കോണ്‍ഗ്രസ്, പട്ടിണിക്കാര്‍ക്കെതിരെ
എന്‍ വി അജിത്
![]() |
|
അമേരിക്കയില്‍ അരനൂറ്റാണ്ട് വാള്‍മാര്‍ട്ട് പ്രവര്‍ത്തിച്ചിട്ടും കര്‍ഷകരുടെ നില മെച്ചപ്പെട്ടിട്ടില്ല. യൂറോപ്പില്‍ കുത്തക റീടെയിലുകാര്‍ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കിയെന്നാണ് കണക്കുകള്‍. യു.എസില്‍ കര്‍ഷകരുടെ വരുമാനം 70 ശതമാനത്തോളം കുറയുകയാണ് ചെയ്തത്. കാര്‍ഷിക വിഭവങ്ങള്‍ വാങ്ങിക്കൂട്ടാനും അവയില്‍ കുത്തകാവകാശം സ്ഥാപിക്കാനും തുടക്കത്തില്‍ വിലചുരുക്കി എതിരാളികളെ നശിപ്പിച്ചശേഷം തോന്നിയ വില ഈടാക്കാനും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലും വന്‍ കമ്പനികള്‍ മടിച്ചിട്ടില്ല. |
എഫ്.ഡി.ഐ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന വാദത്തിന് താങ്ങായി ചില കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ എടുത്തുപറയുന്നുണ്ട്. വിദേശനിക്ഷേപത്തിന്റെ പകുതി കൃഷിമേഖലയില്‍ സംഭരണമടക്കമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ക്കായി ചെലവിടണം എന്ന് നാം നിബന്ധന വെച്ചിട്ടുണ്ടത്രെ. ഒരുഭാഗത്ത് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാനും മറുഭാഗത്ത് മെച്ചപ്പെട്ട സൂക്ഷിപ്പുവഴി വിലക്കയറ്റം പിടിച്ചുനിര്‍ത്താനും ഇത് സഹായിക്കും. ചില്ലറവ്യാപാര രംഗത്തിറങ്ങുന്ന കുത്തകകള്‍ സംഭരിക്കുന്ന ഉല്‍പന്നങ്ങളുടെ 30 ശതമാനമെങ്കിലും ഇന്ത്യയിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍നിന്നാവണമെന്ന് വേറൊരു നിബന്ധന. ചെറുകിട മേഖലയുടെ ഭാവിയും അങ്ങനെ ഭദ്രമാവുന്നു.
തൊഴിലവസരങ്ങളാണ് മറ്റൊരു കാര്യം. അഞ്ചു വര്‍ഷംകൊണ്ട് 17 ലക്ഷം തൊഴിലവസരങ്ങളാണ് റീടെയില്‍ എഫ്.ഡി.ഐ വഴി പുതുതായി വരാന്‍ പോകുന്നത്. വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളുടെയും മാളുകളുടെയും ഓരോ 400 ചതുരശ്ര അടിക്കും ഒരു തൊഴിലവസരം! ഈ അവകാശവാദങ്ങള്‍ക്ക് പശ്ചാത്തലമായി കാണേണ്ട മറ്റൊരു വലിയ സത്യമുണ്ട്. രണ്ടാം യു.പി.എ സര്‍ക്കാറിനു കീഴില്‍ വന്‍കിട കോര്‍പറേറ്റുകള്‍ ആഗ്രഹിക്കുന്നതെല്ലാം നടന്നുകിട്ടുന്നു എന്നതാണത്. സാധാരണ ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനങ്ങള്‍വരെ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നു.
