ടു നേരിടണമെന്ന ആര്‍ജവമുള്ള മറുപടിയുടെ പേരിലും സുനന്ദ അഭിനന്ദനം അര്‍ഹിക്കുന്നു. തന്റെ ഭാര്യ വിലമതിക്കാനാവാത്ത സ്വത്താണ് എന്നും അവളുടെ മൂല്യം അളക്കാന്‍ മോഡിക്കാവില്ല എന്നും, അതറിയണമെങ്കില്‍ ആരെയെങ്കിലും സ്നേഹിക്കാന്‍ കഴിയണം എന്നും പറഞ്ഞ് തരൂരും തിരിച്ചടിച്ചു. പ്രണയഗുരുവെന്ന് ശശി തരൂരിനെ വിളിച്ചത് ബി.ജെ.പി ഉപാധ്യക്ഷനും വക്താവുമായ മുക്താര്‍ അബ്ബാസ് നഖ്വി. തരൂരിനുവേണ്ടി പ്രണയകാര്യവകുപ്പ് ഉണ്ടാക്കണമെന്ന അഭിപ്രായക്കാരനാണ് നഖ്വി. നോക്കൂ, സ്ത്രീപുരുഷബന്ധത്തില്‍ രാഷ്ട്രീയം ഇടപെടുന്ന വിധം. വ്യക്തിബന്ധങ്ങളെ അതിന്റെ വിശാലാര്‍ഥത്തില്‍ കാണാതെ സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി അവയെ അപഹസിക്കുന്ന അന്തസ്സില്ലായ്മയുടെ ആള്‍രൂപങ്ങളായി ഇവിടെ വര്‍ഗീയ ക്യാമ്പ് മാറിമറിയുന്നു. മനുസ്മൃതി ജപിച്ച് നടക്കുന്ന അവരില്‍ നിന്ന് ഇതിലേറെ പ്രതീക്ഷിക്കാനും പാടില്ല. പക്ഷെ, കോണ്‍ഗ്രസ് നേതൃത്വം ബി ജെ പിയുടെ ഈ ഔദ്യോഗിക ഭാഷ്യങ്ങള്‍ക്ക് നേരെ പുലര്‍ത്തിയ മൌനം അത്യന്തം അപകടകരമാണ്. കോണ്‍ഗ്രസിന്റെ ഈ പ്രതിലോമ നിയപാടുകള്‍ക്കെതിരെ വീട്ടിലെങ്കിലും സുനന്ദ പുഷ്കര്‍ തരൂരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടാ കാണും എന്ന് പ്രതീക്ഷിക്കാം.
“എന്നെയല്ല ഇന്ത്യന്‍ സ്ത്രീകളെയാണു മോഡി അപമാനിച്ചത്. ഗുജറാത്തി പെണ്‍കുട്ടികളില്‍ പോഷകാഹാരക്കുറവുണ്ടാകുന്നതു ചൂണ്ടിക്കാണിച്ചപ്പോള്‍, സൌന്ദര്യം കാത്തുസൂക്ഷിക്കാന്‍ ഭക്ഷണം കഴിക്കാത്തതാണ് അവര്‍ എന്നു പറഞ്ഞ നേതാവല്ലേ അദ്ദേഹം. പോഷകാഹാരക്കുറവുള്ള പെണ്‍കുട്ടികളെക്കുറിച്ച് അദ്ദേഹം ഒരുവട്ടമെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ഗാന്ധിജിക്കും സര്‍ദാര്‍ പട്ടേലിനും ജന്മം നല്‍കിയ ഗുജറാത്തില്‍നിന്നാണല്ലോ മോഡിയും വരുന്നത്. ഇന്ത്യയില്‍ സ്ത്രീകള്‍ ധാരാളം ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍, എന്തിന് ലോക്സഭാ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജ് തുടങ്ങിയവരും സ്ത്രീകളാണ്. അങ്ങനെയൊരു രാജ്യത്ത് സ്ത്രീകളെ അവഹേളിക്കുന്ന പരാമര്‍ശം ശരിയായില്ല. ഏതെങ്കിലുമൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് എല്ലാവരും വന്നതെന്നും മറക്കരുത്. സ്ത്രീകളോടുള്ള മോഡിയുടെ നിലപാടാണ് ഈ പരാമര്‍ശങ്ങള്‍ കാണിക്കുന്നത്. അതിനാല്‍ അദ്ദേഹത്തോട് വെറുപ്പല്ല, അദ്ദേഹത്തിന്റെ വിവരക്കേടില്‍ അനുകമ്പയാണ് തോന്നുന്നത്.” ഹെഡ്ലൈന്‍സ് ടുഡേക്കു നല്‍കിയ അഭിമുഖത്തില്‍ സുനന്ദ പുഷ്കര്‍ പറഞ്ഞത് ഇങ്ങനെയാണ്. അതില്‍ നിലപാടുള്ള ഒരു സ്ത്രീയുടെ സ്വരമാണ് കേള്‍ക്കാന്‍ സാധിക്കുന്നത്. ഈ നിലപാടുകള്‍ ഈ സംഭവവികാസങ്ങള്‍ക്കെല്ലാം കാരണമായ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സംസ്കാരത്തിലേക്ക് കൊണ്ടുപോകാനും സുനന്ദക്കും തരൂരിനും സാധിക്കണമായിരുന്നു. കൊതിച്ച് കിട്ടിയ അപ്പം വീണ്ടും കൈവിട്ട് പോകുമോ എന്ന ഭയം നിമിത്തം വിവാദത്തിന് തിരശീലയിടുവാനുള്ള ധൃതിയാണ് ഈ ഭര്‍ത്താവും ഭാര്യയും കാണിച്ചത്.
