തിരുവില്വാമല
വിജയലക്ഷ്മി
ചാണകം മണക്കുന്നവഴികള്‍,
നീള്‍ക്കണ്ണുമായ് കാലികള്‍,
തിരുവില്വാമലതന്‍ നീലാഞ്ജനം.
അമ്പിളിക്കല,
ഒറ്റത്താരക,
ഇരുള്‍വഴി,
അന്ധകാരത്തില്‍ ദൂരെ
അമ്പലദീപക്കാഴ്ച.
പി. കുഞ്ഞിരാമന്‍ നായര്‍
പിന്നിട്ട നെടുംപാത,
പൊയ്ക്കാലില്‍ ഞാനീമണ്ണു
തൊടാതെ നടക്കുന്നു.
പി.കുഞ്ഞിരാമന്‍ നായര്‍
തൊഴുത നടയ്ക്കല്‍ ഞാന്‍,
കൂപ്പുകൈ നഷ്ടപ്പെട്ടു
വെറുതേ നിലക്കുന്നു.
വാക്കുകള്‍
ഇരുട്ടായി മാറിയ വൃക്ഷങ്ങളില്‍,
തീപ്പൊരി മിന്നാമിനുങ്ങെന്നപോല്‍
കാണാറായി.
പിന്നെയും പെരുകുന്ന
വെളിച്ചക്കടലായി,
പൊള്ളുന്ന പകലായി,
പി.കുഞ്ഞിരാമന്‍ നായര്‍..

ഇല്ല ഇല്ല എന്ന് ഇലകള്‍
ഡോണ മയൂര
പകല്‍വേളകളില്‍
ശരത്കാലത്തെ റോഡുകള്‍
നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തെ
ഓര്‍മ്മിപ്പിക്കുന്നതു പോലെ,
ഒരു മുഖം
എത്ര മുഖങ്ങളെയാണ്
ഓര്‍മ്മിപ്പിക്കുന്നത്!
ഒരാള്‍ വരുമ്പോള്‍
അവരെയെല്ലാവരെയും
മുന്നിലേക്ക് കൊണ്ടു വരുന്നു.
വന്നയാള്‍ മടങ്ങി പോകുമ്പോള്‍
വരാത്തവരെ കൂടി
കൂടെ കൂട്ടിക്കൊണ്ടു പോകുന്നു,
വന്നു പോയ വഴിയില്‍
ഇല്ല ഇല്ല എന്ന് ഇലകള്‍!.

ബ്രാന്‍ഡഡ്
സോണി ഡിത്ത്

നിസ്സഹായതയുടെ പനിച്ചൂടിലേക്ക്
ഒരിറക്ക് ചുടുചായ മൊത്തി
കൂനിയിരിക്കുന്നു എന്റെ ചിന്തകള്‍.
കാഴ്ചയുടെ ഖനികള്‍ പകര്‍ന്ന
കരിയേറ്റ വൈകൃത രൂപങ്ങളില്‍ നിന്നും
എനിക്കിനി കണ്ണ് തിരിക്കണം.
എന്റെ സ്വപ്നമല്ല
വിറങ്ങലിച്ചു തെരുവില്‍ മയങ്ങുന്നത്.
പരിചിത മുഖങ്ങളല്ല
ആര്‍ത്തലക്കുന്ന ദുഃഖം ഒഴുക്കുന്നത്.
ഉറങ്ങാനെനിക്ക്
സ്വാര്‍ഥതയുടെ ഒഴിഞ്ഞ ചില്ലുകൂടുണ്ട്.
അതില്‍ കൈതാങ്ങും സ്വപ്നങ്ങളും
എന്റേത് മാത്രം, അത് മതിയെനിക്ക്...!
ഞാനൊന്നു കണ്ണടക്കട്ടെ
ചവര്‍ക്കുന്ന കാഴ്ചകളുടെ
ചിത്രപ്രദര്‍ശനങ്ങള്‍ക്ക് നേരെ.
കാഴ്ചകള്‍ കോര്‍ത്ത
ദിനങ്ങളുടെ വിള്ളലുകളില്‍
സ്വസ്ഥമായ് വിഹരിക്കുവാന്‍
എനിക്കെന്റേതായ ലോകമുണ്ട്,
അവിടെ എനിക്ക് പ്രിയപ്പെട്ടവയും.
എന്നിലേയ്ക്ക് മാത്രം ചുരുണ്ടുകൂടുന്ന
ലോകമേ...
ഒന്നുകൂടി അള്ളിപ്പിടിച്ചിരിക്കട്ടെ
ഞാന്‍ നിന്നിലേക്ക്.
സ്വാര്‍ത്ഥമന്ത്രങ്ങള്‍ ഉരുവിടുവാന്‍
ഇനിയും, വൈകിക്കൂട
ചത്തുമലച്ച ദൈവീക ഭാവങ്ങളുടെ
പുകമറയില്‍ നിന്നും
ഒരുയിര്‍ത്തെഴുന്നേല്‍പ്പ്
മരവിച്ച ഭാവങ്ങളില്‍
നിറം പൂശിയെടുക്കെണ്ടതുണ്ട്.
സമയമില്ല,
ഞാനെന്ന ബോധ്യം പച്ചകുത്തിയ
ഹൃദയ സ്പന്ദനങ്ങളെ
ഏതു ബ്രാന്‍ഡില്‍ തളച്ചിടണമെന്ന്
നറുക്കിടെണ്ടതുണ്ട്.