പെട്രോള്‍വില കുത്തനെ ഉയര്‍ത്തിയത് കേന്ദ്രസര്‍ക്കാറിന്റെ വാര്‍ഷികത്തിലാണ്. ജനവികാരത്തെ ഒട്ടും കൂസില്ലെന്ന സന്ദേശമായിരുന്നല്ലോ അത്. ഇന്ത്യക്കുണ്ടെന്ന് സര്‍ക്കാര്‍ പറയുന്ന വളര്‍ച്ച മേല്‍ത്തട്ടിലെ 10-15 ശതമാനത്തില്‍ പരിമിതമാണ്. സാധാരണക്കാരില്‍ പോഷകാഹാരക്കുറവും ശിശുമരണനിരക്കും കൂടി. കൊറിയന്‍ കുത്തകക്കമ്പനിയായ പോസ്കോക്കുവേണ്ടി രാജ്യത്തെ പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കാന്‍ പ്രധാനമന്ത്രി ഒരുങ്ങിനില്‍ക്കുകയാണ്. മൂന്ന് ഔദ്യാഗിക സമിതികള്‍ പോസ്കോ പദ്ധതി തള്ളിയിട്ടുപോലും പ്രധാനമന്ത്രി പിന്‍വാങ്ങുന്നില്ല.
ഒഡിഷയില്‍ ടാറ്റാ സ്റീല്‍, ഛത്തിസ്ഗഢിലും ഹിമാചല്‍പ്രദേശിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കൂറ്റന്‍ അണക്കെട്ടുകള്‍, കൂടങ്കുളത്തും ജയ്താപൂരിലും മീഠിവിര്‍ദിയിലും ഫതഹാബാദിലും കൊവ്വഡയിലും ചുട്കയിലും മറ്റും ആണവവൈദ്യുതി നിലയങ്ങള്‍ ഇങ്ങനെ വന്‍കിട കമ്പനികള്‍ക്കുവേണ്ടി ജനങ്ങളെ കുടിയിറക്കിയും പ്രകൃതിയെ ഭേദ്യം ചെയ്തും പദ്ധതികള്‍ വന്നുകൊണ്ടിരിക്കുന്നു. ചില്ലറ വ്യാപാര എഫ്.ഡി.ഐക്കുവേണ്ടി അമേരിക്കന്‍ കമ്പനികളും അമേരിക്കന്‍ പ്രസിഡന്റും സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നത് രഹസ്യമല്ല. വന്‍ കോര്‍പറേറ്റുകള്‍ക്കുവേണ്ടി വഴിവിട്ട ആനുകൂല്യങ്ങള്‍ നല്‍കിയതിന്റെ അഴിമതിക്കഥകള്‍ സി.എ.ജി പലകുറി പുറത്തുകൊണ്ടുവന്നു. ഒടുവിലിപ്പോള്‍ ജയ്പാല്‍ റെഡ്ഡിയുടെ വകുപ്പുമാറ്റത്തില്‍പോലും കുത്തകക്കമ്പനിയുടെ സമ്മര്‍ദം ലക്ഷ്യം കണ്ടിരിക്കുന്നു.
ആര്, ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് വ്യക്തമായിരിക്കെ എഫ്.ഡി.ഐയെ ന്യായീകരിക്കാന്‍ ഭരണകക്ഷിയും അതിന്റെ ഉന്നത നേതൃത്വവും രണ്ടുംകല്‍പിച്ചിറങ്ങിയത് ഗുരുതരമായ ഒരു വഴിത്തിരിവാണ്. അവര്‍ നിരത്തുന്ന ന്യായങ്ങള്‍ അനുഭവങ്ങളുമായി ഒട്ടും ചേര്‍ച്ചയില്ലാത്തവയാണ്. കൃഷിക്കാര്‍ക്ക് പ്രയോജനം കിട്ടുമെന്ന വാദം ഉദാഹരണം. ഇത്തരം വാഗ്ദാനങ്ങളോടെ 1980കളില്‍ പെപ്സികോ പഞ്ചാബില്‍ ‘രണ്ടാം കൃഷി വിപ്ളവ'ത്തിന് അനുമതി നേടിയെടുത്ത ചരിത്രം മുന്നിലുണ്ട്. പുത്തന്‍ സാങ്കേതികവിദ്യ, ഗവേഷണം, വിതരണശൃംഖലക്കുള്ള അടിസ്ഥാന സൌകര്യങ്ങള്‍, വിപണനം, തൊഴിലവസരങ്ങള്‍ തുടങ്ങിയ എല്ലാ വാഗ്ദാനങ്ങളും അന്നും ഉണ്ടായിരുന്നു. ഇന്ന് ആ ‘വിപ്ളവം' എല്ലാവരും മറന്നു. ‘രാജ്യത്തിന്റെ നിലവറ'യിലും കര്‍ഷക ആത്മഹത്യകള്‍ വരുന്നത് മിച്ചം. അരലക്ഷം തൊഴിലവസരം വാഗ്ദാനം ചെയ്തത് എന്തായി എന്ന ചോദ്യം പാര്‍ലമെന്റിലുയര്‍ന്നു. പെപ്സികോ കൊണ്ടുവന്ന പുതിയ തൊഴിലുകള്‍ 500 തികയില്ല എന്നായിരുന്നു മറുപടി.
