ഇടിക്കൂട്ടില്‍ ഇടറിപ്പോയ ഫ്രേസിയര്‍
എ എന്‍ രവീന്ദ്രദാസ്
![]() |
|
വന്യതകളുടെ ഇടിക്കൂട്ടില്‍ അലിയുടെ നൃത്തച്ചുവടുകളോ ജോര്‍ജ് ഫോര്‍മാന്റെ ബീഭത്സതയോ ഫ്രേസിയറിന് ഉണ്ടായിരുന്നില്ല. എന്നിട്ടും കരുത്തുറ്റ, ലക്ഷ്യവേധിയായ പ്രഹരങ്ങളിലൂടെ എതിരാളികളെ നിലംപരിശാക്കാന്‍ ഫ്രേസിയര്‍ക്കു കഴിഞ്ഞു. അലിയുടെ സമകാലികനെന്നത് നേട്ടവും അതേക്കാള്‍ കോട്ടവും ഫ്രേസിയറിന്റെ കരിയറിന് പകര്‍ന്നുനല്‍കിയിട്ടുണ്ട്. തന്റെ ബോക്സിങ് ജീവിതത്തിലുടനീളം അലിയുടെ നിഴലിലൊതുങ്ങേണ്ടിവന്ന ഫ്രേസിയര്‍, അലിയുടെ സമകാലികനല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഇടിക്കൂട് അടക്കിവാണേനെയെന്നു കരുതുന്നവര്‍ ഏറെയുണ്ട്. |
1971ലെ പോരാട്ടത്തില്‍ ഫ്രേസിയര്‍ 15ാം റൌണ്ടില്‍ അലിയെ ഇടിച്ചിട്ടെങ്കിലും 1974ലെ രണ്ടാം പോരിലും 1975ല്‍ മനിലയില്‍ നടന്ന മൂന്നാം അങ്കത്തിലും അലി പകരംവീട്ടി. 1974ല്‍ രണ്ടാംവട്ടം ഏറ്റുമുട്ടുമ്പോള്‍ ഇരുവര്‍ക്കും ചാമ്പ്യന്‍പദവി ഉണ്ടായിരുന്നില്ല. എന്നാല്‍ അടുത്തവര്‍ഷം മനിലയിലേക്കു വരുമ്പോള്‍ അലി ലോക ഹെവിവെയിറ്റ് ചാമ്പ്യനായിരുന്നു. പുതിയ ബോക്സര്‍മാരില്‍ ഏറ്റവും നിര്‍ഭയനും ആക്രമണകാരിയുമെന്ന് താന്‍ കരുതുന്ന ഫ്രേസിയറെ ഇടിച്ചുനിരപ്പാക്കി അജയ്യത തെളിയിക്കാന്‍ ബദ്ധപ്രതിജ്ഞനായിരുന്നു അലി. ന്യൂയോര്‍ക്കില്‍ ഫ്രേസിയറില്‍നിന്നേറ്റ പരാജയം പ്രതികാരദാഹമായി അലിയുടെ മനസ്സില്‍ നീറിപ്പുകയുകയായിരുന്നു. 1975 ഒക്ടോബര്‍ ഒന്നിന് ഫിലിപ്പീന്‍സിലെ മനിലയില്‍ മത്സരം തുടങ്ങി. ആര്‍ത്തിരമ്പുന്ന കാണികള്‍. ദിഗന്തം പൊട്ടുമാറ് അവര്‍ ആര്‍ത്തുകൊണ്ടിരിക്കെ, അലിയും ഫ്രേസിയറും പോരാടി. ഇരുവരുടെയും മുഖത്തുനിന്ന് രക്തം ഒഴുകി. കണ്ണുകള്‍ വിങ്ങി. ചുണ്ടുകള്‍ ഇടികൊണ്ടു ചതഞ്ഞു. രണ്ടുപേരും ഇടിച്ചു തകര്‍ന്നു. 14 റൌണ്ട് കടന്നുപോയി. ഇനി ഒരു റൌണ്ടുകൂടി മാത്രം. പെട്ടെന്ന് ഫ്രേസിയറുടെ മാനേജര്‍ പരാജയം സമ്മതിച്ചു. മത്സരം തീര്‍ന്നു; അലി ജയിച്ചു. ജനം ഇളകിയാര്‍ത്തു. 'ഐ ആം ദി ഗ്രേറ്റസ്റ്’ അലി അലറി. എന്നാല്‍ അലിയുടെ ഇടിയേറ്റ് ഒരു കണ്ണ് കാണാന്‍വയ്യാതായെങ്കിലും മത്സരം നിര്‍ത്തിയതിന് പരിശീലകനോട് പൊറുക്കാന്‍ മരിക്കുംവരെ ഫ്രേസിയര്‍ ഒരുക്കമല്ലായിരുന്നു.