തടവുകാരി
മനു നെല്ലായ

പകലിന്‍ വിചാരണ.
വസന്തം വിരിച്ച
രക്ത പുഷ്പ്പങ്ങള്‍
അന്ത്യവിധി ഇവിടെ
ഇര തേടുന്നു.
എല്ലുറക്കാത്ത കന്യകയെ
ഭോഗിച്ച
വൃദ്ധന്റെ കാമം പോലെ.
ഒരു പോസ്റ്മോര്‍ട്ടത്തിന്‍
പുഞ്ചിരിയുമായ്
നീതി ദേവത.
ഉറച്ച കയ്യാല്‍
നീട്ടിയ തുലാസില്‍
തെളിവുകളുടെ തുലാഭാരം.
നീതി നിക്ഷേധത്തിന്റെ
പേക്കാഴ്ച്ചകളില്‍
കണ്ണുകള്‍ മൂടിയിരുന്നു.
ചെവി തുളച്ച്,
കരള്‍ പറിച്ച്,
കൊടും നാദങ്ങള്‍...
വാദം... പ്രതിവാദം.
ഇഴയുന്ന വാക്കുകളുടെ,
നിഴല്‍ കൂത്തുകള്‍.
ചൂണ്ടുന്ന വിരല്‍ തുമ്പുകള്‍.
ഇവള്‍, ഇന്നിന്റെ കുറ്റവാളി!
നേരിന്റെ കൊടും പാതി.
താളുകള്‍ മറിയുന്നു.
വിധി ന്യായം
പേന തുമ്പിലൂടെ
കുത്തിയൊലിക്കുന്നു.
ചെങ്കല്‍ സൌധത്തിനപ്പുറം,
നരച്ച ആകാശത്തോളം
പൂവിട്ട ആശയങ്ങള്‍.
ശ്മശാന ഗന്ധം പേറി
ശവം നാറി പൂക്കളും.
ഒരു ചൂളം വിളിക്കും,
റെയില്‍ പാളത്തിനും ഇടയില്‍,
ചീറ്റി തെറിച്ച
ചോരതുള്ളികളാല്‍
അവള്‍ കവിത കുറിക്കുമെന്ന്
ആരറിഞ്ഞു.?.

Comments
ഇല്ല ഇല്ല എന്ന് ഇലകള്‍-ഡോണ മയൂര
ബ്രാന്‍ഡഡ്-സോണി ഡിത്ത്
തടവുകാരി-മനു നെല്ലായ
നാല് കവിതകളും വേറിട്ട് നില്‍ക്കുന്നവ.
അതിനാല്‍ത്തന്നെ ഒരുമിച്ചു അഭിപ്രായം തട്ടിമൂളിച്ച് മിണ്ടാതൊരിടത്തു ഇരിയ്ക്കുന്നത് ഉചിതമല്ല.എല്ലാം സാവകാശം ചെയ്യുന്നതാണ്.
വിജയലക്ഷ്മിയുടെ കവിത മനോഹരമായിരിക്കു ന്നു. പി കുഞ്ഞിരാമന്‍ നായരേ അവിസ്മരിക്കുമ്പ ോള്‍, അദ്ധേഹത്തെ അപമാനിക്കുമ്പോള ്‍ വിജയലക്ഷ്മി അറിഞ്ഞു കൊണ്ടാവും ഈ കവിത എഴുതി കാണുക.
ഏവര്‍ക്കും അഭിനന്ദനങള്‍.
``````````````` ````
വായനക്കാരാ...
ഒരുചെറിയ ഇടവേള
നമുക്കും കാലത്തിനും ഇടയില്‍
നവസംസ്ക്കാരത്തി ന്റെ കുതിരകുളംബുകള്‍ ക്ക്
കടന്നുപോവാന്‍ വേണ്ടിമാത്രം
ഒരുചെറിയ ഇടവേള
ഇനിനോക്കുക
ഇടുങ്ങിയ തെരുവിന്റെ മൂലയില്‍ ,
കമിഴ്ന്നു കിടക്കുന്നൊരു
ഭിക്ഷചട്ടിയുടെ അനാഥത്വം ...
അവഗണിക്കാന്‍ വയ്യ.
ചിതറി വീണ അവശിഷ്ട്ടങ്ങളില ്‍,
കരിമ്ബനീച്ചകള്‍ കുടി പാര്‍ക്കുന്നു .
പിന്നയതാ..
പുഴുത്ത് പുളയുന്നഓടയില്‍
ഉപേക്ഷിക്കപെട്ട ഒരടിവസ്ത്രം ,
പെണ്കുട്ടിയുടെത ാണ്.....
ഒരു പക്ഷെഉപേക്ഷിച്ച താവാം .
പക്ഷേ....
പുതുമവറ്റാത്തൊര ാ കുപ്പിവള പൊട്ടുകള്‍.
പൊട്ടിച്ചിതറി ...?
എന്തായാലും നമ്മുടെ ഉടപ്പിറപ്പിന്റെ താവില്ല,
ഭാഗ്യം ...
ഞരമ്പുകളില്‍ ചോരവെറുതെ തിളക്കുന്നില്ലല ്ലോ
ഇനി മടങ്ങിവരാം
ജീവിതത്തിന്റെ ജീര്‍ണിച്ച
നവസംസ്കാരങ്ങള്‍ ക്കു മീതെ
ഈ ഇടവേളയൊടുങ്ങും മുന്‍പേ
വര്‍ണ്ണകംബളം പുതക്കാം
അന്ധരെ പോലെ നമുക്ക് തെരുവുകള്‍
കടന്നു പോവാം ."
നിലവുപോലോര്‍മ്മ വെളുത്തിരിക്കുന ്നു
RSS feed for comments to this post