കേരളീയ പുരുഷന്റെ മര്യാദയെ പറ്റി നമ്മള്‍ ചര്‍ച്ചചെയ്യേണ്ട സമയമതിക്രമിച്ചു. വിദേശിപ്പെണ്ണുങ്ങള്‍ വരാതാവുമോ എന്ന ഭീതി കാരണം ഇവിടത്തെ പുരുഷന്മാരുടെ ആതിഥ്യമര്യാദയെ വര്‍ണിച്ച് ടൂറിസം ബ്രോഷറുകളിലും ഒരു വാക്കോ വരിയോ ആരും എഴുതിച്ചേര്‍ത്തിട്ടില്ല. പരദേശത്ത് കെട്ടിപ്പിടിച്ചും ഉമ്മവെച്ചും അതിഥികളെ സ്വീകരിക്കുന്ന പതിവുണ്ട്. തോണ്ടിയും തുറിച്ചുനോക്കിയും തരംകിട്ടിയാല്‍ മാനംകവര്‍ന്നും സ്നേഹം പ്രകടിപ്പിക്കുന്ന സവിശേഷമായ രീതി വികസിപ്പിച്ചെടുത്തത് മലയാളി പുരുഷന്മാരാണ് എന്ന സത്യം നരവംശശാസ്ത്ര ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്. പുഷ്കരശരന്‍ അഥവാ കാമദേവന്റെ കളിയാണ് അതിനു പിന്നിലെന്ന് ധരിച്ചേക്കരുത്. സ്നേഹം പ്രകടിപ്പിക്കുന്ന രീതിയാണത്. ആ സ്നേഹപ്രകടനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കേന്ദ്രമന്ത്രിയുടെ ഭാര്യ സുനന്ദ പുഷ്കര്‍ ക്യാമറക്കണ്ണുകളുള്ളതുകൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തി മാത്രം. ശ്രദ്ധിക്കപ്പെടാതെ പോകുന്ന നിരവധിപേര്‍ വേറെയുണ്ട്. സുനന്ദയുടെ പ്രതികരണം വളര്‍ത്തിക്കൊണ്ടുവരാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
മലയാളിപുരുഷന് സ്നേഹം പ്രകടിപ്പിക്കാന്‍ മന്ത്രിപത്നിയോ വിദേശികളോ തന്നെ വേണമെന്നില്ല. നാട്ടുകാരായ പെണ്ണുങ്ങളും ഈ സ്നേഹപ്രകടനത്തിന്റെ ഇരകളാണ്. സെലിബ്രിറ്റി പ്രൊഫൈല്‍ നോക്കിയല്ല സ്നേഹിക്കുന്നത് എന്നര്‍ഥം. ആണോ പെണ്ണോ എന്ന ലിംഗഭേദം മാത്രമേ ഇതില്‍ പരിഗണിക്കപ്പെടുന്നുള്ളൂ. പെണ്ണുങ്ങള്‍ക്കെതിരെ പരസ്യമായും രഹസ്യമായും നടക്കുന്ന ഉപദ്രവങ്ങളുടെയും ലൈംഗിക അതിക്രമങ്ങളുടെയും സാമ്പിള്‍ വെടിക്കെട്ടാണ് മന്ത്രിപത്നിക്കു കിട്ടിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് സുനന്ദയോട് സ്നേഹം പ്രകടിപ്പിച്ചത് ഒരു കോണ്‍ഗ്രസുകാരന്‍ പയ്യന്‍. ഭര്‍ത്താവ് ശശി തരൂരിന് സ്വീകരണം കൊടുക്കുന്ന കൂട്ടത്തില്‍ ഭാര്യയെക്കൂടി പുഷ് ചെയ്ത് സ്വീകരിച്ചതാണ് പയ്യന്‍. സുനന്ദ അപമാനിച്ചയാളെ തല്ലിയില്ല. അവന്റെ കൈ തട്ടിമാറ്റുകയേ ചെയ്തുള്ളൂ. എന്നാലും പ്രതികരിച്ചത് നന്നായി എന്ന അഭിപ്രായക്കാരിയാണ്. എല്ലാം സഹിച്ചുനില്‍ക്കാന്‍ സാധാരണ പെണ്ണല്ല. ലോകം കുറേ കണ്ടതാണ്. പരസ്യമായി പ്രതികരിക്കാന്‍ കാണിച്ച ആര്‍ജവത്തിന്റെയും ആത്മാഭിമാനത്തിന്റെയും പേരില്‍ കേരളത്തിലെ സ്ത്രീകള്‍ ഇപ്പോള്‍ അഭിനന്ദിക്കുകയാണ്. നോക്കിനിന്ന പൊലീസിനും മഹിളാകോണ്‍ഗ്രസിനും അത് പീഡനമല്ല. ബിന്ദുകൃഷ്ണയെ കാണാനേ കഴിഞ്ഞില്ല. കുറച്ച് ദിവസം ശബ്ദവും കേട്ടില്ല. അതിക്രമം കണ്ടാല്‍ പരാതിയില്ലെങ്കിലും കേസെടുക്കാന്‍ ബാധ്യതയുള്ള പൊലീസില്‍നിന്നുപോലും സുനന്ദക്ക് സാമാന്യനീതി കിട്ടിയില്ല. ഒരു കേന്ദ്രമന്ത്രിയുടെ ഭാര്യയുടെ സ്ഥിതി ഇതാണ്. കോണ്‍ഗ്രസിനെ കുറിച്ച് വ്യാകുലത പെട്ടിട്ട് കാര്യമില്ല. അവര്‍ കുഞ്ഞാലിക്കുട്ടിക്ക് സ്തുതി പാടുന്ന തിരക്കിലാണ് .