ത്രില്ലര്‍ ഓഫ് മനില എന്നറിയപ്പെടുന്ന ഈ ഏറ്റുമുട്ടല്‍ ബോക്സിങ് ചരിത്രത്തിലെ എക്കാലത്തെയും കടുത്ത പോരാട്ടമായാണ് വിലയിരുത്തുന്നത്. 20ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കായികസംഭവങ്ങളിലൊന്നായും ഈ പോരാട്ടം അറിയപ്പെടുന്നു. വന്യതകളുടെ ഇടിക്കൂട്ടില്‍ അലിയുടെ നൃത്തച്ചുവടുകളോ ജോര്‍ജ് ഫോര്‍മാന്റെ ബീഭത്സതയോ ഫ്രേസിയറിന് ഉണ്ടായിരുന്നില്ല. എന്നിട്ടും കരുത്തുറ്റ, ലക്ഷ്യവേധിയായ പ്രഹരങ്ങളിലൂടെ എതിരാളികളെ നിലംപരിശാക്കാന്‍ ഫ്രേസിയര്‍ക്കു കഴിഞ്ഞു. അലിയുടെ സമകാലികനെന്നത് നേട്ടവും അതേക്കാള്‍ കോട്ടവും ഫ്രേസിയറിന്റെ കരിയറിന് പകര്‍ന്നുനല്‍കിയിട്ടുണ്ട്. തന്റെ ബോക്സിങ് ജീവിതത്തിലുടനീളം അലിയുടെ നിഴലിലൊതുങ്ങേണ്ടിവന്ന ഫ്രേസിയര്‍, അലിയുടെ സമകാലികനല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഇടിക്കൂട് അടക്കിവാണേനെയെന്നു കരുതുന്നവര്‍ ഏറെയുണ്ട്.
1944 ജനുവരി 12ന് സൌത്ത് കരോലിനയിലെ ബ്യൂഫോര്‍ട്ടില്‍ കര്‍ഷകദമ്പതികളുടെ 13ാമത്തെ മകനായി ജനിച്ച ജോഫ്രേസിയര്‍ ഒളിമ്പിക് സ്വര്‍ണം അണിഞ്ഞ അമച്വര്‍ കരിയറിലെ തിളക്കത്തിനുശേഷം 1965ലാണ് പ്രൊഫഷണലാകുന്നത്. 1970ല്‍ ജിമ്മി എല്ലിസിനെ തോല്‍പ്പിച്ച് ലോക ഹെവിവെയിറ്റ് ചാമ്പ്യനായ ഫ്രേസിയര്‍ 1973ല്‍ ജോര്‍ജ് ഫോര്‍മാനു മുമ്പില്‍ കീഴടങ്ങി. കരിയറിലെ 32 ഹെവിവെയിറ്റ് പോരാട്ടങ്ങളില്‍ 27 എണ്ണത്തിലും നോക്കൌട്ട് വിജയം കരസ്ഥമാക്കിയ ഫ്രേസിയര്‍ക്കു പക്ഷേ, ഫോര്‍മാനെ നേരിട്ട രണ്ടുതവണയും കാലിടറി. അലിയോടുള്ള രണ്ടെണ്ണവുംകൂട്ടി നാലു പരാജയങ്ങളുമായി കളംവിട്ട ഫ്രേസിയര്‍ 1981ല്‍ ഒരേയൊരു മത്സരത്തിനായി തിരിച്ചുവരവ് നടത്തുകയുണ്ടായി. 1990ല്‍ അന്താരാഷ്ട്ര ബോക്സിങ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടിയ ഫ്രേസിയര്‍ 2011 നവംബര്‍ ഏഴിന് കരളിനെ ബാധിച്ച അര്‍ബുദത്തിനു കീഴടങ്ങി. അലിയും ഫ്രേസിയറും ഇടിക്കൂട്ടിനു പുറത്ത് വാക്കുകള്‍കൊണ്ടും ഏറ്റുമുട്ടിയിട്ടുണ്ട്. ശത്രുക്കളെപ്പോലെ ഇരുവരും പെരുമാറിയെങ്കിലും ഫ്രേസിയറുടെ മരണത്തിന് അടുത്തനാളുകളില്‍ ഇരുവരും അടുക്കാന്‍ തുടങ്ങിയിരുന്നു.
റിങ്ങില്‍നിന്നു കിട്ടിയ പണമെല്ലാം നഷ്ടമായ ഫ്രേസിയര്‍ പിന്നീട് ഫിലാഡെല്‍ഫിയയില്‍ ജിംനേഷ്യം നടത്തുകയും മകന്‍ മെല്‍വിസിനെയും മകള്‍ ജാക്വിലിനെയും മത്സരരംഗത്തിറക്കുകയും ചെയ്തു. അലിയുടെ മഹാനായ പ്രതിയോഗി എന്ന നിലയ്ക്കാവും ബോക്സിങ് ചരിത്രം ജോ ഫ്രേസിയറെ അടയാളപ്പെടുത്തിയിട്ടുണ്ടാവുക. തന്നെ ഗൊറില്ലയെന്നും അങ്കിള്‍ ടോം എന്നും അലി വിളിച്ചിരുന്നത് അദ്ദേഹത്തിന് ഒരിക്കലും പൊറുക്കാനാവുമായിരുന്നില്ല. അമേരിക്കയിലെ കറുത്തവര്‍ഗക്കാര്‍ ഏറ്റവും അപമാനകരമായി കരുതുന്ന ഇരട്ടപ്പേര് കറുത്തവനായ തന്നെ മറ്റൊരു കറുത്ത വംശജനായ മുഹമ്മദലി വിളിച്ചതിന്റെ ഒരിക്കലും തീരാത്ത വേദനയോടെയാകാം ജോ ഫ്രേസിയര്‍ ജീവിതത്തോടും യാത്രപറഞ്ഞത്.