വാള്‍മാര്‍ട്ടും ടെസ്കോയും സെയ്ന്‍സ്ബറിയും കാറിഫോറും മറ്റും റീടെയില്‍ രംഗത്ത് ഇതേ ‘വിപ്ളവം' വാഗ്ദാനം ചെയ്യുന്നുണ്ട്. അമേരിക്കയില്‍ അരനൂറ്റാണ്ട് വാള്‍മാര്‍ട്ട് പ്രവര്‍ത്തിച്ചിട്ടും കര്‍ഷകരുടെ നില മെച്ചപ്പെട്ടിട്ടില്ല. യൂറോപ്പില്‍ കുത്തക റീടെയിലുകാര്‍ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കിയെന്നാണ് കണക്കുകള്‍. യു.എസില്‍ കര്‍ഷകരുടെ വരുമാനം 70 ശതമാനത്തോളം കുറയുകയാണ് ചെയ്തത്. കാര്‍ഷിക വിഭവങ്ങള്‍ വാങ്ങിക്കൂട്ടാനും അവയില്‍ കുത്തകാവകാശം സ്ഥാപിക്കാനും തുടക്കത്തില്‍ വിലചുരുക്കി എതിരാളികളെ നശിപ്പിച്ചശേഷം തോന്നിയ വില ഈടാക്കാനും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലും വന്‍ കമ്പനികള്‍ മടിച്ചിട്ടില്ല. ഇന്ത്യന്‍ ചില്ലറ വ്യാപാരമേഖലയില്‍ നാലു കോടി പേര്‍ ജോലിചെയ്യുന്നുണ്ട് വിറ്റുവരവ് 40,000 കോടി ഡോളര്‍. അതേസമയം, 42,000 കോടി ഡോളര്‍ വിറ്റുവരവുള്ള വാള്‍മാര്‍ട്ട് 21 ലക്ഷം പേര്‍ക്കു മാത്രമാണ് ജോലി കൊടുക്കുന്നത്. ഇവര്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുംപോലും! ഇപ്പോള്‍ ഉള്ള ചില്ലറവ്യാപാരികളെ ഇല്ലാതാക്കി വന്‍ ലാഭം കൊയ്യുകയാണ് അവര്‍ ചെയ്യാന്‍ പോകുന്നത്.
വാസ്തവത്തില്‍ ഗൌരവത്തിലുള്ള ഒരു ഗുണദോഷവിചാരംപോലും ഇക്കാര്യത്തെപ്പറ്റി നടന്നിട്ടില്ല. പാര്‍ലമെന്റിലെ ചര്‍ച്ചയില്‍നിന്ന് സര്‍ക്കാര്‍ ഒളിച്ചോടിയിട്ടേയുള്ളൂ. അവിടെ നടക്കാത്ത കാര്യം പൊതുറാലി നടത്തിച്ചും മുഷ്ടിചുരുട്ടിയുമൊക്കെ നടത്തിയെടുക്കാനുള്ള പുതിയ ശ്രമം ജനായത്തവിരുദ്ധമാണ്. അത് രാജ്യത്തെ മാത്രമല്ല കോണ്‍ഗ്രസിനെയും തകര്‍ക്കുകയേ ഉള്ളൂ. പട്ടിണി ഇല്ലാതാക്കുകയെന്ന (ഗരീബി ഹഠാവോ) മുദ്രാവാക്യത്തില്‍നിന്ന് പട്ടിണിക്കാരെ നശിപ്പിക്കുകയെന്ന നവധന തന്ത്രത്തിലേക്കുള്ള മാറ്റം തിരിച്ചറിയപ്പെടാതെ പോയിക്കൂടാ.